/sathyam/media/media_files/2026/01/10/img202-2026-01-10-00-32-47.jpg)
മാനന്തവാടി: വയനാട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ സുഖപ്രസവം നടത്തിയ യുവതിയുടെ ശരീരത്തില്‍നിന്ന് രണ്ടര മാസത്തിനുശേഷം തുണിക്കഷണം പുറത്തുവന്നുവെന്ന പരാതിയില്‍ ആരോഗ്യവകുപ്പ് അന്വേഷണസംഘം ആശുപത്രിയിൽ എത്തി തെളിവെടുത്തു.
ആരോഗ്യവകുപ്പ് അസി. ഡയറക്ടര്‍ ഡോ. വീണാ സരോജിയുടെ നേതൃത്വത്തില്‍ നാലുപേരടങ്ങുന്ന സംഘമാണ് എത്തിയത്.
ദേശീയ ആരോഗ്യദൗത്യം സംസ്ഥാന നോഡല്‍ ഓഫീസര്‍ ഡോ. ലിപ്സി പോളും കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെയും സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെയും സ്ത്രീരോഗ വിദഗ്ധരുമാണ് സംഘത്തിലുണ്ടായിരുന്നത്.
വെള്ളി രാവിലെ 9.30ഓടെ മെഡിക്കല്‍ കോളേജില്‍ സംഘമെത്തി. യുവതിയെ സ്ത്രീരോഗ വിഭാഗത്തിലെത്തിച്ച് പരിശോധിച്ചു.
രക്തസാമ്പിൾ ശേഖരിച്ചു. യുവതി ചികിത്സ തേടിയപ്പോഴുണ്ടായിരുന്ന മൂന്ന് ഡോക്ടര്‍മാര്‍, 12 നഴ്‌സുമാര്‍, നഴ്സിങ് അസിസ്റ്റന്റുമാര്‍, ശുചീകരണ തൊഴിലാളികള്‍ എന്നിവരില്‍നിന്നും ആശാ പ്രവര്‍ത്തകയില്‍നിന്നും വിവരങ്ങള്‍ ശേഖരിച്ചു.
യുവതിയുടെ ശരീരത്തില്‍നിന്ന് പുറത്തുവന്ന തുണി പരിശോധിച്ച് സാന്പിളെടുത്തു. 6.45ഓടെയാണ് അന്വേഷകസംഘം മടങ്ങിയത്. അടുത്ത ദിവസം സമഗ്രറിപ്പോര്‍ട്ട് ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്ക് സമര്‍പ്പിക്കുമെന്ന് അസി. ഡയറക്ടര്‍ ഡോ. വീണാ സരോജി പറഞ്ഞു.
അന്വേഷണത്തിൽ ജീവനക്കാർക്ക് പിഴവുണ്ടെന്ന് കണ്ടെത്തിയാൽ നടപടിയെടുക്കുമെന്ന് മന്ത്രി ഒ ആർ കേളു പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us