തിരുവനന്തപുരം കോര്‍പറേഷന്‍ പിടിച്ച ബിജെപി പണി തുടങ്ങി. തലസ്ഥാനത്തെ കണ്ണായ സ്ഥലത്തെ വമ്പന്‍ ഓഫീസിന് വി.കെ പ്രശാന്ത് എംഎല്‍എ നല്‍കുന്ന വാടക വെറും 871 രൂപ. നിയമസഭയില്‍ നിന്നും വാടകയിനത്തില്‍ കൈപ്പറ്റുന്നത് വന്‍ തുകയാണെന്നും തിരിച്ചു പിടിക്കണമെന്നും സ്പീക്കര്‍ക്ക് പരാതി. അധികാരമാറ്റത്തിന് പിന്നാലെ തലസ്ഥാനത്ത് സിപിഎം - ബിജെപി പോര് മൂക്കുന്നു

ഓഫീസ് കെട്ടിടത്തിന് ചെറിയ തുക വാടകയായി നൽകുകയും ഇതിനായി മറ്റൊരു വലിയ തുക നിയമസഭയിൽ നിന്ന് കൈപ്പറ്റുന്നത്  നിയമവിരുദ്ധവും സർക്കാറിന് നഷ്ട്ടമുണ്ടാക്കുന്ന പ്രവൃത്തിയുമെന്ന് അഡ്വ. കുളത്തൂർ ജയ്‌സിങ് പരാതിയിൽ ചൂണ്ടിക്കാട്ടി.

New Update
vk prasanth r sreelekha
Listen to this article
0.75x1x1.5x
00:00/ 00:00

തിരുവനന്തപുരം:തിരുവനന്തപുരം കോർപറേഷൻ ഭരണം ബിജെപി പിടിച്ചതിന് പിന്നാലെ, ഓഫീസ് മുറിയെ ചൊല്ലി ശാസ്തമംഗലം കൗൺസിലർ ആർ.ശ്രീലേഖയും വി.കെ.പ്രശാന്ത് എം.എൽ.എയും തമ്മിലുള്ള തർക്കത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തേക്ക്. 

Advertisment

കോർപറേഷൻ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന വട്ടിയൂർകാവ് എംഎൽഎയുടെ മണ്ഡല ഓഫിസ്‌ വാടക മാസം 871 രൂപയാണ്. നഗര മദ്ധ്യത്തിൽ 300 സ്ക്വയർ ഫീറ്റ് മുറിയാണ് തുച്ഛമായ നിരക്കിൽ നൽകിയിരിക്കുന്നത്. 


നിയമസഭയിൽ നിന്നും വാടകയിനത്തിൽ കൈപ്പറ്റുന്നത് വലിയതുകയാണെന്നും അന്വേഷണം വേണമെന്ന് സ്പീക്കർക്ക് പരാതി ലഭിച്ചു കഴിഞ്ഞു. എം.എൽ.എ ഓഫീസിന് ഇളവ് അനുവദിക്കാമെന്നും എന്നാൽ ഇത്തരത്തിൽ സ്വകാര്യവ്യക്തികൾക്ക് തുച്ഛമായ വാടകയ്ക്ക് കെട്ടിടങ്ങൾ നൽകിയിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്ന് മേയർ വി.വി രാജേഷ് വ്യക്തമാക്കി. 


ഇതോടെ നഗരത്തിൽ പേരിന് വാടക വാങ്ങിയും കാലങ്ങളായി കുടിശിക നൽകാതെയും പ്രവർത്തിക്കുന്ന കെട്ടിടങ്ങളുടെ കണക്കെടുക്കാനുള്ള നടപടികൾ കോർപറേഷനിൽ ആരംഭിച്ചു.

തിരുവനന്തപുരം കോർപറേഷന്റെ ശാസ്തമംഗലം ഹെൽത്ത് ഇൻസ്‌പെക്ടർ കാര്യാലയം പ്രവർത്തിക്കുന്ന കെട്ടിടത്തിലാണ് വി.കെ. പ്രശാന്ത് എം.എൽ.എ. യുടെ മണ്ഡലത്തിലെ  ഓഫീസ് പ്രവർത്തിക്കുന്നത്.  


