![vizhinjam port-1](https://img-cdn.thepublive.com/fit-in/1280x960/filters:format(webp)/sathyam/media/media_files/XXyTe4qGAy8TA8ffkYvW.jpg)
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന് നേരത്തേ വാഗ്ദാനം ചെയ്തിരുന്ന 817.8 കോടിയുടെ വയബിലിറ്റി ഗ്യാപ് ഫണ്ട് (വി.ജി.എഫ്) വായ്പയാക്കി മാറ്റുന്നതിലൂടെ തുറമുഖത്തു നിന്ന് സംസ്ഥാന സർക്കാരിന് കിട്ടുന്ന വരുമാനത്തിന്റെ 20ശതമാനം കൈക്കലാക്കാനാണ് കേന്ദ്രനീക്കം.
തൂത്തുക്കുടി തുറമുഖത്തിന് 1411.19കോടി വി.ജി.എഫായി അനുവദിച്ച കേന്ദ്രമാണ് വിഴിഞ്ഞത്തോട് ചിറ്റമ്മ നയം കാട്ടുന്നത്. ഇതിലൂടെ സംസ്ഥാനത്തിന്റെ വരുമാനത്തിൽ നിന്ന് 12000 കോടി രൂപ തിരിച്ചടയ്ക്കേണ്ടി വരുമെന്നാണ് സർക്കാർ കണക്കുകൂട്ടുന്നത്.
വായ്പയല്ലാതെ ഗ്രാന്റായി ഈ തുക അനുവദിക്കണമെന്ന് കേന്ദ്രത്തോട് പലവട്ടം ആവശ്യപ്പെട്ടിട്ടും ഫലമുണ്ടായിട്ടില്ല. വിഴിഞ്ഞത്തിന്റെ വി.ജി.എഫ് തിരിച്ചടവിൽ ഇളവ് നൽകാനാവില്ലെന്ന് പാർലമെന്റിലും കേന്ദ്രം വ്യക്തമാക്കി.
വിഴിഞ്ഞത്ത് ആദ്യഘട്ടത്തിൽ നിശ്ചയിച്ചിരുന്ന പദ്ധതിതുകയായ 4089കോടിയുടെ40% കേന്ദ്രവും സംസ്ഥാനവും വി.ജി.എഫ് ആയി അനുവദിക്കുമെന്നായിരുന്നു 10 വർഷം മുൻപേയുള്ള ധാരണ. കേന്ദ്രം 817.8കോടിയും സംസ്ഥാനം 817.18കോടിയും നൽകണം.
ഇത് പദ്ധതിത്തുകയുടെ40% വരും. ഇതിൽ 20% തുക കേന്ദ്രം മുടക്കുന്നതിനാൽ തുറമുഖത്തുനിന്ന് സംസ്ഥാനത്തിന് കിട്ടുന്ന വരുമാനത്തിന്റെ 20% നൽകണമെന്നാണ് കേന്ദ്രംഅന്നേ അറിയിച്ചിരുന്നത്.
ധനകാര്യമന്ത്രാലയത്തിലെ പിപിപിഎ സെൽ 2015ഫെബ്രുവരിയിൽ തുറമുഖ പ്രിൻസിപ്പൽസെക്രട്ടറിക്കയച്ച കത്തിലും ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. കേന്ദ്രസഹായമായി ലഭിക്കുന്ന തുക അടച്ചുതീരുംവരെ വരുമാനം പങ്കിടൽ തുടരണമെന്നാണ് വ്യവസ്ഥ. കമ്മിഷനിംഗിന് ശേഷമാണ് വി.ജി.എഫ് അദാനിക്ക് നൽകേണ്ടത്.
രണ്ടും മൂന്നും നാലും ഘട്ടങ്ങൾ 2028ഡിസംബറിൽ പൂർത്തിയാവുന്നതോടെ തുറമുഖത്തിന്റെ ശേഷി പ്രതിവർഷം 45ലക്ഷം കണ്ടെയ്നറുകളായി ഉയരും. ഇതോടെ 40വർഷത്തെ കരാർ കാലയളവിൽ 54,750 കോടി വരുമാനം പ്രതീക്ഷിച്ചിരുന്നത് 2,15,000കോടിയായി ഉയരും.
സംസ്ഥാന സർക്കാരിന് 35,000കോടി വരുമാന വിഹിതമായി ലഭിക്കും. ഇക്കാലയളവിൽ ജി.എസ്.ടിയിനത്തിൽ 29,000കോടി ലഭിക്കും.
