കരുവന്നൂര്‍ കേസിൽ പുനരന്വേഷണം വേണമെന്ന് കോണ്‍ഗ്രസ്. സുരേഷ് ഗോപിക്ക് തൃശൂര്‍ എടുത്തുകൊടുക്കാനുള്ള സിജെപി പാക്കേജെന്ന് വി.ടി ബല്‍റാം. സിപിഎം നേതാക്കള്‍ക്കെതിരെ ഗുരുതര ആരോപണം

New Update
vt balram

തൃശൂര്‍: കരുവന്നൂര്‍ ബാങ്ക് കുംഭകോണമടക്കമുള്ള തൃശൂരിലെ സഹകരണ ബാങ്ക് തട്ടിപ്പുകള്‍ സിപിഎം നേതാക്കളുടെ അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ടുവെന്ന് ആരോപിച്ച് കോണ്‍ഗ്രസ് നേതാവ് വി.ടി. ബല്‍റാം. 

Advertisment

ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് പുനരന്വേഷണാവശ്യവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയത്. സുരേഷ് ഗോപിക്ക് തൃശൂര്‍ സീറ്റ് “എടുത്തുകൊടുക്കാന്‍” ബിജെപിയും സിപിഎവും തമ്മില്‍ നടത്തിയ ധാരണയുടെ ഭാഗമായാണ് അന്വേഷണത്തില്‍ അട്ടിമറി നടന്നതെന്നും ബല്‍റാം ആരോപിച്ചു.


ഡിവൈഎഫ്‌ഐ തൃശൂര്‍ ജില്ലാ സെക്രട്ടറി ശരത് പ്രസാദ് പുറത്തുവിട്ട ശബ്ദരേഖയിലാണ് സിപിഎം നേതാക്കള്‍ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്നിരിക്കുന്നത്.


എം.കെ. കണ്ണന്‍, എ.സി. മൊയ്തീന്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ കോടികള്‍ വിലമതിക്കുന്ന സ്വത്ത് സമ്പാദിച്ചിട്ടുണ്ടെന്നും രാഷ്ട്രീയത്തിലൂടെ സാമ്പത്തിക നേട്ടം കൊയ്യുന്ന രീതിയെക്കുറിച്ചും ശരത് പരാമര്‍ശിക്കുന്നു.

ഇതിന് മറുപടിയായി എം.കെ. കണ്ണന്‍ ആരോപണങ്ങളെ പൂര്‍ണമായും തള്ളി.


“എനിക്ക് ഒരു ബാങ്കിലും നൂറ് രൂപയ്ക്ക് മുകളില്‍ അക്കൗണ്ടിലില്ല. ഇഡി അന്വേഷിച്ചിട്ടും ഒന്നും കണ്ടെത്താനായില്ല. കഴിഞ്ഞ അന്‍പത് വര്‍ഷത്തെ അക്കൗണ്ടുകളും ബന്ധുക്കളുടെ അക്കൗണ്ടുകളും പരിശോധിച്ചിട്ടും കുറ്റപത്രം നല്‍കാന്‍ കഴിഞ്ഞിട്ടില്ല. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ ആളാണ് ഈ ശബ്ദരേഖ പുറത്ത് വിട്ടത്.” – എം.കെ. കണ്ണന്‍.


കരുവന്നൂര്‍ ബാങ്ക് കേസില്‍ ഇഡി അന്വേഷണത്തിന് ശേഷം സിപിഎം നിയന്ത്രണത്തിലുള്ള മറ്റ് ബാങ്കുകളിലെ അന്വേഷണങ്ങളില്‍ നിന്ന് പിന്‍വാങ്ങിയതും സിപിഎം നേതാക്കളുടെ വ്യക്തിപരമായ ഉത്തരവാദിത്വം ഒഴിവാക്കി കേസ് മുന്നോട്ടുപോകുന്നതും ഗൗരവകരമാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

 മുഖ്യ ആരോപണങ്ങള്‍:

➡️ കരുവന്നൂര്‍ ഉള്‍പ്പെടെ ബാങ്ക് തട്ടിപ്പുകള്‍ക്ക് സിപിഎം നേതൃത്വം പങ്കാളികളാണ്.

➡️ എം.കെ. കണ്ണന്‍, എ.സി. മൊയ്തീന്‍ തുടങ്ങിയവര്‍ കോടികളുടെ സ്വത്ത് സമ്പാദിച്ചു.

➡️ ബിജെപി–സിപിഎം ധാരണയുടെ ഭാഗമായി അന്വേഷണം ദുര്‍ബലപ്പെടുത്തി.