വാടക കെട്ടിട ഇനത്തിൽ തിരുവനന്തപുരം കോർപറേഷന് മാസം തോറും 871 രൂപയാണ് അടച്ച് വരുന്നത്. ഈ തുകയിൽ കൂടുതൽ കെട്ടിട വാടക കാണിച്ച് നിയമസഭയിൽ നിന്ന് കൈപ്പറ്റി വരുന്നത് കുറ്റകരമാണെന്നാണ് പരാതിയിലുള്ളത്. 


വിഷയം വിവാദമായതോടെ പലയിനങ്ങളിലായി നൽകുന്ന അലവൻസുകൾ ഒരുമിച്ച് ചേർത്ത് ന്യായീകരണം നടത്തുവാൻ വി.കെ. പ്രശാന്ത് ശ്രമം നടത്തുന്നു.  

ഓഫീസ് കെട്ടിടത്തിന് ചെറിയ തുക വാടകയായി നൽകുകയും ഇതിനായി മറ്റൊരു വലിയ തുക നിയമസഭയിൽ നിന്ന് കൈപ്പറ്റുന്നത്  നിയമവിരുദ്ധവും സർക്കാറിന് നഷ്ട്ടമുണ്ടാക്കുന്ന പ്രവൃത്തിയുമെന്ന് അഡ്വ. കുളത്തൂർ ജയ്‌സിങ് പരാതിയിൽ ചൂണ്ടിക്കാട്ടി.

കോർപറേഷനിലെ അധികാരമാറ്റത്തിന് പിന്നാലെ തലസ്ഥാനത്ത് ബി.ജെ.പി - എൽ.ഡി.എഫ് പോര് മൂക്കുകയാണ്. 


കോർപറേഷൻെറ ശാസ്തമംഗലം ഹെൽത്ത് ഇൻസ്പെക്ടർ ഓഫീസ് കെട്ടിടത്തിൽ കൗൺസിലർ ഓഫീസിന് തൊട്ടടുത്ത മുറിയിൽ പ്രവർത്തിക്കുന്ന വി.കെ പ്രശാന്ത് എം.എൽ.എയുടെ ഓഫീസ് ഒഴിയാൻ കൗൺസിലർ ആർ.ശ്രീലേഖ ആവശ്യപ്പെട്ടതോടെയാണ് വിവാദങ്ങൾക്ക് തുടക്കമായത്. 


ബി.ജെ.പി പകയോടെ പ്രവർത്തിക്കുന്നുവെന്നും ശ്രീലേഖയ്ക്ക് ഡി.ജി.പിയായിരുന്നതിൻെറ അധികാര ഹുങ്കാണെന്നും സി.പി.എം ജില്ലാ സെക്രട്ടറി വി.ജോയ് കുറ്റപ്പെടുത്തി. സാമാന്യമര്യാദകേടാണെന്ന് മന്ത്രി എം.ബി.രാജേഷും പ്രതികരിച്ചതോടെ വിവാദം കടുത്തു.

പ്രശാന്തുമായി ഫോണിൽ സംസാരിച്ചത് വാർത്തയായത് എങ്ങനെയെന്ന് അറിയില്ലെന്ന് വ്യക്തമാക്കിയ ശ്രീലേഖ ശാസ്തമംഗലത്തെ ഓഫീസിൽ മാദ്ധ്യമങ്ങൾക്കൊപ്പമെത്തി കൗൺസിലർ ഓഫീസിൻെറ പരിമിതികൾ ചൂണ്ടിക്കാട്ടി. 


ഈ സാഹചര്യത്തിൽ എം.എൽ.എ ഓഫീസ് ഒഴിയാമോയെന്ന അഭ്യർത്ഥനയായിരുന്നു തൻേറതെന്നും വി.കെ പ്രശാന്ത് അനുജനാണെന്നും മറ്റു പ്രശ്നങ്ങളില്ലെന്നും മാദ്ധ്യങ്ങൾക്ക് മുന്നിൽ വച്ച് ഹസ്തദാനം നൽകികൊണ്ട് ശ്രീലേഖ പറഞ്ഞു. 


