/sathyam/media/media_files/2025/01/16/uLTz5Bfi071s5PJnw2NV.jpg)
സംസ്ഥാന വിവരാവകാശ കമ്മീഷന്റെ ആഭിമുഖ്യത്തിൽ കൽപ്പറ്റ താലൂക്കിലെ അപ്പ്ലറ്റ് അതോറിറ്റി, എസ്പിഒ ഉദ്യോഗസ്ഥര്‍ക്ക് പുത്തൂര്‍ വയല്‍ സ്വാമിനാഥന്‍ ഫൗണ്ടേഷൻ ഹാളില്‍ സംഘടിപ്പിച്ച ഏകദിന ശിൽപശാല വിവരാവകാശ കമ്മീഷണർ ഡോ. എ. അബ്ദുൾ ഹക്കീം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു
കല്പറ്റ: വിവരാവകാശ നിയമത്തെ ദുര്‍ബലപ്പെടുത്താന്‍ പല നിലക്കും ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും അതനുവദിക്കരുതെന്നും സംസ്ഥാന വിവരാവകാശ കമ്മിഷണര്‍ ഡോ. എ.അബ്ദുല്‍ ഹക്കിം പറഞ്ഞു.
സംസ്ഥാന വിവരാവകാശ കമ്മീഷന്റെ ആഭിമുഖ്യത്തില്‍ കല്‍പ്പറ്റ താലൂക്കിലെ അപ്പ്ലറ്റ് അതോറിറ്റി, എസ്.പി.ഐ.ഒ ഉദ്യോഗസ്ഥര്‍ക്ക് പുത്തൂര്‍ വയല്‍ എം.എസ് സ്വാമിനാഥന്‍ ഫൗണ്ടേഷന്‍ ഹാളില്‍ സംഘടിപ്പിച്ച ഏകദിന ശില്‍പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനാധിപത്യത്തിന്റെ അഞ്ചാം സ്തംഭവും നെടുന്തൂണുമായി വളര്‍ന്നുവന്ന ഈ നിയമത്തെ ഏതുവിധേനയും സംരക്ഷിക്കാന്‍ ഉദ്യോഗസ്ഥരും സാമൂഹ്യ പ്രവര്‍ത്തകരും ജാഗ്രത പുലര്‍ത്തണം.
അഴിമതിക്കാര്‍ക്ക് ചൂട്ടുപിടിക്കുന്ന ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വം ആര്‍ടിഐ നിയമത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നുണ്ട്.
അഴിമതിയും സ്വജന പക്ഷപാതവും മായവും ചതിയും വഞ്ചനയുമെല്ലാം സമൂഹത്തെ വരിഞ്ഞുമുറുക്കിയിരിക്കുന്നു. ഇക്കാലത്ത് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ജനങ്ങളോട് സത്യം വിളിച്ചു പറയണം.
ഔദ്യോഗിക രഹസ്യ നിയമത്തിനുമേല്‍ വിവരാവകാശ നിയമം ആധിപത്യം സ്ഥാപിച്ചുകഴിഞ്ഞതിനാല്‍ സത്യപ്രതിജ്ഞകള്‍പോലും സുതാര്യതാ സംരക്ഷണ പ്രതിജ്ഞകളാകണം.
ജനാധിപത്യത്തിലെ ദുര്‍ബലന്റെ നീതിയുടെ പടവാളാണ് ആര്‍ടിഐ നിയമമെന്നും അതിന്‍െ കാവല്‍ക്കാരായി ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കണമെന്നും ഹക്കിം അഭ്യര്‍ത്ഥിച്ചു.
