/sathyam/media/media_files/7dEEGFAlhzABg4Dl3j6A.jpg)
ചൂരൽമലയിലെ റിസോർട്ടിൽ കുടുങ്ങിക്കിടന്നവരിൽ രണ്ടുപേരുടെ മൃതദേഹം കണ്ടെത്തി. റിസോർട്ടിൽ കുടുങ്ങിക്കിടക്കുന്നവരുടെ ആരോഗ്യനിലയിൽ ആശങ്ക ഉയരുകയാണ്. മുണ്ടക്കൈയിലെ ട്രീവാലി റിസോർട്ടിൽ നിന്ന് ആളുകളെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.
കൂടം കൊണ്ട് കോൺക്രീട്ട് കെട്ടിടങ്ങൾ പൊളിച്ചും മേൽക്കൂരകൾ വലിച്ചുനീക്കിയും മറ്റുമാണ് കെട്ടിടാവശിഷ്ടങ്ങൾക്കിടയിലെ മൃതദേഹങ്ങൾ രക്ഷാപ്രവർത്തകർ കണ്ടെടുത്തത്. കെട്ടിടാവശിഷ്ടങ്ങൾ ചെളിയിൽ പുതഞ്ഞ് കിടക്കുകയാണ്. മുട്ടൊപ്പം ചെളിയിൽ പുതഞ്ഞുനിന്നാണ് രക്ഷാപ്രവർത്തകർ തങ്ങളുടെ ജോലികൾ ചെയ്യുന്നത്.
അട്ടമലയിൽ കുടുങ്ങിക്കിടക്കുന്ന 500ലേറെ ആളുകളെ പുറത്തെത്തിച്ചെന്ന് രക്ഷാപ്രവർത്തകർ അറിയിച്ചു. 191 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുകയാണ്. 50 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. പരുക്കേറ്റ പലരുടേയും നില അതീവ ഗുരുതരമാണ്. 3069 പേരെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. കാണാതായവർക്കുവേണ്ടി തിരച്ചിൽ നടത്താൻ ദൗത്യസംഘം പുലർച്ചെ മുണ്ടെക്കൈയിലെത്തി തിരച്ചിൽ ആരംഭിച്ചു. നാല് സംഘങ്ങളായി തിരിഞ്ഞാണ് സൈന്യം തിരച്ചിൽ നടത്തുന്നത്. അട്ടമലയിൽ കുടുങ്ങിക്കിടക്കുന്നവരെ ഉടൻ പുറത്തെത്തിക്കുമെന്നാണ് വിവരം.