ബില്ലുകൾ ഒപ്പിടുന്നതിനുള്ള സമയപരിധി ഒഴിവാക്കിയത് ഗവർണർമാരുടെ അമിതാധികാര പ്രയോഗത്തിന് വഴിയൊരുക്കും - വെൽഫെയർ പാർട്ടി

New Update
welfare party
തിരുവനന്തപുരം: നിയമനിർമാണ സഭകൾ പാസാക്കിയ ബില്ലുകൾ ഒപ്പിടുന്നതിന് രാഷ്ട്രപതിക്കും ഗവർണർമാർക്കും സമയപരിധി നിശ്ചയിച്ചുള്ള സുപ്രീംകോടതി രണ്ടംഗ ബെഞ്ചിൻ്റെ മുൻ ഉത്തരവ് റദ്ദ് ചെയ്ത ഭരണഘടന ബെഞ്ച് വിധി ഗവർണർമാർക്ക് വീണ്ടും അമിതാധികാര പ്രയോഗം നടത്തുന്നതിന് അവസരമാകുമെന്ന് ആശങ്കിക്കുന്നുവെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി സുരേന്ദ്രൻ കരിപ്പുഴ.
Advertisment
സംഘ്പരിവാറുകാരായ ഗവർണർമാരെ ഉപയോഗിച്ച് ബി.ജെ.പിയിതര പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളെ വരുതിയിൽ കൊണ്ടുവരാൻ കേന്ദ്ര ബിജെപി സർക്കാർ നടത്തുന്ന ശ്രമങ്ങളെ റദ്ദ് ചെയ്യുന്നതായിരുന്നു സുപ്രീംകോടതിയുടെ മുൻവിധി. ആ വിധി റദ്ദ് ചെയ്യപ്പെട്ടത് ഫെഡറലിസത്തെ അല്പം പോലും മാനിക്കാത്ത കേന്ദ്രസർക്കാർ ദുരുപയോഗിക്കാൻ സാധ്യതയുണ്ട്.
ബില്ലുകൾ ഗവർണർമാർ കാരണമില്ലാതെ തടഞ്ഞുവെക്കുന്നത് ഭരണഘടന വിരുദ്ധമാണെന്ന് സുപ്രീംകോടതി ഇന്നത്തെ ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. നിയമസഭ പാസാക്കിയ ബില്ല് അഭിപ്രായ വ്യത്യാസമുണ്ടെങ്കിൽ ഗവർണർ അനന്തമായി പിടിച്ചുവെക്കാതെ രാഷ്ട്രപതിക്ക് അയക്കുകയോ, നിയമസഭയുടെ പരിഗണനയിലേക്ക് വീണ്ടും അയക്കുകയോ ചെയ്യണമെന്നും നിയമസഭ വീണ്ടും പാസാക്കി തിരിച്ചയച്ചാൽ ഗവർണർമാർ നിർബന്ധമായും ഒപ്പിടണമെന്നും സുപ്രീംകോടതി നിർദേശിക്കുന്നുണ്ടെങ്കിലും ഈ നടപടിക്രമങ്ങൾക്ക് സമയപരിധികൾ ഇല്ലാത്തത് സംസ്ഥാന ഭരണകൂടങ്ങളെ നിസ്സഹായമാക്കുന്നതിന് കാരണമാകും.
 അനന്തമായി ബില്ലുകൾ തടയപ്പെട്ടാൽ സംസ്ഥാനങ്ങൾക്ക് കോടതിയെ സമീപിക്കാമെന്ന് സുപ്രീംകോടതി പറയുന്നുണ്ടെങ്കിലും ഇത് കൂടുതൽ നിയമ യുദ്ധങ്ങൾക്ക് വഴിതുറക്കാൻ സാധ്യതയുണ്ട്. ഇത് ദീർഘമായ ഭരണസ്തംഭനങ്ങളിലേക്ക് നയിക്കുമെന്നും സുരേന്ദ്രൻ കരിപ്പുഴ ചൂണ്ടിക്കാട്ടി. നിയമ യുദ്ധങ്ങളും ഭരണസ്തംഭനങ്ങളും ഒഴിവാക്കും വിധമുള്ള കൃത്യത വരുത്തുന്ന വിധിയായിരുന്നു സുപ്രീംകോടതിയിൽ നിന്നും ഉണ്ടാകേണ്ടിയിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Advertisment