കൽപ്പറ്റ: പരമാവധി കാഷ്വാലിറ്റികള്‍ ഉണ്ടാകാതെ ഈ ഘട്ടത്തെ മറിക്കടക്കുക എന്നതാണ് നമ്മുടെ ലക്ഷ്യമെന്ന് മന്ത്രി കെ രാജന്‍. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആര്‍മിയുടെ തന്നെ രണ്ട് പ്ലാറ്റൂണ്‍ 50 പേര്‍ ദുരന്തസ്ഥലത്ത് എത്തിയിട്ടുണ്ട്. അവരിപ്പോള്‍ അപകടസ്ഥലത്തേക്ക് പോയി കഴിഞ്ഞു. എന്‍ഡിആര്‍എഫിന്റെ 30 അംഗങ്ങള്‍ അടങ്ങുന്ന സംഘവും ദുരന്തമുഖത്തേക്ക് തിരിച്ച് കഴിഞ്ഞു. ഡി എസ് സിയുടെ 60 പേരടങ്ങുന്ന സംഘം പുഴയ്ക്ക് കുറുകെ താത്കാലിക പാലം ഉണ്ടാക്കാന്‍ ശ്രമിക്കുകയാണ്.
ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ടീമിന്റെ ഇരുനൂറിലധികം ആളുകള്‍ രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായി എത്തിച്ചേര്‍ന്നിട്ടുണ്ട്. അതിനുപുറമേ പൊലീസിനേയും ലഭ്യമാകുന്ന മുഴുവന്‍ സേനയേയും ഭാഗമാക്കി കൊണ്ട് രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കും- മന്ത്രി പറഞ്ഞു.
ആളുകള്‍ സുരക്ഷിതരാണെന്ന് ഉറപ്പുവരുത്തുകയും, കുടുങ്ങികിടക്കുന്ന മനുഷ്യര്‍ക്കാവശ്യമായ ഭക്ഷണവും വെള്ളവുമൊക്കെ തയ്യാറാക്കിയ റോപ്പിലൂടെ കൊടുത്തയയ്ക്കുകയും ചെയ്യുന്നുണ്ട്.
അതിന് പുറമേ അവിടുന്ന് കൊണ്ടുവരാന്‍ കഴിയുന്ന ആളുകളെ സൈന്യത്തിന്റെ സഹായത്തോടെ റോപ്പിലൂടെ തന്നെ പുറത്തെത്തിക്കാനുള്ള കാര്യങ്ങളും നടന്നുവരുന്നുണ്ട്.
കൂടുതല്‍ ആളുകളെ പുറത്തുകൊണ്ടുവരാനുള്ള ശ്രമങ്ങളാണ് നടന്നുവരുന്നത്. ഫയര്‍ഫോഴ്‌സും, എന്‍ഡിആര്‍എഫും, മറ്റ് ആര്‍മി ഫോഴ്‌സുകളും വലിയ രീതിയിലുള്ള രക്ഷാപ്രവര്‍ത്തനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.