സുല്‍ത്താന്‍ബത്തേരി: ലോക്‌സഭ തിരഞ്ഞെടുപ്പിലെ യുഡിഎഫിന്റെയും കോണ്‍ഗ്രസിന്റെയും വിജയം വരുന്ന ഉപതിരഞ്ഞെടുപ്പുകളും തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പുകളിലും ആവര്‍ത്തിക്കുമെന്നും അതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ക്കു കോണ്‍ഗ്രസ് രൂപം നല്‍കുമെന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി.കെപിസിസി ക്യാംപ് എക്‌സിക്യൂട്ടീവില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പഞ്ചായത്ത് തിരഞ്ഞെടുപ്പുകളില്‍ മികച്ച വിജയം നേടാന്‍ സാധിച്ചാല്‍ മാത്രമെ 2026 ലെ അടുത്ത നിയമസഭ തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ സാധിക്കു.ഭരണവിരുദ്ധ വികാരം ശക്തമായ പ്രകടമാണ്. ജനങ്ങളില്‍ നിന്ന് അകന്ന സര്‍ക്കാരാണ് പിണറായി വിജയന്റേതെന്നും സുധാകരന്‍ പറഞ്ഞു.
പരമ്പരാഗതമായി കോണ്‍ഗ്രസിനെയും യുഡിഎഫിനേയും പിന്തുണച്ചിരുന്ന വിവിധ ജന വിഭാഗങ്ങളുടെ വോട്ടുകളിലും ചോര്‍ച്ചയുണ്ടായിട്ടുണ്ട്. അവരെ വീണ്ടും കോണ്‍ഗ്രസിനോടൊപ്പം കൊണ്ടുവരുന്നതിന് ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കും.തൃശ്ശൂരിലെ വിജയം ബിജെപിയുടെ സംഘടനാപരമായ നേട്ടമാണെന്ന അഭിപ്രായമില്ല.
ചില നിയമസഭാ മണ്ഡലങ്ങളില്‍ ബിജെപിയുടെ പ്രകടനത്തെ ഗൗരവത്തോടെ കാണണം. എല്‍ഡിഎഫ് വിജയിച്ച നിയമസഭാ മണ്ഡലങ്ങളിലാണ് ബിജെപി ലീഡ് നേടിയത്. സിപിഎമ്മിന്റെ വോട്ടുകളിലെ ചോര്‍ച്ച ബിജെപിക്ക് നേട്ടമാകുന്നുണ്ടെന്നും കെ.സുധാകരന്‍ പറഞ്ഞു.
ഐക്യവും അച്ചടക്കവും ഉറപ്പാക്കി പൂര്‍ണ്ണമായും താഴെത്തട്ടില്‍ സംഘടനയെ കൂടുതല്‍ ചലിപ്പിക്കും. നേതാക്കള്‍ക്കിടയിലും പ്രവര്‍ത്തകര്‍ക്ക് ഇടയിലും അഭിപ്രായ ഭിന്നതകളോ, അത് സംഘടനയുടെ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നതായോ തരത്തിലേക്ക് നീങ്ങാന്‍ അനുവദിക്കില്ല.
പോഷക സംഘടനങ്ങളും കോണ്‍ഗ്രസിന്റെ സംഘടനാ പ്രവര്‍ത്തനങ്ങള്‍ കരുത്തുപകരുന്ന പ്രവര്‍ത്തനങ്ങളുമായി മുന്നിട്ടിറങ്ങണം. ചെറുപ്പക്കാര്‍,വിദ്യാര്‍ത്ഥികള്‍, മഹിളകള്‍ ഉള്‍പ്പെടെ കൂടുതല്‍ പ്രവര്‍ത്തകരെ കോണ്‍ഗ്രസിലേക്ക് ആകര്‍ഷിക്കുന്നതിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കണമെന്നും സുധാകരന്‍ പറഞ്ഞു.
