വയനാട്: രാജ്യത്തെ നടുക്കിയ വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം നടന്നിട്ട് ആറ് മാസം തികയുന്നു. ദുരന്തം കഴിഞ്ഞ് അരകൊല്ലം കഴിഞ്ഞിട്ടും ദുരന്തത്തിൽ സർവതും നഷ്ടപ്പെട്ടവരുടെ പുനരധിവാസത്തിനുളള നടപടികൾ പ്രഖ്യാപനത്തിൽ തന്നെ കിടക്കുകയാണ്.
2024 ജൂലൈ 30നാണ് 251 പേർ മരിക്കുകയും 31 പേരെ കാണാതാകുകയും ചെയ്ത ദുരന്തത്തിൽ കിടക്കാടവും വരുമാനവും നഷ്ടപ്പെട്ടവരെ മാതൃകാപരമായ രീതിയിൽ പുതിയ സ്ഥലം കണ്ടെത്തി പുനരധിവസിപ്പിക്കുമെന്നായിരുന്നു സർക്കാരിന്റെ പ്രഖ്യാപനം.
ജനുവരി 1ന് ചേർന്ന മന്ത്രിസഭായോഗം പുനരധിവാസ പദ്ധതി പ്രഖ്യാപിച്ചത്.
കൽപ്പറ്റയിലെ എൽസ്റ്റൺ എസ്റ്റേറ്റും മേപ്പാടിയിലെ നെടുമ്പാല എസ്റ്റേറ്റുമാണ് പുനരധിവാസത്തിനായി കണ്ടെത്തിയത്.
ദുരന്തത്തിൽ പെട്ടവർക്ക് വീടും മറ്റുസൗകര്യങ്ങളും ഒരുക്കാൻ ദുരന്തനിവാരണ ആക്ട് പ്രകാരം എസ്റ്റേറ്റുകൾ ഏറ്റെടുക്കാനുളള തീരുമാനത്തിന് ഹൈക്കോടതി അംഗീകാരം നൽകുകയും ചെയ്തിരുന്നു.
എന്നാൽ പുനരധിവാസപദ്ധതി പ്രഖ്യാപിച്ച് ഒരുമാസം പിന്നിട്ടിട്ടും എസ്റ്റേറ്റ് ഏറ്റെടുക്കുന്നതിനുള നടപടികൾ എങ്ങുമെത്തിയിട്ടില്ല.
ഉടമകൾക്ക് നഷ്ടപരിഹാരം നൽകണമെന്ന വ്യവസ്ഥയിലാണ് കോടതി എസ്റ്റേറ്റ് ഏറ്റെടുക്കുന്നതിന് കോടതി അനുമതി നൽകിയത്. ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത തേടി നിയമോപദേശം തേടിയതായി വാർത്തകൾ ഉണ്ടായിരുന്നു.
അഡ്വക്കേറ്റ് ജനറിലിനോട് നിയമോദേശം തേടിയ ശേഷം നിർദ്ദേശങ്ങൾ സമർപ്പിക്കുന്നതിന് ചീഫ് സെക്രട്ടറി ശാരദാ മുരളീധരനെയാണ് ചുമതലപ്പെടുത്തിയിരുന്നത്.
എന്നാൽ ഇക്കാര്യത്തിൽ ഇതുവരെ നിയമോദേശം ലഭിച്ചതായോ, സർക്കാർ നടപടി സ്വീകരിച്ചതായോ റിപോർട്ടുകളില്ല.
ലോക സാമ്പത്തിക ഫോറത്തിൽ പങ്കെടുക്കുന്നതിനായി സ്വിറ്റ് സർലന്റിൽ പോയിരുന്ന ചീഫ് സെക്രട്ടറിക്ക് അഡ്വക്കേറ്റ് ജനറലുമായി ചർച്ച നടത്താൻ സമയം കിട്ടിയിട്ടില്ലെന്നാണ് സർക്കാർ വൃത്തങ്ങൾ നൽകുന്ന വിശദീകരണം.
