/sathyam/media/media_files/2026/01/26/img75-2026-01-26-23-54-18.png)
വയനാട്: കൽപ്പറ്റയിൽ പതിനാറുകാരനെ ക്രൂരമർദിച്ച് പ്രദേശവാസികളായ വിദ്യാർഥികളിൽ ഒരാൾകൂടി പിടിയിൽ. കൽപ്പറ്റ മെസ് ഹൗസ് റോഡിൽ താമസിക്കുന്ന വിദ്യാർഥിയെയാണ് സംഘമായി ആക്രമിച്ചത്.
മോശം വാക്കുപയോഗിച്ചെന്ന് ആരോപിച്ചായിരുന്നു മർദനം. ഇതോടെ സംഭവത്തിൽ പിടിയിലായവരുടെ എണ്ണം മൂന്നായി. മർദനത്തിന്റെ നടുക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് നടപടി.
കൈകൊണ്ടും വടികൊണ്ടും അടിക്കുകയും കാലുകൊണ്ട് മുഖത്തുൾപ്പെടെ ചവിട്ടുന്നുമുണ്ട്. അടിച്ചത് മതിയെന്ന് മറ്റൊരു കുട്ടി വിളിച്ചുപറയുന്നുണ്ടെങ്കിലും വകവയ്‌ക്കാതെ തുടർന്നു. പതിനാറുകാരനെക്കൊണ്ട് കാലുപിടിച്ച് മാപ്പ് പറയിക്കുന്നുമുണ്ട്.
കഴിഞ്ഞ 21നായിരുന്നു സംഭവം. മർദനത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് വീട്ടുകാരുൾപ്പെടെ വിവരം അറിയുന്നത്. ദൃശ്യം ശ്രദ്ധയിൽപ്പെട്ട കൽപ്പറ്റ പൊലീസ് മർദനമേറ്റ കുട്ടിയുടെ രക്ഷിതാക്കളെ വിളിച്ചുവരുത്തി.
എന്നാൽ, കുട്ടി വീട്ടിൽ പറഞ്ഞിരുന്നില്ല. പൊലീസ് വിളിച്ചപ്പോഴാണ് രക്ഷിതാക്കൾ മകന് മർദനമേറ്റത് അറിഞ്ഞത്. രക്ഷിതാക്കൾ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തു.
കേസിൽ പ്രായപൂർത്തിയാകാത്ത രണ്ടുപേരെ നേരത്തേ പിടികൂടിയിരുന്നു.
പ്രായപൂർത്തിയാകാത്തവർ ആയതിനാൽ കസ്റ്റഡിയിലെടുക്കുകയും ജുവനൈൽ ജസ്റ്റിസ് ബോർഡ് മുൻപാകെ ഹാജരാക്കി കൗൺസിലിങ് ഉൾപ്പെടെയുള്ള കാര്യങ്ങൾക്കായി ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ എൽപ്പിക്കുകയും ചെയ്തിട്ടുണ്ട്. കൂടുതൽ അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us