നരഭോജി കടുവയെ പിടികൂടാൻ കഴിഞ്ഞില്ലെങ്കിൽ വെടിവച്ചുകൊല്ലും. ഉത്തരവിറക്കി ചീഫ് വൈൽഡ് ലൈഫ് വാർഡൻ. കടുവയ്ക്കായുള്ള തിരച്ചിൽ തുടരുന്നു

കൂട് സ്ഥാപിച്ച് കടുവയെ പിടിക്കാനോ മയക്കുവെടിവെച്ച് പിടിച്ച് ജനവാസമേഖലയല്ലാത്ത പ്രദേശത്തേക്ക് മാറ്റുകയോ ചെയ്യാൻ സാധിക്കുന്നില്ലെങ്കിൽ വെടിവെയ്ക്കാമെന്നാണ് ഉത്തരവിൽ പറയുന്നത്.

New Update
tiger attack wayanad

മാനന്തവാടി: പഞ്ചാരകൊല്ലിയിൽ ആദിവാസി യുവതി രാധയെ കൊലപ്പെടുത്തിയ നരഭോജി കടുവയെ വെടിവച്ചു കൊല്ലാൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ് ജി കൃഷ്ണൻ ഉത്തരവിറക്കി.

Advertisment

കേന്ദ്ര സർക്കാരിന്റെ എസ്.ഒ.പി. പ്രകാരം പ്രത്യേക സമിതി രൂപീകരിച്ചു കൊണ്ട്‌ നേരത്തെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. സമിതി യോഗം ചേർന്ന്‌ ശുപാർശ ചെയ്തത് കണക്കിലെടുത്താണ് ഉത്തരവ് പുറപ്പെടുവിച്ചത്. 


കടുവയെ പിടികൂടാൻ കഴിഞ്ഞില്ലെങ്കിൽ വെടിവച്ചുകൊല്ലുമെന്ന്‌ ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ് ജി കൃഷ്ണന്‍ അറിയിച്ചു. 


ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ മറ്റ് ഭാഗങ്ങളിൽനിന്ന് വിദഗ്ധരായ ഷൂട്ടർമാരെയും വെറ്ററിനറി ഡോക്ടർമാരെയും അടിയന്തരമായി വയനാട് എത്തിക്കും.

പ്രവർത്തനങ്ങളുടെ ഏകോപനത്തിന്‌ നോർത്തേൺ സർക്കിൾ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ കെ എസ് ദീപയെ ചുമതലപ്പെടുത്തി. 


കൂട് സ്ഥാപിച്ച് കടുവയെ പിടിക്കാനോ മയക്കുവെടിവെച്ച് പിടിച്ച് ജനവാസമേഖലയല്ലാത്ത പ്രദേശത്തേക്ക് മാറ്റുകയോ ചെയ്യാൻ സാധിക്കുന്നില്ലെങ്കിൽ വെടിവെയ്ക്കാമെന്നാണ് ഉത്തരവിൽ പറയുന്നത്.


രാവിലെ മാനന്തവാടിക്കു സമീപമുള്ള പഞ്ചാരക്കൊല്ലിയില്‍ കടുവയുടെ ആക്രമണത്തിലാണ് ആദിവാസി സ്ത്രീയുടെ ജീവന്‍ നഷ്ടമായത്.

വനംവകുപ്പു താല്‍കാലിക വാച്ചര്‍ അച്ചപ്പന്റെ ഭാര്യയാണ് കൊല്ലപ്പെട്ട രാധ. പ്രദേശത്ത് പരിശോധന നടത്തിയിരുന്ന തണ്ടര്‍ബോള്‍ട്ട് സംഘമാണു സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്.


രാധയെ കടുവ ആക്രമിച്ച ശേഷം വലിച്ചിഴച്ചുവെന്നും പ്രദേശവാസികള്‍ പറയുന്നു.


നരഭോജി കടുവയെ വെടിവെച്ച് കൊല്ലണമെന്നാവശ്യപ്പെട്ട് വലിയ പ്രതിഷേധമാണ് സംഭവസ്ഥലത്തുയർന്നത്. മാനന്തവാടിയിലെ ഡി.എഫ്.ഒ ഓഫീസിലേക്ക് യു.ഡി.എഫ് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു. 

വന്യജീവി ആക്രമണങ്ങളുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നല്‍കുന്ന വാഗ്ദാനങ്ങള്‍ പാലിക്കപ്പെടുന്നില്ലെന്ന് ആരോപിച്ച് നടത്തിയ മാര്‍ച്ച് അക്രമാസക്തമായി.

ശനിയാഴ്ച മാനന്തവാടി നഗരസഭയില്‍ യു.ഡി.എഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. രാധയുടെ മൃതദേഹം ശനിയാഴ്ച സംസ്കരിക്കും. 

Advertisment