ഇനി വാട്ടര്‍ മെട്രോ യാത്ര മട്ടാഞ്ചേരിയിലേക്കും; കൊച്ചി വാട്ടര്‍ മെട്രോയുടെ മട്ടാഞ്ചേരി, വില്ലിങ്ടണ്‍ ഐലന്‍ഡ് ടെര്‍മിനലുകള്‍ നാടിന് സമര്‍പ്പിച്ച് മുഖ്യമന്ത്രി

New Update
watermetro cm

കൊച്ചി: കൊച്ചി വാട്ടര്‍ മെട്രോയുടെ മട്ടാഞ്ചേരി, വില്ലിങ്ടണ്‍ ഐലന്‍ഡ് ടെര്‍മിനലുകള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചു. ഇതോടെ വാട്ടര്‍ മെട്രോ ടെര്‍മിനലുകളുടെ എണ്ണം 12 ആയി. രണ്ട് പ്രദേശത്തെയും വാണിജ്യ, ബിസിനസ്, ടൂറിസം വികസനത്തിനും വാട്ടര്‍മെട്രോയുടെ വരവ് ഊര്‍ജം പകരും.

Advertisment

മട്ടാഞ്ചേരി ടെര്‍മിനലിലായിരുന്നു ചടങ്ങ്. ലോക ശ്രദ്ധ ആകര്‍ഷിച്ചതാണ് വാട്ടര്‍ മെട്രോയെന്ന് മുഖ്യമന്ത്രി പറഞ്ഞു. 2023ലാണ് വാട്ടര്‍മെട്രോ ഉദ്ഘാടനം ചെയ്യുന്നത്. അടിസ്ഥാന സൗകര്യ വികസന രംഗത്ത് കേരളത്തിന്റെ നിര്‍ണായകമായ ചുവടുവയ്പ്പാണ് വാട്ടര്‍ മെട്രോയെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൊച്ചി നഗരത്തിനും പ്രസ്തുത പ്രദേശങ്ങള്‍ക്കുമിടയിലുള്ള ഗതാഗതം കൂടുതല്‍ സുഗമമാക്കാന്‍ ഇത് ഉപകരിക്കും. നാട് പല കാര്യങ്ങളിലും രാജ്യത്തുതന്നെ മുന്നിട്ടുനില്‍ക്കുകയാണ്. 

ആരോഗ്യരംഗം, വിദ്യാഭ്യാസ രംഗം, ദാരിദ്ര്യ നിര്‍മാര്‍ജനം ഇവിടെയെല്ലാം ഉണ്ടായിട്ടുള്ള മുന്നേറ്റങ്ങളും നേട്ടങ്ങളും രാജ്യംതന്നെ പ്രത്യേകതയോടെ കാണുന്നതാണ്. ഇത്തരത്തില്‍ അനേകം കാര്യങ്ങള്‍ നമുക്ക് ചൂണ്ടിക്കാണിക്കാനുണ്ട്. അതില്‍ ഒന്നാണ് വാട്ടര്‍ മെട്രോയെന്നും മുഖ്യമന്ത്രി പറഞ്ഞു.

38 കോടി രൂപ ചിലവിലാണ് രണ്ട് ടെര്‍മിനലുകളും നിര്‍മിച്ചത്. 8000 ചതുരശ്രയടി വലിപ്പത്തിലുള്ള മട്ടാഞ്ചേരി ടെര്‍മിനല്‍ പൈതൃകമുറങ്ങുന്ന ഡച്ച് പാലസിന് തൊട്ടടുത്താണ്. 

പഴയ ഫെറി ടെര്‍മിനലിന് അടുത്താണ് 3000 ചതുരശ്രയടി വിസ്തീര്‍ണമുള്ള വില്ലിങ്ടണ്‍ ഐലന്റ് ടെര്‍മിനല്‍. പൈതൃക സമ്പത്ത് സംരക്ഷണഭാഗമായി രണ്ട് ടെര്‍മിനലുകളും പൂര്‍ണമായും വെള്ളത്തിലാണ് നിര്‍മിച്ചിരിക്കുന്നത്. 

Advertisment