മേലുദ്യോഗസ്ഥരുടെ സമ്മര്‍ദ്ദത്തിനു വഴങ്ങി വിവരം നിഷേധിക്കുന്നവരും ഫയല്‍ കാണുന്നില്ല, വിവരം ലഭ്യമല്ല എന്ന് മറുപടി നല്‍കുന്നവരും വിവരാവകാശനിയമ പ്രകാരമുള്ള നടപടി നേരിടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വത്തിനെതിരെ ആരംഭിച്ച അതിശക്തമായ തൊഴിലാളി വര്‍ഗസമരത്തിന്റെ ഫലമായിട്ടാണ് ഇന്നത്തെ ആര്‍.ടി.ഐ നിയമം രൂപപ്പെട്ടത്.
വിവരം ലഭിക്കൽ പൗരൻറെ അവകാശമായി മാറിയതോടെ നിയമനിര്‍മ്മാണസഭയില്‍ ജനങ്ങളുടെ ചോദ്യങ്ങൾക്ക് ഭരണ സംവിധാനം സമയ ബന്ധിതമായി മറുപടി നല്കി വരികയാണ്.
ഡിപ്പാര്‍ട്ടമെന്റല്‍ ഓഡിറ്റിന്റെയും ജുഡീഷ്യല്‍ സ്ക്രൂട്ടിണിയുടെയും എ.ജി ഓഡിറ്റിന്റെയും ലെജിസ്ലേച്ചറിന്റെയും പരിശോധനയ്ക്ക് അപ്പുറത്ത് പൗരന് സര്‍ക്കാറിന്റെ ഫയലുകള്‍ പരിശോധിക്കുന്നതിനുള്ള സ്വാതന്ത്ര്യമാണ് വിവരാവകാശ നിയമം നല്‍കുന്നത്.
ഇന്ത്യന്‍ ജനാധിപത്യത്തിന്റെ നെടും തൂണാണ് പൗരന്‍. ആ പൗരനെ നെടുംതൂണാക്കി വളര്‍ത്തിയ നിയമമാണ് വിവരാവകാശനിയമം.
ഈ നിയമം ജനാധിപത്യത്തിലെ കാര്യനിര്‍വ്വഹണ വിഭാഗത്തിന് ജനങ്ങളോടുള്ള ഉത്തരവാദിത്വം വര്‍ദ്ധിപ്പിക്കുന്നു.
ഭരണത്തില്‍ സുതാര്യതയും വിശ്വാസ്യതയും വര്‍ദ്ധിപ്പിക്കുന്നു. അഴിമതി ഇല്ലാതാക്കുന്നു. സര്‍ക്കാര്‍ എന്റെ നികുതി പണം എങ്ങനെ വിനിയോഗിക്കുന്നു എന്ന് അറിയാൻ പൗരന് അവസരം നല്‍കുന്നു.
പഞ്ചായത്ത് മുതല്‍ പാര്‍ലമെന്റ് വരെയും വില്ലേജ് ഓഫീസ് മുതല്‍ സെക്രട്ടറിയേറ്റ് വരെയും കടന്ന് ചെന്ന് കാര്യങ്ങൾ അന്വേഷിക്കാൻ പൗരന് അധികാരം നല്‍കുന്നു - അദ്ദേഹം വിശദമാക്കി.
വിവരാവകാശ നിയമം സംരക്ഷിക്കപ്പെടണം
ധാര്‍മികമായ കടമകള്‍ നിറവേറ്റാതെ വരുമ്പോഴാണ് നിയമങ്ങള്‍ സൃഷ്ടിക്കപ്പെടുന്നത്. ഇന്ന് വിവരാവകാശം മൗലികാവകാശമാണ്. അത് സംരക്ഷിക്കപ്പെടണമെന്നും വിവരാവകാശ കമ്മീഷണര്‍ അഡ്വ ടി. കെ രാമകൃഷ്ണന്‍ പറഞ്ഞു.
പുത്തൂര്‍ വയല്‍ എം എസ് സ്വാമിനാഥന്‍ റിസേര്‍ച്ച് ഫൗണ്ടേഷന്‍ ഹാളില്‍ നടന്ന ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. എ.ഡി.എം കെ. ദേവകി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി. റഷീദ് ബാബു എന്നിവര്‍പ്രസംഗിച്ചു.