അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു; 4.24 ലക്ഷം പുതുവോട്ടർമാർ ചേർന്നപ്പോൾ ഒഴിവാക്കപ്പെട്ടത് 13 ലക്ഷം പേർ. മാർച്ച് രണ്ടാം വാരത്തിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപന സാധ്യത. ഒരുക്കങ്ങൾ വേഗത്തിലാക്കി സർക്കാർ

New Update
voters list renewal

തിരുവനന്തപുരം: തീവ്രവോട്ടർ പട്ടിക പരിഷ്കരണം കഴിഞ്ഞ് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചതോടെ സംസ്ഥാനം നിയമസഭാ തിരഞ്ഞെടുപ്പിന് തയ്യാറായിരിക്കുന്നു.

Advertisment

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണറോ സഹ കമ്മീഷണർമാരോ സംസ്ഥാനം സന്ദർശിച്ച് നേരിട്ട് ഒരുക്കങ്ങൾ വിലയിരുത്തിയാൽ ഏത് ദിവസവും തിരഞ്ഞെടുപ്പ് പ്രഖ്യാപനം വരാം.


കേരളത്തോടൊപ്പം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചിമ ബംഗാൾ, ആസാം, പുതുച്ചേരി, തമിഴ് നാട് സംസ്ഥാനങ്ങൾക്ക് ഒപ്പമേ കേരളത്തിലെ തിരഞ്ഞെടുപ്പ് തീയതിയും പ്രഖ്യാപിക്കുകയുളളു.


അന്തിമ വോട്ടർ പട്ടികയിൽ അപ്പീൽ സമർപ്പിക്കാനുളള സമയവും തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിനിടെ വോട്ടർപട്ടികയിൽ പേര് ചേർക്കാൻ സാധിക്കാതെ പോയ 18 വയസ് തികഞ്ഞവർക്ക് വോട്ടുചേർക്കാനുളള അവസരം കൂടി കഴിഞ്ഞേ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടാകുവെന്നാണ് സർക്കാരിൻെറ പ്രതീക്ഷ.

മാർച്ച് രണ്ടാം വാരത്തോടെ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് സർക്കാർ മുന്നോട്ട് പോകുന്നത്.തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുൻപ് പരമാവധി കാര്യങ്ങൾ ചെയ്ത് തീർക്കാനാണ് സർക്കാരിൻെറ പരിശ്രമം.


സംസ്ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർ പട്ടികയിൽ 26953644 വോട്ടർമാരാണുളളത്.


1316048 പുരുഷ വോട്ടർമാരും 13827319 സ്ത്രീ വോട്ടർമാരും 227 ട്രാൻസ്ജെൻറർമാരുമാണ് അന്തിമ വോട്ടർ പട്ടികയിൽ ഉളളത്.ജനുവരി 21ന് പ്രസിദ്ധീകരിച്ച കരട് വോട്ടർപട്ടികയിൽ  2,54,42,352 വോട്ടർമാരാണ് ഉണ്ടായിരുന്നത്.

മരണപ്പെട്ടവർ, വിദേശ പൗരത്വം സ്വീകരിച്ചവർ ഉൾപ്പെടെ 53229 പേർ കൂടി ഹിയറിങ്ങിനു ശേഷം വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കി.


വിശദമായി പരിശോധിക്കുമ്പോൾ ഏദേശം 13 ലക്ഷത്തോളം പേർ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടിട്ടുണ്ട് എന്നാണ് കണക്കാക്കപ്പെടുന്നത്.


ഡിസംബറിൽ പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടികയിൽ 24 ലക്ഷം പേരാണ് പുറത്തായിരിക്കുന്നത്.വോട്ടർ ഐ.ഡി, പേര്, മൊബൈൽ നമ്പർ എന്നിവ ഉപയോഗിച്ച് പേര് ഉൾപ്പെട്ടിട്ടുണ്ടോ എന്ന് ബൂത്ത് അടിസ്ഥാനത്തിൽ പരിശോധിക്കാവുന്നതാണ്.

പ്രതിഷേധങ്ങൾക്കും ചർച്ചകൾക്കും ഒടുവിലാണ് തീവ്ര വോട്ടർ പട്ടിക പരിഷ്കരണം പൂർത്തിയാക്കി നിയമസഭാ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർ പട്ടിക ഇന്ന് പ്രസിദ്ധീകരിച്ചത്.  

2.23 ലക്ഷം പ്രവാസി വോട്ടർമാരും, 4.24 ലക്ഷം പുതിയ വോട്ടർമാർമാരും അന്തിമ വോട്ടർ പട്ടികയിൽ ഇടം നേടി.

Advertisment