ഡൽഹി: വഖഫ് ബില്ലിനെ അനുകൂലിക്കണമെന്ന് കാട്ടി രാഷ്ട്രീയപ്പാർട്ടികൾക്ക് സി.ബി.സി.ഐ നൽകിയ സർക്കലുറിനെതിരെ തുറന്ന കത്തുമായി വിശ്വാസികൾ രംഗത്ത്.
വഖഫ് നിയമത്തിലെ നിർദ്ദിഷ്ട ഭേദഗതികളെ പിന്തുണയ്ക്കാൻ പാർലമെന്റിലെ രാഷ്ട്രീയ പാർട്ടികളോട് അഭ്യർത്ഥിച്ച് സി.ബി.സി.ഐ അടുത്തിടെ പുറത്തിറക്കിയ പത്രക്കുറിപ്പ് ആശങ്ക യോടെയാണ് കാണുന്നതെന്നും ഇത്തരമൊരു പത്രക്കുറിപ്പ് അസ്ഥാനത്തായിരുന്നുവെന്നും കത്തോലിക്ക സഭയിലെ പ്രമുഖരായ 15 പേർ ഒപ്പിട്ട് മെത്രാൻ സമിതിക്ക് നൽകിയ കത്തിൽ വ്യക്തമാക്കുന്നു.
മതന്യൂനപക്ഷത്തിന്റെ സ്ഥാപനപരമായ കാര്യങ്ങളുടെ സ്വയംഭരണത്തെ നിയമനിർമ്മാണം ലംഘിക്കുന്നു എന്നതാണ് പ്രധാന ആശങ്കയെന്നും കത്തിൽ പറയുന്നു.
/sathyam/media/media_files/2025/04/10/V0T2uhhJN25S6kjhJrWs.jpg)
ഫാദർ സെഡറിക് പ്രകാശ്, ഫാദർ പ്രകാശ് ലൂയിസ്, മാധ്യമ പ്രവർത്തകനും നാഷണൽ ഇന്റഗ്രേഷൻ കൗൺസിൽ മുൻ അംഗവുമായ ജോൺ ദയാൽ, പ്രമുഖ മനുഷ്യാവകാശ പ്രവർത്തകയും അഭിഭാഷകയുമായ സൂസൻ ഏബ്രഹാം , ഫാദർ വാൾട്ടർ ഫെർണാണ്ടസ്, ഫാദർ ഫ്രേസർ മസ്‌ക്രിനാസ് തുടങ്ങിയവരാണ് കത്തിൽ ഒപ്പുവെച്ചിരിക്കുന്നത്.
കേരളത്തിലെ മുനമ്പത്ത് ഒരു തീരദേശ ഗ്രാമത്തിലെ 400 മുതൽ 600 വരെ ക്രിസ്ത്യൻ കുടുംബങ്ങളുടെ ഭൂമിയുടെ മേലുള്ള ഒരു പ്രാദേശിക വഖ്ഫ് അവകാശവാദം മൂലം കുടിയിറക്ക ഭീഷണി നേരിടുന്നതിനാൽ, കേരളത്തിലെ കത്തോലിക്കാ സമൂഹം നിലവിൽ ഒരു ദുരിതകരമായ സാഹചര്യം നേരിടുന്നുവെന്ന് ഞങ്ങൾ മനസ്സിലാക്കുന്നു.
ഇത് നിയമപരമായും ചർച്ചകളിലൂടെയും അനുരഞ്ജനപരമായും പരിഹരിക്കേണ്ട ഒരു പ്രാദേശിക വിഷയമാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു.
ഇതിനകം ജുഡീഷ്യൽ പരിഗണനയിലുള്ള ഈ കേസ്, മറ്റൊരു മതന്യൂനപക്ഷ സമൂഹത്തിന് ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്ന ഒരു ദേശീയ നിയമനിർമ്മാണ മാറ്റത്തെ പിന്തുണയ്ക്കുന്നതിനുള്ള അടിസ്ഥാനമായി വർത്തിക്കരുതെന്നും കത്തിൽ ആവശ്യപ്പെടുന്നുണ്ട്.
ഒരു ന്യൂനപക്ഷത്തിന്റെ കാര്യങ്ങളിൽ സംസ്ഥാന ഇടപെടൽ പ്രാപ്തമാക്കുന്ന ഒരു മാതൃക, ക്രിസ്ത്യാനികൾ ഉൾപ്പെടെയുള്ള മറ്റ് മതസമൂഹങ്ങളുടെ അവകാശങ്ങളിലും ഭരണത്തിലും സമാനമായ കടന്നുകയറ്റങ്ങൾക്ക് വാതിൽ തുറന്നേക്കാം.
വിശാലമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന കാര്യങ്ങളിൽ പൊതു പ്രസ്താവനകൾ പുറപ്പെടുവിക്കുന്നതിന് മുമ്പ് സി.ബി.സി.ഐ ആഴത്തിൽ ചിന്തിക്കണമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.
പ്രധാനമായും അടിയന്തരമോ പ്രാദേശികമോ ആയ ഉത്കണ്ഠകളാൽ രൂപപ്പെടുന്ന പ്രതികരണങ്ങൾ അശ്രദ്ധമായി ക്രിസ്ത്യൻ സമൂഹത്തിന്റെ ദീർഘകാല താൽപ്പര്യങ്ങളെ ബാധിക്കുന്ന പ്രത്യാഘാതങ്ങൾക്ക് കാരണമായേക്കാമെന്ന് തിരിച്ചറിയേണ്ടത് പ്രധാനമാണെന്നും കത്തിൽ വ്യക്തമാക്കുന്നു.
വടക്കേ ഇന്ത്യയിൽ ക്രൈസ്തവർ ഹിന്ദുത്വ ശക്തികളാൽ അതിക്രൂരമായി അക്രമിക്കപ്പെടുമ്പോൾ ദേശീയ പ്രാധാന്യമുള്ള ഒരു ന്യൂനപക്ഷത്തിന്റെ വിഷയത്തെ പ്രാദേശിക വിഷയം ചൂണ്ടിക്കാട്ടി പിന്തുണയ്ക്കുന്നത് ശരിയല്ല.
/sathyam/media/media_files/2025/04/10/vtAprB7mNFxV5GlfDzMd.jpg)
പരിഷ്‌കരണത്തിന്റെ പേര് പറഞ്ഞ് വേഷം മാറിയെത്തിയ നിയമം സി.ബി.സി.ഐ സർക്കുലറിലൂടെ അപകടത്തിലാക്കുകയാണ് ചെയ്തതെന്നും കത്തിൽ പറയുന്നുണ്ട്. കേരളത്തിലെ സിറോ മലബാർ സഭയിലെ ഒരു പറ്റം വൈദികരും ചില ബിഷപ്പുമാരും ബി.ജെ.പിയുമായി ചങ്ങാത്തം കൂടാൻ ശ്രമിക്കുന്നതിലെ അമർഷവും പരിഭവവുമാണ് കത്തിൽ പ്രധാനമായും പ്രതിഫലിക്കുന്നത്.
ബിജെപി ഭരിക്കുന്ന വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലെ ക്രൈസ്തവർ വ്യാപകമായി അക്രമിക്കപ്പെടുമ്പോൾ കേരളത്തിലെ കത്തോലിക്ക മെത്രാൻ സമിതി നിഷ്‌ക്രിയരും നിശബ്ദരുമായിരിക്കുന്നതിൽ ദേശീയ തലത്തിൽ സഭാ നേതൃത്വങ്ങൾ അസ്വസ്ഥരാണെന്നും വിലയിരുത്തലുണ്ട്.