കേരളത്തെ നടുക്കിയ മഹാദുരന്തമായി വയനാട്ടിലെ ഉരുൾപൊട്ടൽ. ഇപ്പോഴത്തെ ദുരന്ത സ്ഥലത്ത് നാലുവർഷം മുൻപും അതിതീവ്ര ഉരുൾപൊട്ടൽ. അന്ന് കുടുങ്ങിയവരെ രക്ഷിച്ചത് റോപ് വേ ഉപയോഗിച്ച്. രക്ഷാദൗത്യത്തിൽ കൈമെയ് മറന്ന് ഏകോപനത്തോടെ കേന്ദ്ര, സംസ്ഥാന ഏജൻസികളും സൈന്യവും. രക്ഷാപ്രവർത്തനം നേരിട്ട് ഏകോപിപ്പിച്ച് മുഖ്യമന്ത്രി

2020 ആഗസ്റ്റ് ഏഴിനായിരുന്നു മുണ്ടക്കൈയിൽ ഇതിനു മുൻപ് ഉരുൾപൊട്ടിയത്. മേപ്പാടി പഞ്ചായത്ത് പതിനൊന്നാം വാർഡിലെ മുണ്ടക്കൈ പുഞ്ചിരി മട്ടം ആദിവാസി കോളനിക്ക് സമീപമാണ് ഉരുൾപൊട്ടിയത്.

New Update
wayanad disaster

കൽപ്പറ്റ: കേരളത്തെ നടുക്കിയ വയനാട്ടിലെ ഉരുൾ ദുരന്തമുണ്ടായ മേപ്പാടിക്കടുത്ത മുണ്ടക്കൈയിൽ ഇത് രണ്ടാംവട്ടമാണ് ഉരുൾദുരന്തം സംഭവിക്കുന്നത്. 2020 ആഗസ്റ്റ് ഏഴിനായിരുന്നു മുണ്ടക്കൈയിൽ ഇതിനു മുൻപ് ഉരുൾപൊട്ടിയത്. മേപ്പാടി പഞ്ചായത്ത് പതിനൊന്നാം വാർഡിലെ മുണ്ടക്കൈ പുഞ്ചിരി മട്ടം ആദിവാസി കോളനിക്ക് സമീപമാണ് ഉരുൾപൊട്ടിയത്.

Advertisment

രണ്ട് വീടുകളും റിസോർട്ടും രണ്ട് പാലങ്ങളും തകർത്തെറിഞ്ഞു. അന്ന് കനത്തമഴയും അപകടഭീഷണിയും ഉണ്ടായിരുന്നതിനാൽ ഇവിടെയുളള കുടുംബങ്ങളെ ഏതാനും ദിവസങ്ങൾക്ക് മുമ്പ് തന്നെ അധികൃതർ ഇടപെട്ട് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിരുന്നു.

അത് കൊണ്ട് വൻ ദുരന്തം ഒഴിവായി.  ഉരുൾപൊട്ടിയ സ്ഥലത്ത് കുടുങ്ങിയവരെ അഗ്‌നിരക്ഷാ സേനയും ദേശീയ ദുരന്ത നിവാരണ സേനയും ചേർന്ന് റോപ് വേ ഉപയോഗിച്ച് അതിസാഹസികമായി രക്ഷപെടുത്തു‌കയായിരുന്നു.


2019 ഓഗസ്റ്റ് എട്ട് വ്യാഴാഴ്ചയാണ് വയനാട്ടിലെ പുത്തുമല ദുരന്തമുണ്ടായത്. അതിന്റെ അഞ്ചാം വാർഷികത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കെ മറ്റൊരു മഹാദുരന്തം നാടിനെ നടുക്കിയത്. പുത്തുമലയിൽ നിന്നും 3 കിലോമീറ്റർ അകലെയാണ് മറ്റൊരു ദുരന്തഭൂമിയായി ചൂരൽമലയും മുണ്ടക്കൈയും മാറിയത്.


ഇപ്പോൾ വെള്ളരിമല വില്ലേജ് പരിധിയിലെ ചൂരൽമല, അട്ടമല, മുണ്ടക്കൈ എന്നീ പ്രദേശങ്ങളിൽ താമസിക്കുന്ന 1200 ഓളം കുടുംബങ്ങളാണ് ദുരന്തത്തിന്റെ ഇരയാക്കപ്പെട്ടത്. ചൂരൽമല സ്‌കൂൾറോഡിന് ഇരുവശത്തും താമസിക്കുന്ന കുടുംബങ്ങൾ അടക്കമുള്ളവരാണ് ദുരന്തത്തിൽ പെട്ടത്.

