/sathyam/media/media_files/2025/09/14/voters-list-2025-09-14-12-16-48.jpg)
തിരുവനന്തപുരം: കേരളത്തിൽ വോട്ടർ പട്ടികയിൽ തീവ്ര പരിഷ്കരണം നടപ്പാക്കിയാൽ നിലവിലുള്ള വോട്ടർമാരിൽ 25 ശതമാനത്തിലേറെപ്പേർ പുറത്താവുമെന്ന് വിലയിരുത്തൽ.
അന്യസംസ്ഥാനക്കാരായ പതിനായിരക്കണക്കിനാളുകൾക്ക് കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലും വോട്ടുണ്ട്. മാത്രമല്ല, വ്യാജ ആധാർ രേഖകളുമായി വോട്ടർ പട്ടികയിൽ കയറിക്കൂടിയ ബംഗ്ലാദേശികളടക്കം കേരളത്തിലുണ്ട്.
ഇവരെയെല്ലാം പൂർണമായി ഒഴിവാക്കും. കേരളത്തിൽ തന്നെ വിവിധ ജില്ലകളിൽ ഇരട്ട വോട്ടുള്ളവരെയും ഒഴിവാക്കുന്നതോടെ വോട്ടർപട്ടിക ശുദ്ധീകരിക്കപ്പെടും. ബീഹാറിലും തീവ്ര വോട്ടർപട്ടിക പരിഷ്കരണം നടപ്പാക്കിയപ്പോൾ 20ശതമാനത്തിലേറെപ്പേർ പുറത്തായിരുന്നു.
കൃത്യമായ പൗരത്വ രേഖകളില്ലാത്തതും ഇരട്ടവോട്ടുള്ളവരുമടക്കമുള്ളവരാവും വോട്ടർ പട്ടികയിൽ നിന്ന് പുറത്താക്കപ്പെടുക. ഇത് ജനാധിപത്യ പ്രക്രിയയെയും തിരഞ്ഞെടുപ്പിനെയും കൂടുതൽ സുതാര്യവും ശക്തവുമാക്കുമെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിലയിരുത്തൽ.
ബീഹാറിൽ നടപ്പാക്കിയ എസ്.ഐ.ആർ.എന്ന സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ അഥവാ തീവ്രവോട്ടർപട്ടിക പരിഷ്ക്കരണമാണ് കേരളത്തിലും നടപ്പാക്കുക.
നടപടികൾ മൂന്ന് മാസത്തിനുള്ളിൽ പൂർത്തിയാക്കും. അടുത്ത വർഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് പുതിയ വോട്ടർപട്ടികയുടെ അടിസ്ഥാനത്തിലായിരിക്കും. 2002ലെ വോട്ടർപട്ടികയിൽ 2,24,98941 പേരാണുള്ളത്.നിലവിൽ 2,78,24319 വോട്ടർമാരുണ്ട്.
തീവ്രപരിഷ്കരണം വരുന്നതോടെ നിലവിലുള്ള വോട്ടർപട്ടിക പൂർണ്ണമായി റദ്ദാക്കപ്പെടും. രേഖകളെല്ലാം പരിശോധിച്ചുറപ്പിച്ച് പുതിയ വോട്ടർപട്ടിക തയ്യാറാക്കും.
വോട്ടർ പട്ടികയിൽ പേര് ചേർക്കാനും ഉള്ളത് നിലനിറുത്താനും ഏതെങ്കിലും പൗരത്വരേഖ ഹാജരാക്കേണ്ടി വരും. മുൻകാലങ്ങളിലും തിരഞ്ഞെടുപ്പിന് മുൻപ് വോട്ടർപട്ടിക പരിഷ്കരിക്കാറുണ്ടെങ്കിലും അതിൽ മരിച്ചവരെ ഒഴിവാക്കുകയും യോഗ്യരായവരെ ഉൾപ്പെടുത്തുകയും മാത്രമാണ് ചെയ്യുക.
2002ലാണ് സംസ്ഥാനത്ത് അവസാനമായി എസ്.ഐ.ആർ.നടന്നത്. അത് അടിസ്ഥാനരേഖയായി പരിഗണിച്ചാണ് ഇത്തവണ എസ്.ഐ.ആർ.നടത്തുക. 2002ലെ പട്ടികയിൽ പേരുള്ളവർക്കെല്ലാം അത് ഉറപ്പാക്കാൻ പ്രത്യേകഫോറം ഓൺലൈനായി അയച്ചുകൊടുക്കുകയോ ബൂത്ത് ലെവൽ ഓഫീസർമാർ നേരിട്ട് കണ്ട് ഫോറം ഒപ്പിട്ട് വാങ്ങുകയോ ചെയ്യും.