അഭ്യർത്ഥന ആയാലും യാചന ആയാലും ഇക്കാര്യം ആവശ്യപ്പെട്ട ഉടൻ സാധനങ്ങളുമെടുത്ത് പോകാൻ പറ്റുമോയെന്ന് വി.കെ പ്രശാന്തും ചോദിച്ചു. എം.എൽ.എ ഓഫീസിൻെറ വാടക കാലാവധി കഴിയുന്നത് വരെ താൻ ചെറിയ ഓഫീസിൽ തുടരാമെന്ന് നിലപാടെടുത്ത് ശ്രീലേഖ തന്നെ വിഷയം ശമിപ്പിച്ചു.

പിന്നാലെ മേയർ വി.വി രാജേഷ് വാർത്താസമ്മേളനം വിളിച്ച് വിഷയം ഇത്രത്തോളം രാഷ്ട്രീയവത്കരിക്കേണ്ട ആവശ്യമില്ലെന്ന നിലപാടെടുത്തു. എന്നാൽ എം.എൽ.എ ഓഫീസിൻെറ വാടക വിവരങ്ങളും പുറത്തുവിട്ടു.


എം.എൽ.എയ്ക്ക് ഓഫീസ് അലവൻസ് അഥവാ മണ്ഡലം അലവൻസ് ആയിട്ട് കിട്ടുന്നത് 25000 രൂപയാണ്. ടെലിഫോൺ അലവൻസ് - 11000 രൂപ, ഇന്‍ഫര്‍മേഷന്‍ അലവന്‍സ് 4000 രൂപ, സൽക്കാരത്തിനും മറ്റും 8000 രൂപ, യാത്രാബത്ത 20,000 രൂപ എന്നിവ ചേർക്കുമ്പോൾ മാസം 70,000 രൂപയാകും. 


എംഎൽഎമാർക്കു ശമ്പളം എന്ന പേരിൽ നൽകുന്നത് 2000 രൂപയാണ്. കേരളത്തിനകത്തും പുറത്തുമുള്ള റോഡ് യാത്രയ്ക്ക് കിലോമീറ്ററിന് 10 രൂപ യാത്രാബത്ത ഇനത്തിൽ കിട്ടും. ട്രെയിൻ യാത്ര: ഫസ്റ്റ് ക്ലാസ് എസി, കിലോമീറ്ററിന് ഒരു രൂപ കിട്ടും. വാഹനത്തിൽ ഇന്ധനം നിറയ്ക്കാൻ: വർഷം 3 ലക്ഷം രൂപയുണ്ട്. 

നിയമസഭാ സമ്മേളനം ഉൾപ്പെടെ ഔദ്യോഗിക യോഗങ്ങളിൽ പങ്കെടുക്കാൻ പ്രതിദിന അലവൻസ്: കേരളത്തിനകത്ത് 1000 രൂപ, പുറത്ത് 1200 രൂപ. യോഗങ്ങളിൽ പങ്കെടുക്കാൻ വിമാന യാത്രക്കൂലി: വർഷം 50,000 രൂപ. 

മെട്രോപ്പൊലിറ്റൻ നഗരങ്ങൾ സന്ദർശിക്കുമ്പോൾ നൽകുന്ന ആനുകൂല്യം: 3500 രൂപ. ചികിത്സച്ചെലവ് പൂർണമായി സർക്കാർ നൽകും. പലിശരഹിത വാഹന വായ്പ: 10 ലക്ഷം രൂപ വരെയുണ്ട്. ഭവന വായ്പ അഡ്വാൻസ്: 20 ലക്ഷം രൂപയുണ്ട്. 

പുസ്തകങ്ങൾ വാങ്ങാൻ വർഷം 15,000 രൂപയും കിട്ടും. ഇത് കൂടാതെ രണ്ട് സ്റ്റാഫിനെ നിയമിക്കാനും  അവർക്ക് ശമ്പളം എഴുതി എടുക്കാനും കഴിയും. ‌തുച്ഛമായ തുക വാടക നൽകിയാണ് കണ്ണായ സ്ഥലത്ത് ഓഫീസ് എം.എൽ.എ കൈയടക്കിയിരിക്കുന്നത്.

Advertisment