സ്ഥാനാർത്ഥികളെ താത്പര്യമില്ലെങ്കിൽ  'നോട്ട' യ്ക്ക് വോട്ടുചെയ്യാൻ ഇത്തവണ സംവിധാനമില്ല. പകരം എൻഡ് ബട്ടൺ. ഒരു വോട്ട് ചെയ്യാനേ താത്പര്യമുള്ളെങ്കിൽ എൻഡ് ബട്ടൺ അമർത്തി മതിയാക്കാം. നോട്ട വരണമെങ്കിൽ ചട്ട ഭേദഗതി വേണം. ചെറിയ ഭൂരിപക്ഷം മാത്രമുണ്ടാവുന്ന തദ്ദേശ അങ്കത്തിൽ നോട്ട ഉണ്ടായിരുന്നെങ്കിൽ സ്ഥാനാർത്ഥികൾക്ക് ഭീഷണിയായേനെ. കള്ളവോട്ട് ചെയ്താൽ ഒരുകൊല്ലം തടവെന്ന് മുന്നറിയിപ്പ്

New Update
nota

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ടിംഗ് യന്ത്രത്തിൽ 'നോട്ട' ബട്ടൺ ഇല്ല. വോട്ട് ആർക്കാണ് ചെയ്തതെന്ന് പ്രിന്റ് വോട്ടിംഗ് യന്ത്രത്തിൽ നിന്ന് പുറത്തേക്ക് വരുന്ന വിവിപാറ്റ് രസീതുമുണ്ടാവില്ല.

Advertisment

തിര‌ഞ്ഞെടുപ്പിൽ ഒരു സ്ഥാനാർത്ഥിയോടും താത്പര്യമില്ലാത്തവർക്ക് അവരുടെ വിയോജിപ്പ് പ്രകടിപ്പിക്കാൻ വോട്ടിംഗ് മെഷീനിലുള്ള ബട്ടൺ ആണ് നോട്ട.


നോട്ടയ്ക്ക് പകരം എൻഡ് ബട്ടണുണ്ടാവും. ത്രിതല പഞ്ചായത്തിൽ (ജില്ല, ബ്ലോക്ക്, ഗ്രാമം) ഏതെങ്കിലും ഒരു തലത്തിലെ സ്ഥാനാർത്ഥിക്കു മാത്രമേ വോട്ട് ചെയ്യാൻ താത്പര്യമുള്ളുവെങ്കിൽ അതുമാത്രം ചെയ്ത് മറ്റുള്ളവ ഒഴിവാക്കാനാണ് എൻഡ് ബട്ടൺ.


ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥിക്കുമാത്രമേ വോട്ട് ചെയ്യാൻ താത്പര്യമുള്ളൂവെങ്കിൽ അതുമാത്രം ചെയ്ത് എൻഡ് ബട്ടൺ അമർത്താം. സമാന രീതി തന്നെയാണ് മറ്റു രണ്ടു തലങ്ങളിലും.

ഒരു തലത്തിൽ മാത്രം വോട്ട് ചെയ്ത് എൻഡ് ബട്ടൺ അമർത്താതിരുന്നാൽ പോളിംഗ് ഉദ്യോഗസ്ഥൻ ബട്ടൺ അമർത്തി യന്ത്രം സജ്ജീകരിക്കും.

s.1764953468

ലോക്സഭ, നിയമസഭാ തിരഞ്ഞെടുപ്പിലാണ് 'നോട്ട' (നൺ ഓഫ് ദി എബൗ) സൗകര്യമുള്ളത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് നോട്ടയ്ക്ക് ലഭിച്ചത് 1,58,376 വോട്ടുകൾ. ആകെ വോട്ടുകളുടെ 0.7 ശതമാനം.

ഏറ്റവും കൂടുതൽ ആലത്തൂരിൽ- 12,033. പഞ്ചായത്തീരാജ്, മുനിസിപ്പാലിറ്റി നിയമപ്രകാരം നടത്തുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ നോട്ട ഉൾപ്പെട്ടിട്ടില്ല. അത് വേണമെങ്കിൽ നിയമങ്ങളും അനുബന്ധ ചട്ടങ്ങളും ഭേദഗതി ചെയ്യണം.


വോട്ടിംഗ് യന്ത്രത്തിൽ 'നോട്ട' ഉൾപ്പെടുത്താൻ 2013ൽ സുപ്രീംകോടതിയാണ് ഉത്തരവിട്ടത്. 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിലാണ് കേരളത്തിൽ ആദ്യമായി നോട്ട വന്നത്.


ലോക്സഭ, നിയമസഭാ തിരഞ്ഞെടുപ്പില്‍ ബാലറ്റില്‍ സ്ഥാനാര്‍ഥികള്‍ക്കൊപ്പം നോട്ടയുമുണ്ട്. 2014-ലെ ലോക്സഭാ തിരഞ്ഞെടുപ്പിലാണ് കേരളത്തില്‍ ആദ്യമായി നോട്ട വന്നത്.

2,10,563 പേരാണ് അന്ന് നോട്ടയ്ക്ക് വോട്ടുചെയ്തത്. ഇന്ത്യ, ഗ്രീസ്, അമേരിക്ക, യുക്രൈന്‍, സ്‌പെയിന്‍ തുടങ്ങി ചില രാജ്യങ്ങളില്‍ ഈ സംവിധാനം നിലവിലുണ്ട്.
 
കള്ളവോട്ടിനെതിരേ കർശന നടപടിയുണ്ടാവുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഒന്നിലധികം വോട്ട് ചെയ്യുന്നതും, ആൾമാറാട്ടം നടത്തുന്നതും ശിക്ഷാർഹമാണ്.


ഏതെങ്കിലും കാരണവശാൽ ഒരാളുടെ പേര് ഒന്നിലധികം വോട്ടർപട്ടികകളിലോ, ഒരു വോട്ടർപട്ടികയിൽ തന്നെ ഒന്നിലധികം പ്രാവശ്യമോ ഉൾപ്പെട്ടിട്ടുണ്ടെങ്കിലും ഒരു വോട്ട് മാത്രമേ ചെയ്യാൻ പാടുള്ളൂ.


ഒരാളുടെ പേര് ഒന്നിലധികം പ്രാവശ്യം  ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ പോലും അയാൾ ഒന്നിലധികം വോട്ട് ചെയ്യുന്നത് കുറ്റകരമാണ്. അവർക്കെതിരെ കർശനനിയമനടപടി സ്വീകരിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ അറിയിച്ചു.

അതുപോലെ വോട്ടു ചെയ്യാൻ ഹാജരാകാത്തവരുടെയും മരണപ്പെട്ടവരുടെയും സ്ഥലത്തില്ലാത്തവരുടെയും വോട്ട് ആൾമാറാട്ടത്തിലൂടെ രേഖപ്പെടുത്തുന്നവർ ക്കെതിരെയും കർശന നിയമനടപടി സ്വീകരിക്കും.

അത്തരം കുറ്റക്കാരെ പോലീസിന് കൈമാറും. കുറ്റക്കാരൻ ഭാരതീയ ന്യായസംഹിതയിലെ 174 വകുപ്പ് പ്രകാരം ഒരു വർഷം വരെ തടവുശിക്ഷയ്ക്കും പിഴശിക്ഷയ്ക്കും അർഹനാണ്.

Advertisment