മലയോര പ്രദേശമായ മുണ്ടക്കൈ പുഞ്ചിരി മട്ടത്തു നിന്നും കഴിഞ്ഞ ദിവസത്തെ ശക്തമായ മഴയെ തുടർന്ന് ഏതാനും കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചിരുന്നു. മണ്ണിടിച്ചിലിന് സാധ്യത കുറവുള്ള പ്രദേശം എന്ന നിലയ്ക്ക് സ്‌കൂൾറോഡ് ഭാഗത്ത് താമസിച്ചിരുന്നവർ ആരും തന്നെ ക്യാമ്പുകളിലേക്ക് ബന്ധുവീടുകളിലേക്കോ മാറിയിരുന്നില്ല.

ഉറങ്ങിക്കിടക്കുമ്പോഴാണ് പലരും ദുരന്തത്തിനിരയായത്. ശക്തമായ മഴ പെയ്യുന്നതിനിടയിൽ മുണ്ടക്കൈ ഭാഗത്തുനിന്നും ഇടിമുഴക്കം കേട്ടതോടെ പലരും വീടുകളിൽ നിന്നും ഇറങ്ങിയോടി. ഓടുന്നതിനിടയിലാണ് പലരെയും മരണം തട്ടിയെടുത്തത്.  

സ്ത്രീകളുടെ മൃതദേഹങ്ങളാണ് ഇത്തരത്തിൽ കൂടുതലായി ലഭിച്ചത്. വീടുകൾ ഉൾപ്പെടെ ഒഴുകിപ്പോയി. അപകട സാധ്യത മുന്നറിയിപ്പ് ലഭിച്ചിരുന്നുവെങ്കിൽ ഈ ഭാഗത്തെ കുടുംബങ്ങൾ മറ്റു സ്ഥലങ്ങളിലേക്ക് മാറി താമസിക്കുമായിരുന്നു. കൃത്യമായ നിർദ്ദേശങ്ങൾ ലഭിക്കാത്തതാണ് ആളുകൾ വീടുകളിൽ തുടരാനിടയാക്കിയത്.


ഇടുക്കി പെട്ടിമുടിയിലെ ദുരന്തവും ഒരു ആഗസ്റ്റിലായിരുന്നു. 2020 ആഗസ്റ്റ് ആറിന് രാത്രി 10.45നായിരുന്നു തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന ലയങ്ങൾക്കു മുകളിലേക്ക് ഉരുൾപൊട്ടിയെത്തിയ കല്ലും മണ്ണും പതിച്ചത്. ഗതാഗത വാർത്താവിനിമയ വൈദ്യുതി ബന്ധങ്ങളെല്ലാം തകരാറിലായതോടെ ദുരന്തം പുറം ലോകമറിയുന്നത് നേരം പുലർന്നിട്ടാണ്.


രാവിലെ ആദിവാസികളും മറ്റ് തോട്ടം തൊഴിലാളികളും ചേർന്ന് കൈകൊണ്ട് മണ്ണുമാന്തി ദുരന്തത്തിലകപ്പെട്ട 82 പേരിൽ 12 പേരെ രക്ഷപെടുത്തി. പുഴയിലൂടെ ഒഴുകിപ്പോയ മൃതദേഹം 14 കിലോമീറ്റർ ദൂരെ എട്ടടിയിലധികം ഉയരമുള്ള മരത്തിൽ നിന്ന് വരെ കണ്ടെത്തി.

18 ദിവസം നീണ്ട തെരച്ചിലിൽ ആകെ 66 മൃദേഹങ്ങൾ കണ്ടെടുത്തു. മരിച്ചവരിൽ ഒരു ഗർഭിണിയും 18 കുട്ടികളും ഉൾപ്പെടും. 22 കുടുംബങ്ങളിൽ 14 കുടുംബങ്ങൾ പൂർണമായും ഇല്ലാതായി. മൃതദേഹങ്ങൾ രാജമല എസ്റ്റേറ്റിൽ തന്നെ വലിയ കുഴിയെടുത്ത് ഒരുമിച്ചാണ് സംസ്‌കരിച്ചത്.

