/sathyam/media/media_files/hqel1V2IR3LsZjwKqlZP.jpg)
രാജ്യം കണ്ട ഏറ്റവും വലിയ ഉരുൾപൊട്ടൽ ദുരന്തത്തിന് ഇന്നേക്ക് ഒരു മാസം. ചരിത്രത്തിൽ സമാനതകളില്ലാത്ത പ്രകൃതി ദുരന്തം കേരളത്തിനുണ്ടാക്കിയ വേദനയും നഷ്ടവും ഒരിക്കലും മറക്കാവുന്നതല്ല. മണ്ണിലാണ്ടുപോയ നാടിനെയും അതിന്റെ സന്തോഷങ്ങളെയും വീണ്ടെടുക്കാനുള്ള പരിശ്രമങ്ങളാണ് നാടൊന്നിച്ച് ഇപ്പോഴും നടത്തിക്കൊണ്ടിരിക്കുന്നത്.
ഔദ്യോഗിക കണക്കനുസരിച്ച് 231 പേരാണ് മുണ്ടക്കൈ ദുരന്തത്തിൽ മരിച്ചത്. മരിച്ചോ ജീവനോടെയുണ്ടോയെന്ന് ഇപ്പോഴും അറിയാത്തവരുടെ എണ്ണം 78, അപ്രത്യക്ഷമായ വീടുകൾ 183, ഒരാൾ പോലും അവേശഷിക്കാതെ പൂർണമായും മണ്ണടിഞ്ഞുപോയ കുടുംബങ്ങൾ 17. യഥാർഥ നഷ്ടം ഇപ്പോഴും തിട്ടപ്പെടുത്താനാകാത്ത മഹാദുരന്തത്തിന്റെ അളക്കാൻ കഴിഞ്ഞ ചില കണക്കുകൾ ഇങ്ങനെയൊക്കെയാണ് ഉരുളിനൊപ്പം വിസ്മൃതിയിലേക്ക് ആണ്ടുപോയവരെക്കാൾ നിർഭാഗ്യവന്മാരാണ് ഇരകളായി ബാക്കിയായവർ.
ദുരന്ത വിവരം പുറംലോകമറിഞ്ഞത് മുതൽ രക്ഷാപ്രവർത്തനത്തിനായി നാടൊന്നാകെ കൈകോർത്തു. സൈന്യം പൊലീസ്, അഗ്നിരക്ഷാ സേന, എൻഡിആർഎഫ്, വനംവകുപ്പും നാട്ടുകാരും ചേർന്ന് മൃതദേഹങ്ങൾ വീണ്ടെടുത്തു. ഇടയ്‌ക്കിടെ ഉരുൾ പൊട്ടിയിരുന്നെങ്കിലും ഇത്ര വലിയ ദുരന്തമാണുണ്ടായതെന്ന് അറിഞ്ഞത് വൈകിയാണെന്ന് നാട്ടുകാർ പറയുന്നു.
ജീവിതത്തിലേക്ക് തിരികെയെത്തിയത് ഏകദേശം 794-ത്തിലേറെ കുടുംബങ്ങളാണ്. ഇവർക്ക് സർക്കാർ താത്കാലിക പുനരധിവാസം സജ്ജമാക്കി. വാടക വീടുകളിലും സർക്കാർ ക്വാർട്ടേഴ്സിലുമാണ് കൂടുതൽ പേരും കഴിയുന്നത്. നിരവധി പേരാണ് തങ്ങളുടെ സമ്പാദ്യത്തിൽ നിന്നും ഭൂമിയിൽ നിന്നും സംഭാവന ചെയ്യാൻ സന്നദ്ധത അറിയിക്കുന്നത്.