അവർ പുതിയരേഖകൾ നൽകേണ്ടതില്ല. മറ്റ് എല്ലാവരും വോട്ടർപട്ടികയിൽ ഉൾപ്പെടുത്തുന്നതിന് ആധാർ ഉൾപ്പെടെ അംഗീകൃതമായ 12രേഖകളിൽ ഏതെങ്കിലും ഹാജരാക്കേണ്ടിവരും.എസ്.ഐ.ആറിൽ സംസ്ഥാനത്തെ അന്യസംസ്ഥാന തൊഴിലാളികളുടെ രേഖകളുടെ ആവർത്തിച്ചുള്ള പരിശോധന നടത്തും.
അവർക്ക് അവരുടെ സ്ഥലങ്ങളിൽ വോട്ടവകാശം ഇല്ലെന്ന് ഉറപ്പാക്കും.ബി.എൽ.ഒ.മാരുടെ വീടുകൾ സന്ദർശിച്ചുള്ള റിപ്പോർട്ടിന്റെയും രേഖകളുടേയും അടിസ്ഥാനത്തിൽ മാത്രമായിരിക്കും വോട്ടർപട്ടികയിൽ പേരുൾപ്പെടുത്തുക.
എസ്.ഐ.ആർ നടപ്പാക്കുന്നതിന് മുന്നോടിയായി പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് നിയമ സഭാ മണ്ഡലത്തിലെ 32നമ്പർ ബൂത്തിലും 9നമ്പർ ബൂത്തിലും പരീക്ഷണാടിസ്ഥാനത്തിൽ എസ്.ഐ.ആർ.നടത്തി.
2002ലെ വോട്ടർപട്ടികയിലെ 80%പേരും അതിൽ ഉൾപ്പെടുത്തപ്പെട്ടു. എസ്.ഐ.ആറിന് മുന്നോടിയായി 20ന് സംസ്ഥാനത്തെ രാഷ്ട്രീയപാർട്ടികളുടെ യോഗം ഇലക്ഷൻകമ്മിഷൻ വിളിച്ചിട്ടുണ്ട്. 15ന് 2002ലെ വോട്ടർപട്ടികയും നിലവിലെ വോട്ടർപട്ടികയുമായി ഡിജിറ്റൽതാരതമ്യം നടത്തും.
അതിലെ റിപ്പോർട്ട് ബൂത്ത് ലെവൽ ഒാഫീസർമാർക്ക് കൈമാറും.അതിന്റെ അടിസ്ഥാനത്തിൽ അവർ 19ന് മുമ്പ് അതത് ബൂത്തുകളിലെ 2002ലെ വോട്ടർപട്ടികയും നിലവിലെ പട്ടികയുമായി താരതമ്യം നടത്തും.
ബി.എൽ.ഒ.മാരുടെ പരിശീലനം,ഡാറ്റാശേഖരണം, സർക്കാർതലചർച്ചകൾ, ആവശ്യമായ രേഖകൾ ലഭ്യമാക്കൽ, വിതരണം എന്നിവയും പൂർത്തിയാക്കിയിട്ടുണ്ട്. 100ശതമാനം സാക്ഷരതയും ഡിജിറ്റൽ സാക്ഷരതയും 4ജി.നെറ്റ് വർക്കും ഉള്ള കേരളത്തിൽ ബീഹാറിലെ അത്രയും പ്രശ്നങ്ങളുണ്ടാകില്ലെന്നാണ് ഇലക്ഷൻ കമ്മിഷന്റെ പ്രതീക്ഷ.
വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ നൽകാവുന്ന രേഖകൾ ഇവയാണ്-
പാസ്പോർട്ട്, ജനനസർട്ടിഫിക്കറ്റ്, ദേശീയ പൗരത്വരജിസ്റ്റർ,താമസസർട്ടിഫിക്കറ്റ്,ജാതി സർട്ടിഫിക്കറ്റ്, എസ്.എസ്.എൽ.സി.ബുക്ക്,പെൻഷൻഉത്തരവ്,ഭൂമിയുടെ ഉടമസ്ഥാവകാശരേഖ, സർക്കാർ, പൊതുമേഖലാ സ്ഥാപനത്തിലെ ജോലിരേഖ,തദ്ദേശസ്ഥാപനം നൽകുന്ന കുടുംബസർട്ടിഫിക്കറ്റ്, വനാവകാശരേഖ,ആധാർ