ദുരന്തഭൂമി ഇന്ന് കാട് പിടിച്ച് പ്രേതഭൂമിയായി മാറി. 85 കുടുംബങ്ങൾ താമസമുണ്ടായിരുന്ന ഡിവിഷനിൽ ഇന്ന് അന്യസംസ്ഥാന തൊഴിലാളികൾ മാത്രമാണ് അധിവസിക്കുന്നത്. അപകടത്തിൽ നിന്ന് രക്ഷപ്പെട്ട എട്ട് കുടുംബങ്ങൾക്ക് സർക്കാർ കുറ്റിയാർവാലിയിൽ പുതിയ വീടുകൾ നിർമ്മിച്ച് നൽകിയിരുന്നു.


മനുഷ്യജീവൻ ഏറ്റവും കൂ­ടു­തൽ‍ അപഹരിക്കപ്പെടുന്ന പ്രകൃ­തി­ ദു­രന്തമാണ് ഉരു­ൾ‍പൊ­ട്ടൽ‍. കേരളത്തിൽ ഉരുൾപൊട്ടൽ സാർവത്രികമായിക്കൊണ്ടിരിക്കുന്നു. 80 മുതൽ 100 വരെ ഉരുൾപൊട്ടൽ മലബാർ മേഖലയിൽ സംഭവിച്ചിട്ടുണ്ട്. വികസന സങ്കൽപ്പങ്ങളിൽ മാറ്റം വരുത്താൻ തയാറായില്ലെങ്കിൽ ഇത്തരം പ്രതിഭാസങ്ങൾ ഇനിയും ആവർത്തിക്കുമെന്ന് വിദഗ്ദ്ധ‌ർ മുന്നറിയിപ്പ് നൽകുന്നു.


ഏകവി­ള തോ­ട്ടങ്ങളുടെ വ്യാപനവും വാർഷികവിളകളുടെ കൃഷിയും ഉരുൾപൊട്ടൽ സാദ്ധ്യത വർദ്ധിപ്പിക്കുന്നു. മണ്ണ് ഇളക്കി­മറി­ച്ചു­ കൊണ്ടുള്ള കൃ­ഷി­ അപകടകരമാ­ണ്. കേ­രളം പൊതുവെ ചരിവുള്ള മലമ്പ്രദേശമാണ്. മലഞ്ചരിവുകൾ, റോഡ്, കെട്ടിടനിർമ്മാണങ്ങൾക്ക് അനുയോജ്യമല്ല. ചരി­വു­ള്ള പ്രദേ­ശങ്ങളിൽ‍ കപ്പ, വാഴ, പച്ചക്കറികൾ തുടങ്ങി എപ്പോഴും മണ്ണ് ഉഴുതുമറിച്ചു കൊണ്ടുള്ള കൃ­ഷി­കൾ അനുവദനീയമല്ല.

ഉരുൾപൊട്ടലുകളുടെ പ്രധാന കാരണം മരംമുറിയ്‌ക്കലും വനനശീകരണവുമാണ്. മഴവെ­ള്ളം ഭൂമിയുടെ ഉപരിതലത്തിലൂടെ നീർച്ചാലുകൾ വഴി ഒഴുകി താഴേക്ക് പോകുന്ന പ്രദേശങ്ങളിൽ ഉരുൾപൊട്ടൽ സാദ്ധ്യത കുറവാണ്. മണ്ണ് താഴേക്ക് ഒലിച്ചിറങ്ങാതെ ഭൂതലത്തിൽ ചേർ‍ന്നി­രി­ക്കണമെ­ങ്കിൽ‍ മണ്ണി­നെ­ ചേ­ർ‍ത്തുപി­ടി­ക്കു­ന്ന മരങ്ങളുണ്ടാവണം, മണ്ണിന് മുകളിൽ സസ്യാവരണം വേണം.

മരം മുറിക്കലും വനനശീകരണവും ഈ ആവരണമാണ് ഇല്ലാതാക്കിയത്. മലയിലെ മേൽമണ്ണ് താഴേക്ക് ഒഴുകിപ്പോകാതെ പിടിച്ചു നിറുത്തണമെങ്കിൽ ഭൂതലത്തിൽ വി­ള്ളലു­കൾ‍ ഉണ്ടാ­കരുത്.  100ൽ‍ കു­റയാ­ത്ത വലു­തും ചെ­റു­തു­മാ­യ ഉരുൾ‍പൊ­ട്ടൽ‍ മലബാർ മേഖലയിലുണ്ടാ­യതായി കണക്കുകൾ സൂചിപ്പിക്കുന്നു.വയനാ­ട്, ഇടു­ക്കി­, കോ­ഴി­ക്കോ­ട്, മലപ്പുറം എന്നീ ജില്ലകളിലാണ് ഉരു­ൾ‍പൊ­ട്ടൽ‍ കൂടുതൽ നാശം വിതച്ചത്.

Advertisment