പ്രിയങ്കയുടെ ലൂര്‍ദ് മാതാ പള്ളി സന്ദര്‍ശനം- തെരഞ്ഞെടുപ്പു കമ്മീഷനു പരാതി നല്‍കി എല്‍.ഡി.എഫ്. പ്രിയങ്ക വൈദികരുടെ സാന്നിധ്യത്തില്‍ പ്രാര്‍ഥന നടത്തി വീഡിയോ ചിത്രീകരിച്ച് പ്രചാരണത്തിന് ഉപയോഗിച്ചെന്ന് എൽഡിഎഫ്. വിവാദമായതോടെ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി വീഡിയോ

New Update
1200_6731462121dd1_55d4246c-e9c8-49fd-a76a-65fd710635b5

കല്‍പ്പറ്റ : വയനാട് ലോക്‌സഭാ മണ്ഡലത്തില്‍  യു.ഡി.എഫിന്റെ ക്രൈസ്തവ കാര്‍ഡിനെതിരെ എല്‍.ഡി.എഫ്.  സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധി പള്ളിക്കുന്ന് ലൂര്‍ദ് മാതാ പള്ളിയിൽ സന്ദര്‍ശനം നടത്തിയത് തെരഞ്ഞെടുപ്പു ചട്ടങ്ങളുടെ ലംഘനമാണെന്ന ആരോപണമാണ് എല്‍.ഡി.എഫ്. ഉന്നയിക്കുന്നത്.

Advertisment

വേട്ടെടുപ്പു ദിവസവും യു.ഡി.എഫിന്റെ കപട ക്രൈസ്തവ പ്രീണനം എന്നാണ് പ്രിയങ്കയുടെ സന്ദര്‍ശനത്തെ എല്‍.ഡി.എഫ് വിശേഷിപ്പിക്കുന്നത്.


കമ്പളക്കാട് നല്‍കിയ സ്വീകരണത്തിന് ശേഷം നായ്ക്കട്ടിയിലെ കോര്‍ണര്‍ യോഗത്തില്‍ പങ്കെടുക്കാന്‍ പോകവേയാണ് പ്രിയങ്ക ഗാന്ധി പള്ളിക്കുന്ന് ലൂര്‍ദ് മാതാ പള്ളിയിലെത്തിയത്.


പ്രിയങ്ക ഗാന്ധി എത്തിയപ്പോള്‍ പള്ളിയില്‍ പ്രാര്‍ഥന നടക്കുകയായിരുന്നു. ഫാ. തോമസ് പനയ്ക്കല്‍, പള്ളി വികാരി ഫാ. അലോഷ്യസ് എന്നിവരുടെ നേതൃത്വത്തില്‍ പ്രിയങ്ക ഗാന്ധിയെ സ്വീകരിച്ചു. തുടര്‍ന്ന് പ്രിയങ്കയ്ക്ക് വേണ്ടി വൈദികൻ പ്രാര്‍ഥന നടത്തി. 


പള്ളിയിലൊരുക്കിയ ചായസല്‍ക്കാരത്തിലും പ്രിയങ്ക പങ്കെടുത്തു. പള്ളിക്കുന്ന് പെരുന്നാളിന് പ്രിയങ്ക ഗാന്ധിയെ ഫാ. തോമസ് പനയ്ക്കല്‍ ക്ഷണിച്ചു. ടി സിദ്ദീഖ് എംഎല്‍ എ, ഡിസിസി പ്രസിഡന്റ് എന്‍.ഡി. അപ്പച്ചന്‍ എന്നിവരും സ്ഥാനാര്‍ഥിക്കൊപ്പമുണ്ടായിരുന്നു.


എന്നാൽ ഈ വീഡിയോ യു ഡി എഫ് കേന്ദ്രങ്ങൾ പ്രചരിപ്പിച്ചില്ല. പക്ഷെ പള്ളിയിൽ വിശ്വാസികളുടെ കൂട്ടായ്മകളിൽ പ്രിയങ്ക പള്ളിയിൽ വന്ന വീഡിയോ വൈറലായി.

ഇതോടെ ആരാധനാലയവും മതചിഹ്നങ്ങളും യുഡിഎഫ് സ്ഥാനാർഥി തെരഞ്ഞെടുപ്പ് പ്രാചാരണത്തിന് ഉപയോഗിച്ചെന്ന് ആരോപിച്ച് പ്രിയങ്ക ഗാന്ധിക്കെതിരെ എൽ ഡി എഫ് തെരഞ്ഞെടുപ്പ് കമ്മിഷനില്‍ പരാതി നല്‍കി.


എല്‍.ഡി.എഫ് വയനാട് പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റിയാണ് പരാതി നല്‍കിയത്.  പള്ളിയില്‍ സന്ദര്‍ശനത്തിനെത്തിയ പ്രിയങ്ക വൈദികരുടെ സാന്നിധ്യത്തില്‍ പ്രാര്‍ഥന നടത്തിയതിന്റെ വീഡിയോയും ചിത്രങ്ങളും പകര്‍ത്തി തെരഞ്ഞെടുപ്പ് പ്രാചാരണത്തിനായി ഉപയോഗിച്ചെന്നും ദേവാലയത്തില്‍ വച്ച് പ്രിയങ്ക വോട്ട് അഭ്യര്‍ഥിച്ചെന്നുമാണ് എല്‍ഡിഎഫിന്റെ പരാതി.


തെരഞ്ഞെടുപ്പ് ചട്ടങ്ങളും നിയമങ്ങളും ലംഘിച്ചാണ് കോണ്‍ഗ്രസ് പ്രചാരണം നടത്തുന്നതെന്നും എല്‍ഡിഎഫ് ആരോപിച്ചു. ഇതിനിടെ പ്രിയങ്ക പ്രചാരണത്തിനിടെ മദര്‍ തെരേസയേ കണ്ടു മുട്ടിയതും മഠത്തില്‍ സഹോദരിമാര്‍ക്കൊപ്പം സേവനം ചെയ്ത അനുഭവും പറഞ്ഞിരുന്നു.

ആദ്യമായായിരുന്നു പ്രിയങ്ക ഇക്കാര്യങ്ങള്‍ തുറന്നു പറഞ്ഞത്. പിന്നാലെ ഇതു കേരളത്തിന് പുറത്തു പറയാന്‍ കഴിയാത്തതുകൊണ്ടാണ് വയനാട്ടില്‍ പറഞ്ഞതെന്ന് ആക്ഷേപവുമായി ബി.ജെ.പി. സൈബര്‍ ഗ്രൂപ്പുകളും എത്തിയിരുന്നു.

Advertisment