ലോക്സഭ തെരഞ്ഞെടുപ്പില്‍ ജയിച്ചത് ഇന്ത്യന്‍ ജനതയും തോറ്റത് വിദ്വേഷ രാഷ്ട്രീയവുമാണ്.ജനാധിപത്യസംവിധാനങ്ങളെ തരംപോലെ നോക്കുകുത്തിയാക്കി നിര്‍ത്തിയും ചട്ടുകമായി ഉപയോഗിച്ചും പത്തുവര്‍ഷം നീണ്ട മോദിയുടെ ഏകാധിപത്യ ഭരണരീതി അവസാനിപ്പിക്കാനും ലക്ഷണമൊത്തൊരു പ്രതിപക്ഷത്തെ രാജ്യത്തിന് സംഭാവന ചെയ്യാനും സഹായിച്ച തിരഞ്ഞെടുപ്പ് ഫലമാണത്.
വൈകാരിക വിഷയങ്ങള്‍ ഇളക്കിവിട്ട് വിജയം കൊയ്യുന്ന തന്ത്രം എപ്പോഴും വിലപ്പോവില്ല എന്നതാന്ന് ഈ തിരഞ്ഞെടുപ്പിന്റെ പാഠം.ജനാധിപത്യ സ്ഥാപനങ്ങളേയും കേന്ദ്ര ഏജന്‍സികളേയും മറ്റ് ഔദ്യോഗിക സംവിധാനങ്ങളേയും പരമാവധി ദുരുപയോഗം ചെയ്ത് പ്രതിപക്ഷ വേട്ട നടത്തിയിട്ടും ബിജെപിക്ക് കാര്യമായ നേട്ടം ഉണ്ടാക്കാന്‍ കഴിഞ്ഞില്ലെന്നും സുധാകരന്‍ പറഞ്ഞു.
എല്ലാ വെല്ലുവിളികളെയും പ്രതിസന്ധികളെയും അതിജീവിച്ചാണ് കോണ്‍ഗ്രസും ഇന്ത്യാ മുന്നണിയും ഇന്നുകാണുന്ന വലിയ മുന്നേറ്റം യാഥാര്‍ത്ഥ്യമാക്കിയത്. രാജ്യത്തെ ഫാഷിസത്തില്‍ നിന്ന് മോചിപ്പിക്കാന്‍ എന്ത് വിട്ടുവീഴ്ചക്കും തയ്യാറാണെന്ന കോണ്‍ഗ്രസിന്റെ കൃത്യമായ നിലപാടാണ് 'ഇന്ത്യ' മുന്നണിയെ യാഥാര്‍ത്ഥ്യമാക്കിയത്.
തെരഞ്ഞെടുപ്പിന് വളരെ മുമ്പുതന്നെ കൃത്യമായ സംഘടനാപരമായ മുന്നൊരുക്കങ്ങള്‍ നടത്താന്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് കഴിഞ്ഞതും രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടന്ന രണ്ട് ഭാരത് ജോഡോ യാത്രകളും രാജ്യത്തെ സാധാരണക്കാരായ മനുഷ്യരെ മോദി ഭരണത്തിന്റെ ജനവിരുദ്ധതക്കെതിരായി കോണ്‍ഗ്രസിനൊപ്പം അണിനിരത്താന്‍ ഉപകരിച്ചു.
ബിജെപിയുടെ ശക്തികേന്ദ്രങ്ങളില്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയില്‍ കോണ്‍ഗ്രസ് ശക്തമായി തിരിച്ചുവരവ് നടത്തി. ലോക്‌സഭയിലേയും അതിന് ശേഷം നടത്ത ഉപതിരഞ്ഞെടുപ്പുകളിലേയും ഇന്ത്യസഖ്യത്തിന്റെ വിജയം മാറുന്ന ഇന്ത്യയുടെ സൂചകങ്ങളാണ്.രാഹുല്‍ ഗാന്ധിയുടെ ജനകീയ സ്വീകാര്യതയ്ക്കുള്ള അംഗീകാരം കൂടിയാണ് ഇന്ത്യസഖ്യത്തിന്റെ മുന്നേറ്റമെന്നും അദ്ദേഹം പറഞ്ഞു.