/sathyam/media/media_files/2024/11/11/frBCFR4iwAqJNNchPcwP.jpg)
കല്‍പറ്റ: രണ്ടാം പ്രിയദർശിനിയാവാൻ പ്രിയങ്ക ഒരുങ്ങിയിറങ്ങിയപ്പോൾ രാഷ്ട്രീയം ചർച്ചചെയ്യാൻ മടിച്ച് വയനാട്. പ്രിയങ്കയ്ക്ക് ലഭിക്കുന്ന സര്‍വ്വകാല റെക്കാഡ് ഭൂരിപക്ഷത്തിൽ വികസനം സ്വപ്നം കാണുകയാണ് വയനാട്ടിലെ വോട്ടർമാർ.
ഉപതെരഞ്ഞെടുപ്പ് ഉത്സവത്തിനിടെ മേപ്പാടിയിലെ പുനരധിവാസ പ്രവർത്തനം പോലും നിലച്ചത് ദുരന്തബാധിതർക്കും തിരിച്ചടിയായി.
ഏഴുമാസത്തിനിടെ രണ്ടാമത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്ക് വയനാട് നീങ്ങുമ്പോൾ മണ്ഡലത്തിൽ കാര്യമായ രാഷ്ട്രീയ ചർച്ചകൾ ഒന്നും നടന്നില്ലെന്നതാണ് സത്യം. മറിച്ച് പ്രിയങ്കാ ഗാന്ധിയുടെ രാഷ്ട്രീയ അരങ്ങേറ്റത്തിൻ്റെ ഉത്സവ പറമ്പായി മാറുകയായിരുന്നു മണ്ഡലം.
രൂപീകൃതമായതു മുതൽ വയനാട് ലോക്‌സഭാ മണ്ഡലത്തിലെ വിജയം യുഡിഎഫിനൊപ്പമാണ്. 2009ലും 2014ലും കോൺഗ്രസിലെ എം.ഐ ഷാനവാസ് ലോക്‌സഭയിലെത്തി.
2009ൽ 1,53,439 വോട്ടായിരുന്നു ഭൂരിപക്ഷം. 2014ൽ ഇത് 20,870 വോട്ടായി കുറഞ്ഞു. പി.വി അൻവർ ഇടതുപക്ഷത്തിനെതിരെ നിന്ന് അന്ന് 35,000ത്തിലധികം വോട്ടുകൾ നേടിയിരുന്നു.
പി.വി അൻവർ അന്ന് മത്സരിച്ചില്ലായിരുന്നെങ്കിൽ വിജയം ഇടതുചേരിയിലെത്തുമായിരുന്നു. വയനാടിന്റെ ചരിത്രവും മാറുമായിരുന്നു.
2019ൽ സുരക്ഷിത മണ്ഡലം തേടി രാഹുൽഗാന്ധി വയനാട്ടിലെത്തിയതോടെ മണ്ഡലം ദേശീയ ശ്രദ്ധ നേടി. 4,31,770 വോട്ടായിരുന്നു രാഹുല്‍ ഗാന്ധിയുടെ ഭൂരിപക്ഷം. പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന് ഘോഷിച്ചായിരുന്നു പ്രചരണം.
എന്നാൽ 2024ൽ രാഹുലിൻ്റെ ഭൂരിപക്ഷം 3,64,422 വോട്ടായി കുറഞ്ഞു. തെരഞ്ഞെടുപ്പിൽ വിജയിച്ച രാഹുൽ രണ്ടാം മണ്ഡലമായ റായ്ബറേലി നിലനിർത്താൻ തീരുമാനിച്ചതോടെയാണ് വയനാട്ടിൽ വീണ്ടും ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.
അവിടെ രാഹുലിന്റെ പിൻഗാമിയായി സഹോദരി പ്രിയങ്കയെത്തി. രാഷ്ട്രീയത്തിൽ പ്രിയങ്കയുടെ കന്നിയങ്കം. എതിരാളികളിൽ പ്രധാനമായി സിപിഐയുടെ സത്യൻ മൊകേരിയും ബിജെപിയുടെ നവ്യ ഹരിദാസും. വയനാട് കാലങ്ങളായി നേരിടുന്ന വികസന വിഷയങ്ങൾ നിരവധിയുണ്ട്. തിരഞ്ഞെടുപ്പുകളിൽ ചർച്ചയാവേണ്ടവ, പരിഹാരം കാണേണ്ടവ.
ഈ ഉപതെരഞ്ഞെടുപ്പിലും അത് ചർച്ച ആവേണ്ടത് തന്നെയായിരുന്നു. ദേശീയപാത 766ലെ ബന്ദിപ്പുര വനഭാഗത്ത് പതിറ്റാണ്ടിലധികമായി തുടരുന്ന രാത്രിയാത്രാ വിലക്ക്, വനാതിർത്തി പ്രദേശങ്ങളിലെ അതിരൂക്ഷമായ മനുഷ്യ-വന്യജീവി സംഘർഷം, കാർഷിക പ്രതിസന്ധി, പ്രകൃതി ദുരന്തം അങ്ങനെ പോകുന്നു ആ പട്ടിക.
എന്നാൽ ഈ ഉപതെരഞ്ഞെടുപ്പിൽ പക്ഷേ കാര്യമായ ഒരു രാഷ്ട്രീയവും വയനാട്ടിൽ ചർച്ച ചെയ്യപ്പെട്ടിട്ടില്ല. മാധ്യമശ്രദ്ധ മുഴുവൻ പ്രിയങ്കാ ഗാന്ധിയുടെ പ്രചരണ വേദികളിലായി അവർക്ക് ലഭിക്കാവുന്ന ഭൂരിപക്ഷവും ചർച്ച ചെയ്തു.
ഭാവിയിൽ കോൺഗ്രസിനെ നയിക്കുന്ന ഒരു വ്യക്തിയുടെ രംഗപ്രവേശനത്തിൻ്റെ കളം ഒരുക്കുക മാത്രമായിരുന്നു വയനാട്ടിൽ കണ്ടത്. എവിടെയും റോഡ് ഷോ. പ്രിയങ്ക ഗാന്ധിയിലൂടെ നാളത്തെ പ്രധാനമന്ത്രിയെയാണ് വയനാട്ടിലെ ഭൂരിപക്ഷം വോട്ടർമാരും കാണുന്നത്.
രണ്ടാം പ്രിയദർശിനിയുടെ രാഷ്ട്രീയ ഉദയമായി വരെ കാര്യങ്ങൾ ചിത്രീകരിക്കപ്പെട്ടു. ഈ പ്രചരണ തന്ത്രത്തിനിടയിൽ എല്ലാം മുങ്ങിപ്പോയത് ഉരുളെടുത്തവരുടെ ജീവിതമായിരുന്നു.
ഉപതെരഞ്ഞെടുപ്പിന്റെ ബഹളത്തിനിടയിൽ പുനരധിവാസ പ്രക്രിയകൾ എല്ലാം നിലച്ചു. ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്യാതെ കിടന്നതോടെ പുഴുവരിച്ചു. എല്ലാം താറുമാറായി.
ഇനിയെല്ലാം ഒന്ന് പഴയപടി ആവണമെങ്കിൽ തെരഞ്ഞെടുപ്പിന്റെ കോലാഹലങ്ങൾ എല്ലാം അടങ്ങണം. അതുവരെ കാത്തിരിക്കാനായിരിക്കും എല്ലാം നഷ്ടപ്പെട്ട മുണ്ടകൈ ഗ്രാമക്കാരുടെ വിധി.