/sathyam/media/media_files/2025/10/10/msf-2025-10-10-01-42-55.png)
വയനാട്: കോൺഗ്രസ് എംഎൽഎമാരായ ടി സിദ്ദിഖിനും ഐ സി ബാലകൃഷ്‌ണനുമെതിരെ കടുത്ത പ്രതിഷേധവുമായി വയനാട് മുട്ടിലിൽ എംഎസ്‌എഫ് പ്രകടനം.
"മിസ്റ്റർ സിദ്ദീഖ്... മിസ്റ്റർ ഐസി... നിയമസഭ കാണാമെന്ന് മോഹിക്കേണ്ട' എന്ന ബാനറുമായി നടത്തിയ പ്രകടനം കോൺഗ്രസ് നേതൃത്വത്തെ ഞെട്ടിച്ചു.
കെഎസ്‌യുവും എംഎസ്‌എഫും പരസ്‌പരം മത്സരിച്ച മുട്ടിൽ ഡബ്ല്യുഎംഒ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ കെഎസ്‌യുവിനായി കോൺഗ്രസ് എംഎൽഎമാർ നടത്തിയ ഇടപെടലാണ് എംഎസ്‌എഫിനെ പ്രകോപിപ്പിച്ചത്.
എംഎസ്‌എഫ് നടത്തിയ പ്രകടനത്തിൽ ബാനറുയർത്തി ‘ടി സിദ്ദിഖ് തെമ്മാടി...’ തുടങ്ങിയ മുദ്രാവാക്യവുമുയർത്തി.
ലീഗ് ജില്ലാ പ്രസിഡന്റ് കെ കെ അഹമ്മദ് ഹാജി സെക്രട്ടറിയായ ഡബ്ല്യുഎംഒ മാനേജ്‌മെന്റിന് കീഴിലുള്ള കോളേജിലാണ് എംഎസ്‌എഫ് പ്രവർത്തകർ കോൺഗ്രസ് എംഎൽഎമാർക്കെതിരെ രൂക്ഷ പ്രതികരണം നടത്തിയത്.
എംഎസ്‌എഫിനെ പരാജയപ്പെടുത്താൻ എംഎൽഎമാർ ഇടപെട്ടതാണ് പ്രതിഷേധം തെരുവിലേക്ക് എത്തിച്ചത്. രാഹുൽ ഗാന്ധി ലോക്‌സഭയിൽ മത്സരിക്കാനെത്തിയകാലംമുതൽ തെരഞ്ഞെടുപ്പുകളിൽ ലീഗിന് കൊടി പുറത്തെടുക്കാൻ കഴിയാത്ത ദുരവസ്ഥയാണ്.
കഴിഞ്ഞ ഉപതെരഞ്ഞെടുപ്പിൽ പ്രിയങ്ക മത്സരിച്ചപ്പോഴും ലീഗ് കൊടിക്ക് വിലക്കുണ്ടായി. ടി സിദ്ദിഖ് കൽപ്പറ്റയിൽ മത്സരിക്കാൻ എത്തിയതുമുതൽ എംഎസ്‌എഫ്–യൂത്ത് ലീഗ് പ്രവർത്തകരെ കോൺഗ്രസിലേക്ക് അടർത്തിയെടുക്കുന്നതിൽ ലീഗിനുള്ളിൽ വലിയ പ്രതിഷേധമുണ്ട്.
കഴിഞ്ഞ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ എംഎസ്‌എഫിന് അവകാശപ്പെട്ട യുയുസി സീറ്റുകളിൽ ഐ സി ബാലകൃഷ്‌ണൻ ഇടപെട്ട് കെഎസ്‌യുക്കാരെ മത്സരിപ്പിച്ചിരുന്നു.