/sathyam/media/media_files/2025/12/02/kerala-new-water-policy-groundwater-control-2025-12-02-12-41-41.webp)
കോട്ടയം: വരള്‍ച്ചയും ജലക്ഷാമവുമുള്ള മേഖലകളില്‍ ജലം അമിതമായി ഉപയോഗിക്കുന്ന വ്യവസായങ്ങള്‍ക്ക് അനുമതി നല്‍കില്ല.
പാലക്കാട് എലപ്പുള്ളിയില്‍ ബ്രൂവറിക്ക് ചെക്കുവെച്ച് സര്‍ക്കാര്‍ പുറത്തിറക്കിയ ജലനയത്തിലെ ശിപാര്‍ശ.
സര്‍ക്കാര്‍ പുറത്തിറക്കിയ ജലനയത്തിന്റെ കരടിലാണ് അനധികൃത ഭൂഗര്‍ഭജലചൂഷണം നിയന്ത്രിക്കാനുള്ള ശുപാര്‍ശയുള്ളത്.
ബ്രൂവറിയുമായി മുന്നോട്ട് പോകാന്‍ സര്‍ക്കാര്‍ തീരുമാനിക്കുമ്പോള്‍ തന്നെയാണ് സര്‍ക്കാരിന്റെ ജല നയത്തില്‍ ബ്രൂവറി പോലെ അമിതമായി ജലം ഉപയോഗിക്കുന്ന പദ്ധതിക്കു എതിരായി നയത്തില്‍ പരാമര്‍ശമുള്ളത്.
2022ന് ശേഷം കേരളത്തില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയായ പഞ്ചായത്തുകളില്‍ ഒന്നാണ് പാലക്കാട് ജില്ലയിലെ എലപ്പുള്ളി.
എലപ്പുള്ളി പഞ്ചായത്തിലെ ആറാം വാര്‍ഡായ ചുട്ടിപ്പാറയിലെ മണ്ണൂക്കാട് ഒയാസിസ് മദ്യക്കമ്പനി ബ്രൂവരി പ്ലാന്റ് തുടങ്ങാന്‍ ഭൂമി വാങ്ങിയതോടെയാണ് എലപ്പുള്ളി വാര്‍ത്തകളില്‍ നിറഞ്ഞത്.
24 ഏക്കര്‍ ഭൂമി വാങ്ങിയതില്‍ 4 ഏക്കര്‍ കൃഷി ഭൂമിയായിരുന്നു. വരള്‍ച്ച നേരിടുന്ന പ്രദേശത്ത് പ്ലാന്റ് വന്നാല്‍ പൂര്‍ണമായും കുടിവെളളം ഇല്ലാതാകുമെന്നും കൃഷി നശിക്കുമെന്നും ജനജീവിതം ദുരിതത്തിലാകുമെന്നും പറഞ്ഞ് ജനങ്ങള്‍ പ്രതിഷേധത്തിനിറങ്ങി.
പ്ലാന്റിനെതിരെ ജനങ്ങള്‍ സംഘടിക്കുകയും പ്രതിഷേധം ഇപ്പോളും തുടരുകയും ചെയ്യുന്ന സാഹചര്യത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ പോലും സി.പി.എം കടുത്ത തിരിച്ചടി പ്രതീക്ഷക്കുന്നു. എന്നാല്‍, പദ്ധതിയില്‍ നിന്നു പിന്‍മാറേണ്ടെന്ന നിലപാടിലാണു സര്‍ക്കാര്‍.
കഴിഞ്ഞ ദിവസം എലപ്പുള്ളി ബ്രൂവറി കമ്പനി ഉടമകള്‍ക്ക് ആവശ്യമെങ്കില്‍ പോലീസ് സംരക്ഷണം നല്‍കണമെന്നു ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു.
ഒയാസിസ് കമേഴ്സ്യല്‍ പ്രൈവറ്റ് ലിമിറ്റഡ് നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റീസ് സി.പി. നിയാസിന്റെ ഉത്തരവ്.
പാലക്കാട് ജില്ലാ പോലീസ് മേധാവിക്കും സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ക്കുമാണ് കോടതി നിര്‍ദേശം നല്‍കിയത്.
കമ്പനി പ്രവര്‍ത്തനത്തിന് സര്‍ക്കാര്‍ പ്രാഥമികാനുമതി നല്‍കിയ സാഹചര്യത്തില്‍ ഭൂമിയില്‍ പ്രവേശിക്കുന്നത് സമരക്കാര്‍ തടയുന്നതുമൂലം അടിസ്ഥാന ജോലികള്‍ പൂര്‍ത്തീകരിക്കാന്‍പോലും കഴിയുന്നില്ലെന്നായിരുന്നു ഹര്‍ജിയിലെ ആരോപണം.
കമ്പനിക്കെതിരേ നല്‍കിയ പൊതുതാത്പര്യഹര്‍ജിയില്‍ ഇതുവരെ ഇടക്കാല ഉത്തരവുണ്ടായിട്ടില്ലെങ്കിലും സമരത്തിന്റെ പേരില്‍ ചില രാഷ്ട്രീയകക്ഷികളുടെ നേതൃത്വത്തില്‍ നിയമം കൈയിലെടുക്കുന്ന അവസ്ഥയാണുള്ളതെന്ന് ഹര്‍ജിക്കാര്‍ ആരോപിച്ചിരുന്നു.
പാലക്കാട് പോലെ ജലക്ഷാമം നേരിടുന്ന ഒരു ജില്ലയില്‍, പദ്ധതി ഭൂഗര്‍ഭജലത്തിന്റെ കുറവ് വരുത്തുമെന്നു ജനങ്ങള്‍ പറയുന്നു.
കൃഷി മുതല്‍ കുടിവെള്ളം വരെ ഇല്ലാതാകുന്ന അവസ്ഥ ഉണ്ടാകുമെന്ന ജനങ്ങള്‍ ആശങ്കപ്പെടുന്നു.
ജനങ്ങള്‍ പ്രതിഷേധം തുടരുന്നതിനിടെയാണ് വരള്‍ച്ചയും ജലക്ഷാമവുമുള്ള മേഖലകളില്‍ ജലം അമിതമായി ഉപയോഗിക്കുന്ന വ്യവസായങ്ങള്‍ക്ക് അനുമതിനല്‍കില്ലെന്നു ജല നയത്തില്‍ ഉള്‍പ്പെടുത്തിയത്.
ഇതോടെ പദ്ധതിയില്‍ നിന്നു സര്‍ക്കാര്‍ മുന്നോട്ടു പോകുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us