2018ലെ കോടതിവിധിയെപ്പറ്റി ഹൈകോടതി ഉത്തരവിൽ തെറ്റായ പരാമർശിക്കുന്നുണ്ടെന്നും അത് നീക്കികിട്ടാൻ സർക്കാർ കോടതിയെ സമീപിക്കുമെന്നും പറഞ്ഞിരുന്നു.
കോടതി ഉത്തരവിൽ പരാമർശിക്കുന്നത് പോലെ വിധി ഉണ്ടായിട്ടില്ലെന്നാണ് സർക്കാരിന്റെ വാദം.
സർക്കാർ ഇത്തരം സാങ്കേതിക ന്യായങ്ങൾ നിരത്തുന്നുണ്ടെങ്കിലും ദുരന്തത്തിന് ഇരയായവർ ഇപ്പോഴും വാടക കെട്ടിടത്തിൽ തന്നെ കിടക്കുകയാണ് എന്നതാണ് യാഥാർത്ഥ്യം.
കൽപ്പറ്റയിലെ എൽസ്റ്റൺ എസ്റ്റേറ്റിലും മേപ്പാടി എസ്റ്റേറ്റിലുമായി ആയിരം സ്ക്വയർ ഫീറ്റ് വിസ്തീർണം വരുന്ന ഒറ്റനില വീടുകൾ നിർമ്മിക്കുമെന്നാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്.
കൽപ്പറ്റയിൽ 5 സെന്റ് ഭുമിയിലും നെടുമ്പാലയിൽ 10 സെന്റ് ഭൂമിയിലും ആയിരിക്കും വീട് നിർമ്മിക്കുക.ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്കാണ് നിർമ്മാണ ചുമതല.
ഒരു വീടിന് 30ലക്ഷം രൂപ നൽകണം എന്നാണ് സഹായം വാഗ്ദാനം ചെയ്ത് മുന്നോട്ടുവന്നവരോട് സർക്കാർ പറഞ്ഞിരിക്കുന്നത്. 50 വീടുകളിൽ കൂടുതൽ നിർമ്മിക്കാൻ സന്നദ്ധത പ്രകടിപ്പിച്ച് മുന്നോട്ട് വന്നവർ ഈ തുകയിൽ ആശങ്ക അറിയിച്ചിട്ടുണ്ട്.
മുസ്ളീം ലീഗും ഡി.വൈ.എഫ്.ഐ എന്നീ സംഘടനകൾ ഉൾപ്പെടെയുളളവർ ആശങ്ക പ്രകടിപ്പിച്ചവരിൽ ഉൾപ്പെടുന്നു.
വീടുകൾ ഒരുമിച്ച് നിർമ്മിക്കുമ്പോൾ അത്രയും തുകയാവില്ലെന്ന് ചൂണ്ടിക്കാട്ടി എതിർപ്പ് തണുപ്പിക്കാൻ സർക്കാർ ശ്രമം നടത്തുന്നുണ്ടെങ്കിലും മുസ്ലിം ലീഗിനെ പോലുളളവർ അത് അത്ര വിശ്വാസത്തിലെടുത്തിട്ടില്ല.
വയനാട് പുനരധിവാസത്തിൽ വൻ അഴിമതിയാണ് നടക്കുന്നതെന്ന് പി.വി.അൻവർ ആരോപിച്ചു.ലീഗ് വേദിയിൽ വെച്ചായിരുന്നു അൻവറിൻെറ ആരോപണം.നിർമ്മാണകരാർ എടുത്തിരിക്കുന്ന ഊരാളുങ്കൽ കോൺട്രാക്ടേഴ്സ് കൊള്ള സംഘമാണ്.
ഇക്കാര്യം ലീഗ് നേതൃത്വം ഗൗരവമായി കാണണമെന്നും അൻവർ അഭ്യർത്ഥിച്ചു.സർക്കാരിനെ കാത്തിരിക്കാതെ ലീഗ് ഒറ്റക്ക് കാര്യങ്ങൾ ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നതായും പിവി അൻവർ യോഗത്തിൽ പറഞ്ഞു.