/sathyam/media/media_files/2025/09/07/62576-2025-09-07-19-36-03.jpg)
വയനാട്: വയനാട് പുൽപള്ളിയിൽ വീട്ടിലെ കാർ പോർച്ചിൽ നിന്ന് കർണാടക മദ്യവും തോട്ടകളും കണ്ടെത്തിയ കേസിൽ അറസ്റ്റിലായ തങ്കച്ചൻ ഒടുവിൽ ജയിൽ മോചിതൻ.
ചെയ്യാത്ത കുറ്റത്തിന് 17 ദിവസം ജയിലിൽ കിടന്ന ശേഷമാണ് ജയിൽ മോചിതനായത്. കേസിലെ യഥാർഥ പ്രതിയായ മരക്കടവ് സ്വദേശി പ്രസാദ് പിടിയിലായതോടെയാണ് തങ്കച്ചന്റെ ജയിൽ മോചനത്തിന് വഴിയൊരുങ്ങിയത്.
കോൺഗ്രസിലെ ഗ്രൂപ്പ് വഴക്കിന്റെ ഇരയാണ് താനെന്ന് തങ്കച്ചൻ ആരോപിച്ചു.
കഴിഞ്ഞ 22ന് രാത്രിയിലാണ് പെരിക്കല്ലൂരിലെ തങ്കച്ചന്റെ വീട്ടിൽ നിന്ന് കർണാടക മദ്യവും തോട്ടകളും കണ്ടെത്തിയത്. ഇതേത്തുടർന്ന് അറസ്റ്റ് ചെയ്യുകയും റിമാൻഡിൽ ആവുകയും ചെയ്തു. വീട്ടുകാർ എസ്പിക്കടക്കം പരാതി നൽകി.
തുടർന്ന് വീണ്ടും അന്വേഷണം നടക്കുകയും മരക്കടവ് സ്വദേശിയും നിർമാണ കരാറുകാരനുമായ പ്രസാദാണ് യഥാർഥ പ്രതികരണം പൊലീസ് കണ്ടെത്തി.
മദ്യം വാങ്ങിയതിന്റെ ഗൂഗിൾ പേ വിവരങ്ങൾ, സിസിടിവി കേന്ദ്രീകരിച്ചുള്ള തെളിവുകൾ, ഫോൺ രേഖകൾ എന്നിവ അടക്കം പരിശോധിച്ചതിൽ നിന്നാണ് അന്വേഷണം പ്രസാദിലേക്ക് എത്തിയത്.
ഡിസിസി പ്രസിഡണ്ട് എൻ.ഡി അപ്പച്ചന് നേരെ കയ്യേറ്റ ശ്രമം നടന്നതുമായി ബന്ധപ്പെട്ട വൈരാഗ്യം തീർക്കലാണ് തങ്കച്ചന് നേരെ നടന്നത് എന്ന് തങ്കച്ചൻ ആരോപിച്ചു.
അറസ്റ്റ് ചെയ്യുന്ന ഘട്ടത്തിൽ നിരപരാധിയെന്ന് നിരവധി തവണ പറഞ്ഞെങ്കിലും പൊലീസ് കേൾക്കാൻ തയ്യാറായിരുന്നില്ല. തുടരന്വേഷണത്തിൽ യഥാർഥ പ്രതിയെ കണ്ടെത്തിയതിൽ സന്തോഷം ഉണ്ടെന്നും തങ്കച്ചൻ പറഞ്ഞു.
കുറ്റകൃത്യത്തിൽ ഗൂഢാലോചന നടത്തിയവരെ ഉൾപ്പെടെ അടുത്ത ദിവസങ്ങളിൽ അറസ്റ്റ് ചെയ്യാനാണ് പൊലീസിന്റെ നീക്കം.