/sathyam/media/media_files/dTSzOeksX0BzxPvvGDGd.jpg)
തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട സുപ്രീം കോടതി നിലപാട് സ്വാഗതാർഹമെന്ന് ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവൻ. അയ്യപ്പ സംഗമവുമായി മുന്നോട്ട് പോകാനായി സഹായകരമായ നിലപാടാണ് സുപ്രീംകോടതിയുടേത്. ഇക്കാര്യത്തിൽ ഒരുതരത്തിലുള്ള വിവാദമോ പ്രതിഷേധമോ ഉണ്ടാക്കേണ്ട കാര്യമില്ല. അയ്യപ്പഭക്തർക്ക് ഒരേ അഭിപ്രായമാണുള്ളത്. രാഷ്ട്രീയക്കാർ ആരും തന്നെ ഈ വിഷയത്തിൽ ഇടപെട്ടിട്ടില്ലെന്നും മന്ത്രി വി എൻ വാസവൻ പറഞ്ഞു.
തിരുവിതാംകൂർ ദേവസ്വം ബോർഡിൻറെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് എടുത്ത തീരുമാനങ്ങളിൽ ഒന്നാണ് ആഗോള അയ്യപ്പ സംഗമം. സർക്കാർ അതിനായി എല്ലാ സഹായങ്ങളും ചെയ്തുകൊടുക്കും. ഭാവി വികസനത്തിനു വേണ്ടിയുള്ള കാഴ്ചപ്പാട് മുന്നോട്ടുവയ്ക്കുകയാണ് പ്രധാന ലക്ഷ്യം. ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുക്കുന്നതിനായി നിലവിൽ 5000ത്തിലധികം പേർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതിനിധികളുടെ എണ്ണം മുൻഗണനാക്രമത്തിൽ 3000 ആയി നിജപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
അതേസമയം, അയ്യപ്പ സംഗമം നടത്താമെന്നും ഹൈക്കോടതിയുടെ ഉത്തരവിൽ ഇടപെടാനില്ലെന്നുമാണ് സുപ്രീംകോടതി വ്യക്തമാക്കിയിരിക്കുന്നത്. ആഗോള അയ്യപ്പ സംഗമത്തിന്‍റെ ലക്ഷ്യത്തില്‍ നിന്ന് വ്യതിചലിക്കാന്‍ പാടില്ല എന്നും സുപ്രീംകോടതി ഉത്തരവില്‍ പറയുന്നു. മാത്രമല്ല സംഗമവുമായി ബന്ധപ്പെട്ട് എന്ത് പ്രശ്നം വന്നാലും ഉത്തരവാദിത്തം ദേവസ്വം ബോര്‍ഡിനായിരിക്കുമെന്നും പരാതിയുണ്ടെങ്കില്‍ ഹൈക്കോടതിയെ സമീപിക്കണം ഹൈക്കോടതിയുടെ നിബന്ധനകൾക്ക് വിധേയമായിട്ടായിരിക്കണം അയ്യപ്പ സംഗമം നടത്താന്‍ എന്നും സുപ്രീംകോടതി വ്യക്തമാക്കി.