തിരുവനന്തപുരം: കേന്ദ്ര സർക്കാർ വഖഫ് ബിൽ പാസാക്കി നൂറു ദിവസം മൂന്ന് ദിനങ്ങൾ ബാക്കി നിൽക്കേ മുനമ്പം നിവാസികളുടെ പ്രശ്‌നത്തിന് ഇതുവരെ ശാശ്വത പരിഹാരമായിട്ടില്ല. മുനമ്പത്തെ 614 കുടുംബങ്ങളുടെ ഭുമിക്കുമേൽ വഖഫ് ബോർഡ് അവകാശവാദം ഉന്നയിച്ചതോടെയാണ് റവന്യൂ അവകാശങ്ങൾ പുന:സ്ഥാപിച്ചു കിട്ടണമെന്നാവശ്യപ്പെട്ട് നാട്ടുകാർ അനിശ്ചിതകാല സമരം ആരംഭിച്ചത്.
മുനമ്പം നിവാസികളുടെ ഭൂമി ഫാറൂഖ് കോളേജിന് വഖഫ് ചെയ്തു കൊടുത്തതാണെന്നായിരുന്നു ബോർഡിന്റെ അവകാശവാദം. എന്നാൽ ഇത് തങ്ങൾ വില കൊടുത്ത വാങ്ങിയ ഭൂമിയാണെന്നും അതുകൊണ്ട് തന്നെ ഭൂമി വിട്ട് പോകാനാവില്ലെന്നും മുനമ്പം നിവാസികൾ വ്യക്തമാക്കി. ഇതോടെ സമരം കടുത്തു.
മുനമ്പത്ത് താമസിക്കുന്നവരിൽ ഏറെ പേരും ലത്തീൻ കത്തോലിക്ക സഭാ വിഭാഗത്തിൽപ്പെട്ടവർ ആയതുകൊണ്ട് വിവിധ ക്രൈസ്തവ സഭാ വിഭാഗങ്ങൾ അവരുടെ സമരത്തിന് പിന്തുണയും നൽകി. ഇതോടെ ക്രൈസ്തവ- മുസ്ലീം തർക്കമായി ഇത് ചിത്രീകരിക്കപ്പെടുകയായിരുന്നു.
വിഷയത്തിൽ പ്രശ്ന പരിഹാരത്തിനായി സംസ്ഥാന സർക്കാർ നേരിട്ട് ഇടപെടാതെ വന്നതോടെ രാഷ്ടീയ നേട്ടം കൊയ്യാൻ വർഗീയത് മറയാക്കി ബി.ജെ.പി രംഗത്തിറങ്ങി. കേന്ദ്രമന്ത്രി സുരേഷ് ഗോപി നേരിട്ട് സമരപ്പന്തലിലെത്തി കേന്ദ്ര സർക്കാരിന്റേയും ബി.ജെ.പിയുടേയും പിന്തുണ സമരസമിതിക്ക് വാഗ്ദാനം ചെയ്തു.
വഖഫ് ബില്ല് പാസായാൽ പിറ്റേന്ന് തന്നെ മുനമ്പം ഭുമി പ്രശ്നത്തിന് പരിഹാരമുണ്ടാകുമെന്ന് മിക്ക ബി.ജെ.പി നേതാക്കളും നാട്ടുകാർക്ക് വാഗ്ദാനം നൽകി. ഇതിൽ ചില ക്ത്രൈവ സഭാ നേതൃത്വവും വീഴുകയായിരുന്നു.
വഖഫ് ഭേദഗതി ബിൽ പാർലമെന്റിൽ അവതരിപ്പിച്ചപ്പോൾ കേരള കത്തോലിക്കാ മെത്രാൻ സമിതി അടക്കമുള്ളവർ ബില്ലിന് അനുകൂലമായി വോട്ടുചെയ്യാൻ സംസ്ഥാനത്തു നിന്നുള്ള കോൺഗ്രസ് എം.പിമാരോട് ഔദ്യോഗികമായി തന്നെ ആവശ്യപ്പെടുകയും ചെയ്തു.
ഭേദഗതി ബിൽ പാസായാൽ മുനമ്പത്തെ പ്രശ്നങ്ങൾ പരിഹരിച്ച് കിട്ടുമെന്ന തെറ്റിദ്ധാരണയിൽ ആയിരുന്നു ഈ ആഹ്വാനം. വഖഫ് ബിൽ പാസായ ശേഷം കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രി കിരൺ റിജിജു മുനമ്പം സന്ദർശിച്ചു. മുനമ്പത്ത് അദ്ദേഹത്തിന് വൻ വരവേൽപ്പാണ് ബി.ജെ.പി ഒരുക്കിയത്. എന്നാൽ അദ്ദേഹം നടത്തിയ പത്രസമ്മേളനത്തിലാണ് കാര്യങ്ങളുടെ നിജസ്ഥിതി നാട്ടുകാർക്ക് ബോധ്യപ്പെട്ടത്.
വഖഫ് ഭേദഗതിയിലൂടെ മാത്രം മുനമ്പം നിവാസികൾക്ക് നീതി ലഭിക്കില്ലെന്ന സത്യം കിരൺ റിജിജു തുറന്നു പറഞ്ഞതോടെ രാഷ്ട്രീയ ലാഭം ലാക്കാക്കി നിന്ന കേരളത്തിലെ ബി.ജെ.പി നേതൃത്വം പ്രതിരോധത്തിലായി. ഭൂമിയുടെ റവന്യൂ അധികാരം സ്ഥാപിച്ചു കിട്ടാൻ സുപ്രീം കോടതിയെ സമീപിക്കേണ്ടി വരുമെന്ന കേന്ദ്ര മന്ത്രി കിരൺ റിജിജുവിന്റെ ഏറ്റുപറച്ചിലാണ് കള്ളി വെളിച്ചത്താക്കിയത്.
ഭേദഗതി ബില്ലിന് മുൻകാല പ്രാബല്യമില്ലെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കിയതോടെ സംസ്ഥാന ബിജെപി നേതൃത്വത്തിന് മുഖം നഷ്ടമായി. ബി.ജെ.പിക്ക് പിന്തുണ നൽകി പിന്നാലെ പോയ കത്തോലിക്ക മെത്രാൻ സമിതിയും നാണംകെടുകയും ചെയ്തു.
ഇതിനിടെ ബി.ജെ.പിയിൽ ചേർന്ന മുനമ്പത്തെ 50 പേരും വഞ്ചിക്കപ്പെടുകയായിരുന്നു. മുനമ്പത്തെ ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ളതാണ് വഖഫ് ബിൽ. അതിലൊരു സംശയവും വേണ്ട.
ബില്ല് പാസായ ഉടനെ മുനമ്പത്തെ ജനങ്ങളുടെ അവകാശം വീണ്ടെടുക്കുമെന്ന ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ നൽകിയ വാഗ്ദാനവും ഇതുവരെ പാലിക്കപ്പെട്ടിട്ടില്ല.