/sathyam/media/media_files/2025/04/02/IpmYpFLDcvifjdhBnb0O.jpg)
വയനാട്:വെള്ളമുണ്ട ഉരുൾപൊട്ടൽ ഭീഷണി നേരിടുന്ന വാളാരംകുന്ന് ഉന്നതിയിലെ കുടുംബങ്ങളുടെ പുനരധിവാസ പദ്ധതിക്ക് തുടക്കം. വെള്ളമുണ്ട പഞ്ചായത്തിൽ റെഡ് സോണിൽ ഉൾപ്പെട്ട ഉന്നതിക്കാരെ ‘റീ ബിൽഡ് കേരള ഇനീഷ്യേറ്റീവ് ’ പദ്ധതിയിലാണ് പുനരധിവസിപ്പിക്കുന്നത്.
26 കുടുംബങ്ങൾക്ക് പഞ്ചായത്തിലെതന്നെ നാരോക്കടവിൽ സ്ഥലം വാങ്ങി, വീടുകൾക്ക് കല്ലിട്ടു. ഓരോ കുടുംബത്തിനും 10 ലക്ഷം രൂപയുടെ പദ്ധതിയാണ്. നാല് ലക്ഷം രൂപ സ്ഥലത്തിനും ആറ് ലക്ഷം രൂപ വീടിനും.
പട്ടികവർഗ, റവന്യു വകുപ്പുകളും പഞ്ചായത്തും ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. കാട്ടുനായ്‌ക്ക, പണിയ വിഭാഗങ്ങളിലായുള്ള 41 കുടുംബങ്ങളാണ് വാളാരംകുന്ന് ഉന്നതിയിലുള്ളത്. 26 പേർക്കാണ് പദ്ധതിയായത്. 15 കുടുംബങ്ങളുടെ നടപടി പുരോഗമിക്കുകയാണ്.
2018ൽ മണ്ണിടിച്ചിലും ഉരുൾപൊട്ടലും ഉണ്ടായതോടെയാണ് പ്രദേശം റെഡ് സോണിൽ ഉൾപ്പെട്ടത്. അന്നുമുതൽ ഇവരെ പുനരധിവസിപ്പിക്കണമെന്ന ആവശ്യം ഉയർന്നതാണ്. ഇവിടെനിന്ന് പോകുന്നതിൽ ചില കുടുംബങ്ങൾ എതിർപ്പ് ഉയർത്തിയതോടെയാണ് പുനരധിവാസം വൈകിയത്.
നിരന്തര ഇടപെടലുകളിലൂടെയാണ് ഉന്നതിക്കാരെ പ്രകൃതി ദുരന്തസാധ്യത ബോധ്യപ്പെടുത്തിയത്. നിലവിൽ ഉന്നതിയിൽ കുടിവെള്ള, വഴി സൗകര്യവും വൈദ്യുതിയുമുണ്ട്.
ഇവിടെത്തന്നെ കൂടുതൽ സൗകര്യം ഒരുക്കിയാൽ മതിയെന്നായിരുന്നു ഒരുവിഭാഗം ആവശ്യപ്പെട്ടത്. മുണ്ടക്കൈ–-ചൂരൽമല ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിലാണ് നടപടി വേഗത്തിലാക്കിയത്.
പയ്യമ്പള്ളി ലേബർ കോൺട്രാക്ട് സഹകരണ സംഘത്തിനാണ് വീട് നിമാണത്തിന്റെ ചുമതല. ജൂലൈ മാസത്തോടെ നിർമാണം പൂർത്തീകരിക്കുകയാണ് ലക്ഷ്യം.
നിർമാണോദ്ഘാടനം വെള്ളമുണ്ട പഞ്ചായത്ത് പ്രസിഡന്റ് സുധി രാധാകൃഷ്ണൻ നിർവഹിച്ചു. വാർഡ് അംഗം ശാരദ അത്തിമുറ്റം അധ്യക്ഷയായി. തഹസിൽദാർ എം ജെ അഗസ്റ്റിൻ എ ജോണി, പി എ അസീസ്, ദിനേശ് കുമാർ, സണ്ണി ജോർജ്, കെ ടി വിനു എന്നിവർ സംസാരിച്ചു. ജോസ് സി തോമസ് സ്വാഗതവും വിനീഷ് വാളാരംകുന്ന് നന്ദിയും പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us