/sathyam/media/media_files/H2MhjxWTBMjstbDZTRk0.jpg)
കൊച്ചി: തമ്മനത്ത് ജല അതോറിറ്റിയുടെ കുടിവെള്ള ടാങ്ക് തകര്‍ന്ന സാഹചര്യത്തില്‍ ചൊവ്വാഴ്ച കൊച്ചി നഗരത്തില്‍ കുടിവെള്ള വിതരണം തടസ്സപ്പെടും.
അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായാണ് കുടിവെള്ള വിതരണം നിര്‍ത്തി വെക്കുന്നത്. എവിടെയെങ്കിലും ജല ദൗര്‍ലഭ്യം നേരിടുന്ന സാഹചര്യമുണ്ടായാല്‍ കുടിവെള്ളം എത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ കൊച്ചി നഗരസഭക്കും ചേരാനല്ലൂര്‍ ഗ്രാമപഞ്ചായത്തിനും ജില്ലാ കളക്ടര്‍ ജി. പ്രിയങ്ക നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
നഗരത്തിന്റെ പ്രധാന ഭാഗങ്ങളിലേക്ക് കുടിവെള്ളം എത്തിച്ചിരുന്നത് തമ്മനത്തെ ജലസംഭരണിയില്‍ നിന്നായിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു രണ്ട് കമ്പാര്‍ട്ട്‌മെന്റുകളുള്ള സംഭരണിയുടെ ആദ്യ കമ്പാര്‍ട്ട്‌മെന്റ് തകര്‍ന്നത്. ഇരു കമ്പാര്‍ട്ട്‌മെന്റുകളെയും തമ്മില്‍ വേര്‍തിരിച്ച ശേഷമേ പമ്പിംഗ് പുനസ്ഥാപിക്കാന്‍ കഴിയൂ. ഇതോടൊപ്പം രണ്ടാമത്തെ ടാങ്കിലെ ചോര്‍ച്ച കൂടി പരിഹരിക്കേണ്ടതുണ്ട്.
കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലക്കാണ് ഇതിന്റെ ചുമതല. അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കിയ ശേഷം ചൊവ്വാഴ്ച വൈകീട്ടോടെ പരീക്ഷണാടിസ്ഥാനത്തില്‍ വെള്ളം നിറച്ച ശേഷമേ കുടിവെള്ള വിതരണം പുനസ്ഥാപിക്കാനാകൂ.
ബുധനാഴ്ചയോടെ കുടിവെള്ള വിതരണം സാധാരണ നിലയിലാകുമെന്നാണ് പ്രതീക്ഷ.
അതേസമയം തകര്‍ന്ന കമ്പാര്‍ട്ട്‌മെന്റിന്റെ അറ്റകുറ്റപ്പണികള്‍ പിന്നീട് നടത്തിയാല്‍ മതി എന്നാണ് അധികൃതരുടെ തീരുമാനം.
കുടിവെള്ള വിതരണം പൂര്‍ണമായും തടസ്സപ്പെടുന്ന സാഹചര്യം ഒഴിവാക്കാനാണിത്. ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ നിര്‍ദ്ദേശ പ്രകാരം ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച വൈകിട്ട് ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനമായത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us