വിടി ബല്‍റാമിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

'തൃശൂര്‍ റൗണ്ടില്‍ കപ്പലണ്ടിക്കച്ചവടം നടത്തിയിരുന്ന കണ്ണേട്ടനൊക്കെ ഇപ്പോ കോടാനുകോടി ആസ്തിയുണ്ട്.' ...

'എ.സി.മൊയ്തീനൊക്കെ കോടികളുടെ ഡീലിംഗുകളാണ് നടത്തുന്നത്'...

ഡിവൈഎഫ്‌ഐ തൃശൂര്‍ ജില്ലാ സെക്രട്ടറി ശരത് പ്രസാദ് പേരെടുത്ത് പറയുന്ന സിപിഎം നേതാക്കള്‍ മുന്‍ മന്ത്രി എ.സി.മൊയ്തീന്‍ എംഎല്‍എ, എം.കെ.കണ്ണന്‍ എക്‌സ് എംഎല്‍എ , കൗണ്‍സിലര്‍ വര്‍ഗീസ് കണ്ടംകുളത്തി, അനൂപ് ഡേവിസ്, എന്നിങ്ങനെ ഏതാണ്ടെല്ലാവരും കരുവന്നൂര്‍ ബാങ്ക് അടക്കമുള്ള വിവിധ സഹകരണ ബാങ്ക് തട്ടിപ്പുകളുമായി ബന്ധപ്പെട്ട് ആരോപണ വിധേയരാണ്.

നാലഞ്ച് വര്‍ഷം മുന്‍പ് നടന്ന ഫോണ്‍ സംഭാഷണമാണ് ഇതെന്ന് പറഞ്ഞൊഴിയുകയാണ് ഇപ്പോള്‍ ഡിവൈഎഫ്‌ഐ നേതാവ്. എന്നാല്‍ കരുവന്നൂര്‍ അടക്കമുള്ള തൃശൂരിലെ സഹകരണ ബാങ്ക് കുംഭകോണങ്ങളും ഏതാണ്ട് അതേ കാലത്ത് തന്നെയാണ് നടന്നതെന്ന് ഓര്‍ക്കണം. കരുവന്നൂര്‍ ബാങ്ക് കുംഭകോണത്തേക്കുറിച്ച് അന്വേഷിക്കാനെത്തിയ കേന്ദ്ര ഏജന്‍സി അതിന്റെ തുടര്‍ച്ചയായി സിപിഎം നിയന്ത്രണത്തിലുള്ള മറ്റ് പന്ത്രണ്ടോളം ബാങ്കുകളിലെ തട്ടിപ്പിനേക്കുറിച്ചും അന്വേഷണം തുടങ്ങിയിരുന്നു. എന്നാല്‍ ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ അതില്‍ നിന്നെല്ലാം കേന്ദ്ര ഏജന്‍സിയായ ഇ.ഡി. പിന്‍വലിഞ്ഞതാണ് നാം കണ്ടത്. കരുവന്നൂര്‍ ബാങ്ക് കേസില്‍ മാത്രമാണ് ഇ.ഡി. കുറ്റപത്രം നല്‍കിയത്. സിപിഎം നേതാക്കളുടെ വ്യക്തിപരമായ ബാധ്യത ഒഴിവാക്കിക്കൊടുക്കുന്ന രീതിയിലാണ് ഇപ്പോള്‍ കേസ് മുന്നോട്ടുപോവുന്നത്.

സുരേഷ് ഗോപിക്ക് തൃശൂര്‍ എടുത്തുകൊടുക്കാനുള്ള സി.ജെ.പി. പാക്കേജിന്റെ ഭാഗമായിരുന്നു പൂരം കലക്കലിനും വോട്ടര്‍ പട്ടിക കൃത്രിമത്തിനുമൊപ്പം ഈ അഴിമതി അന്വേഷണ അട്ടിമറിയും. സിപിഎമ്മിന്റേയും ബിജെപിയുടേയും ഉന്നത നേതാക്കളുടെ അറിവിലും ഒത്താശയിലുമാണ് ഇക്കാര്യങ്ങളെല്ലാം നടന്നത്.

DYFI ജില്ലാ സെക്രട്ടറിയുടെ ഈ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ കരുവന്നൂര്‍ ബാങ്ക് കുംഭകോണമടക്കമുള്ള വിവിധ ബാങ്ക് തട്ടിപ്പുകളും തൃശൂരിലെ സിപിഎം നേതാക്കളുടെ അനധികൃത സ്വത്ത് സമ്പാദനവും ഊര്‍ജ്ജിതവും സത്യസന്ധവുമായ പുനരന്വേഷണത്തിന് വിധേയമാക്കണം.

Advertisment