വയനാടിനെ ചേർത്തു പിടിക്കാൻ കർണാടക സർക്കാറും രാഹുൽഗാന്ധിയും ഉൾപ്പടെയുള്ളവർ നൽകിയ ഉറപ്പുകൾ എടുത്ത് പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. മാതൃക ടൗൺഷിപ്പ് പദ്ധതിക്ക് നിലവിലുണ്ടായിരുന്ന തടസ്സങ്ങളുടെ ആശങ്കകൾ ഒഴിഞ്ഞതോടെ സർക്കാർ പദ്ധതി നിശ്ചിത സമയത്ത് യാഥാർഥ്യമാക്കുമെന്നും ദുരന്ത ബാധിതരുടെ അഭ്യർത്ഥനകൾ മറന്നിട്ടില്ലെന്നും മുഖ്യമന്ത്രി

അതേസമയം എല്ലാവരും ചേര്‍ന്ന് സര്‍ക്കാര്‍ ടൗണ്‍ഷിപ്പിന് വീട് നല്‍കുക എന്ന പൊതുധാരണയിൽ നിന്ന് മുസ്ലിംലീഗ് മാറിയിട്ടുണ്ട്.

New Update
wayanad township

വയനാട്: ചൂരൽമലയിലെയും മുണ്ടക്കൈയിലെയും ഉരുൾപൊട്ടൽ ദുരന്ത ബാധിതർക്കായി സർക്കാർ നടപ്പാക്കുന്ന മാതൃക ടൗൺ ഷിപ്പ് പദ്ധതിക്ക് ആദ്യഘട്ടത്തിൽ ചില തടസ്സങ്ങളും ആശങ്കയും ഉണ്ടായിരുന്നെങ്കിലും അതിപ്പോൾ നീങ്ങിയിരിക്കുകയാണെന്ന് വ്യക്തമാക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. 

Advertisment

എല്ലാവരുടെയും സഹകരണമാണ് മുഖ്യമന്ത്രി ഇക്കാര്യത്തിൽ ചൂണ്ടിക്കാട്ടുന്ന പ്രധാന കാര്യം. 

കര്‍ണാടക സര്‍ക്കാര്‍ നൂറു വീട് നല്‍കാന്‍ തയ്യാറാണെന്ന് നേരത്തെ തന്നെ അറിയിച്ചിട്ടുണ്ട്. 

കോൺഗ്രസ് നേതാവും ലോക്സഭാ പ്രതിപക്ഷ നേതാവുമായ രാഹുല്‍ഗാന്ധിയും നൂറു വീട് നല്‍കുമെന്ന് പറഞ്ഞിട്ടുണ്ട്.

നൂറ് വീടുകൾ ഡി വൈ എഫ് ഐയും നിർമ്മിച്ചു നൽകും.

അതേസമയം എല്ലാവരും ചേര്‍ന്ന് സര്‍ക്കാര്‍ ടൗണ്‍ഷിപ്പിന് വീട് നല്‍കുക എന്ന പൊതുധാരണയിൽ നിന്ന് മുസ്ലിംലീഗ് മാറിയിട്ടുണ്ട്. 

അവർ പ്രത്യേക പദ്ധതിയുമായി മുന്നോട്ട് പോവുകയാണ് .എന്നാലും പദ്ധതിക്ക് നിലവിൽ വലിയ തടസ്സങ്ങളില്ല ' മുഖ്യമന്ത്രി പറഞ്ഞു. 

സർക്കാർ തീരുമാനത്തിന് അനുകൂലമായി ഹൈക്കോടതി നിലപാട് സ്വീകരിച്ചതും പരമോന്നത കോടതിയിൽ നിന്നും ആശങ്കകൾ ഒഴിഞ്ഞതും പദ്ധതിക്ക് തടസ്സമാവില്ലെന്ന കണക്കുകൂട്ടലിലാണ് സംസ്ഥാന സർക്കാർ. 

ടൗൺഷിപ്പ് പടിപടിയായി നിശ്ചിത സമയത്ത് തന്നെ പൂർത്തിയാക്കുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത് .

ദുരന്തമുണ്ടാകുന്നത് വരെയും ജീവിച്ചു പോന്ന നിലയിൽ അയൽക്കാരും ബന്ധുക്കളും ഒത്തു ചേർന്നുള്ള സാമൂഹ്യജീവിതം പുന:സ്ഥാപിച്ചു തരണമെന്നായിരുന്നു ചൂരൽമലയിലെയും മുണ്ടക്കൈയിലെയും ഉരുൾപൊട്ടൽ ദുരന്ത ബാധിതരുടെ അഭ്യർത്ഥന.

അത് സർക്കാർ പാലിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിസന്ധി ഘട്ടങ്ങളിൽ സംസ്ഥാനത്തെ സഹായിക്കേണ്ട കേന്ദ്ര സർക്കാർ അർഹതപ്പെട്ട സഹായം പോലും നൽകിയില്ല എന്നതും എടുത്തു പറയുന്നുണ്ട് മുഖ്യമന്ത്രി.

കൽപ്പറ്റ ബൈപ്പാസിനോട് ചേർന്ന് സർക്കാർ ഏറ്റെടുത്ത 64 ഹെക്ടർ ഭൂമിയിൽ ഏഴ് സെന്റ് വീതമുള്ള പ്ലോട്ടുകളിലായാണ് വീടുകൾ നിർമ്മിക്കുന്നത്

ടൗൺഷിപ്പിൽ മാതൃക വീടുകൾക്ക് പുറമെ ആരോഗ്യ കേന്ദ്രം, അങ്കണവാടി, പൊതുമാർക്കറ്റ്, കമ്മ്യൂണിറ്റി സെന്ററുകൾ എന്നിവയും ഉൾപ്പെടുത്തും.

കിടപ്പുമുറി കൂടാതെ മറ്റ് രണ്ട് മുറികൾ, സിറ്റൗട്ട്, ലിവിങ്, സ്റ്റഡി റൂം, ഡൈനിങ്, അടുക്കള, സ്റ്റോർ ഏരിയ എന്നിവയാണ് ടൗൺഷിപ്പിലെ വീടുകളിൽ വിഭാവനം ചെയ്തിട്ടുള്ളത്.

ആരോഗ്യ കേന്ദ്രവും അംഗൻവാടിയും ഉൾപ്പടെയുള്ള സൗകര്യങ്ങളും ഉണ്ടാവും.

Advertisment