പുറമെ കോർപ്പറേറ്റ്, പ്രത്യക്ഷ വരുമാന നികുതിയിലും വർദ്ധനവുണ്ടാകും. 36വർഷം കൊണ്ട് 48000കോടി സർക്കാരിന് കിട്ടുമെന്നാണ് വിലയിരുത്തൽ. 2034മുതൽ സർക്കാരിന് വരുമാനവിഹിതം ലഭിക്കും.
വിജിഎഫ് തിരിച്ചടയ്ക്കണമെന്ന കേന്ദ്രത്തിന്റെ ആവശ്യം പുനഃപരിശോധിച്ച് കേരളത്തെ സഹായിക്കണമെന്നാണ് കേരളം ആവശ്യപ്പെടുന്നത്. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായിവിജയൻ കേന്ദ്രധനമന്ത്രി നിർമല സീതാരാമന് കത്തയച്ചിരുന്നു.
തൂത്തുക്കുടി തുറമുഖത്തിന് കേന്ദ്രസർക്കാർ നൽകിയ അതേ പരിഗണന വിഴിഞ്ഞത്തിനും ഉണ്ടാവണമെന്നാണ് ആവശ്യം. പി.പി.പി (പൊതു സ്വകാര്യ സംയുക്ത സംരംഭം) വ്യവസ്ഥയിൽ രാജ്യത്ത് ആദ്യമായി വി.ജി.എഫ് ഗ്രാന്റ് അനുവദിച്ചു കിട്ടിയത് വിഴിഞ്ഞം തുറമുഖത്തിനാണ്.
അതാത് സമയത്തെ രൂപയുടെ വിനിമയ മൂല്യത്തിന്റെ അടിസ്ഥാനത്തിൽ (എൻ.പി.വി) ഈ ഗ്രാന്റ് സംസ്ഥാന സർക്കാർ തിരികെ അടയ്ക്കണമെന്നതായിരുന്നു വ്യവസ്ഥ. പദ്ധതിക്കായി ആകെ വേണ്ടിവരുന്ന 8867 കോടിയിൽ 5595 കോടി സംസ്ഥാന സർക്കാർ നിക്ഷേപം നടത്തുന്നുണ്ട്.
പരിമിത സാമ്പത്തിക സ്രോതസുള്ള കേരളം പോലൊരു ചെറിയ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി പരിഗണിക്കുമ്പോഴാണ് വിഴിഞ്ഞത്തിന്റെ കാര്യത്തിൽ കാട്ടിയ പ്രത്യേക താത്പര്യം ബോദ്ധ്യപ്പെടുക.
എൻ.പി.വി പ്രകാരം 817.80 കോടി രൂപയുടെ തിരിച്ചടവ് നടത്തുന്നതിലൂടെ സംസ്ഥാന ഖജനാവിന് 10,000 മുതൽ 12,000 വരെ നഷ്ടമാണ് ഉണ്ടാവുന്നത്. അതിനാലാണ് വി.ജി.എഫ് തിരിച്ചടവിന്റെ കാര്യത്തിൽ കേന്ദ്രത്തിന്റെ സഹായം തേടുന്നത്.
ഈ തുക ഗ്രാന്റായി തരണമെന്ന് കേന്ദ്ര ധനകാര്യമന്ത്രാലയത്തിന്റെ എംപവേഡ് കമ്മിറ്റി ശുപാര്‍ശ ചെയ്തിരുന്നതാണെന്ന് മന്ത്രി വി.എൻ വാസവൻ പറഞ്ഞു. പക്ഷേ, ആ തുക വായ്പയായേ തരൂ എന്ന നിലപാടാണ് ഇപ്പോള്‍ കേന്ദ്രം സ്വീകരിച്ചിട്ടുള്ളത്.
817.80 കോടി രൂപ തന്നാല്‍ 12,000 കോടിയോളം രൂപ നമ്മള്‍ തിരിച്ചടക്കേണ്ടി വരുമെന്ന രൂപത്തിലാണ് കരാര്‍. മുഖ്യമന്ത്രി കേന്ദ്ര ധനമന്ത്രിക്ക് കത്തയച്ചെങ്കിലും മറുപടി അനുകൂലമായിരുന്നില്ല.
നേരത്തേ തന്നെ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നതാണ്. അപ്പോള്‍ കേന്ദ്രം ആര്‍ബിട്രേഷന്‍ കേസൊക്കെ പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടു. കേസുകൾ തീർന്നിട്ടും നിഷേധ നിലപാടാണ് കേന്ദ്രത്തിന്റേത്- മന്ത്രി പറഞ്ഞു.