/sathyam/media/media_files/2025/03/26/V51lVyKAqEhUF99avwol.jpg)
വയനാട്: മുണ്ടക്കൈ - ചൂരല്‍മല ദുരന്ത ബാധിതര്‍ക്ക് സർക്കാർ ഒരുക്കുന്ന ടൗണ്‍ഷിപ്പിന് വ്യാഴാഴ്ച മുഖ്യമന്ത്രി തറക്കല്ലിടും.
വയനാട് എംപി പ്രിയങ്ക ഗാന്ധി, റവന്യൂ മന്ത്രി കെ രാജൻ, ജില്ലയിൽ നിന്നുള്ള എംഎൽഎമാർ , രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങി പ്രമുഖർ പങ്കെടുക്കും. ടൗൺഷിപ്പിൽ വീടിനായി 170 പേരാണ് നിലവിൽ സമ്മതപത്രം കൈമാറിയിട്ടുള്ളത്.
നാടിനെ നടുക്കിയ ഉരുൾ ദുരന്തം കഴിഞ്ഞ് എട്ടുമാസം പിന്നിടുമ്പോഴാണ് സർക്കാറിന്റെ നിർണായക ചുവടുവെപ്പ്.
27ന് വൈകുന്നേരം കല്‍പ്പറ്റയിലെ എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ ടൗൺഷിപ്പിന് മുഖ്യമന്ത്രി തറക്കല്ലിടും.7 സെന്റിൽ 1,000 ചതുരശ്രയടിയില്‍ ഒറ്റ നിലയിലാണ് ഗുണഭോക്താക്കൾക്കുള്ള വീടുകൾ ഒരുങ്ങുക
ആരോഗ്യ കേന്ദ്രം, അംഗന്‍വാടി, പൊതു മാര്‍ക്കറ്റ്, കമ്മ്യൂണിറ്റി സെന്റര്‍ തുടങ്ങി വിപുലമായ സംവിധാനങ്ങളോടെയാണ് ടൗൺഷിപ്പ് വിഭാവനം ചെയ്യുന്നത്. ഇതിനായി എസ്റ്റേറ്റിലെ 64 ഹെക്ടര്‍ ഭൂമി ഉടമകൾക്ക് നഷ്ടപരിഹാരം നൽകി സർക്കാർ ഏറ്റെടുത്തു കഴിഞ്ഞു.
പദ്ധതി വൈകുന്നതും ഗുണഭോക്തൃ ലിസ്റ്റിലെ അപാകതകളുമടക്കം വലിയ ആക്ഷേപങ്ങൾ നേരിട്ട ശേഷം നടക്കുന്ന സർക്കാറിന്റെ അഭിമാന പ്രൊജക്റ്റിന്റെ തറക്കല്ലിടൽ ഉത്സവാന്തരീക്ഷത്തിൽ സംഘടിപ്പിക്കാനാണ് സർക്കാർ തീരുമാനം.
ടൗണ്‍ഷിപ്പിൽ വീടിനായി 170 പേരാണ് നിലവിൽ സമ്മതപത്രം കൈമാറിയിട്ടുള്ളത്. 65 പേർ വീടിന് പകരം നൽകുന്ന 15 ലക്ഷം രൂപയുടെ സാമ്പത്തിക സഹായമാണ് തെരഞ്ഞെടുത്തിരിക്കുന്നത്.
ടൗണ്‍ഷിപ്പില്‍ ലഭിക്കുന്ന വീടിന്റെ പട്ടയം 12 വര്‍ഷത്തേക്ക് കൈമാറ്റം ചെയ്യരുതെന്നതാണ് പ്രധാന വ്യവസ്ഥ. ഗുണഭോക്താക്കളുടെ അന്തിമ പട്ടിക ഏപ്രില്‍ 20 ന് പ്രസിദ്ധീകരിക്കാനാണ് സർക്കാർ തീരുമാനം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us