വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഉപ്പയെയും കൂടപ്പിറപ്പുകളെയും നഷ്ടപ്പെട്ട നൈസമോളുടെ വിദ്യാഭ്യാസ ഉത്തര വാദിത്വങ്ങൾ നിറവേറ്റി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. എല്‍.കെ.ജി ക്ലാസില്‍ പുതിയ കൂട്ടൂകാരെ കിട്ടിയതിന്റെ സന്തോഷത്തില്‍ നൈസാമോള്‍. പ്രധാനമന്ത്രി നരേന്ദ്രമോഡിയെ ചുംബിച്ച് വൈറലായ നൈസമോൾ സ്‌കൂളിലും 'വി.ഐ.പി'

കഴിഞ്ഞ ദിവസം അഡ്മിഷന്‍ ഫീസും വണ്ടിക്കൂലിയുമടക്കമുള്ള തുക വി.ഡി സതീശന്‍ വീട്ടിലെത്തിച്ചു നല്‍കിയിരുന്നു

New Update
V d sateeshan naisa mol

വയനാട്: പുത്തന്‍ ഉടുപ്പും പുത്തന്‍ ബാഗും പുതിയ കൂട്ടൂകാരെയും കിട്ടിയതിന്റെ സന്തോഷത്തിലാണു നൈസാമോള്‍.

Advertisment

വയനാട് ഉരുള്‍പൊട്ടലില്‍ പിതാവിനെയും സഹോദരങ്ങളും നഷ്ടപ്പെടുകയും ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനെത്തിയ പ്രധാന മന്ത്രിയുടെ ലാളനമേല്‍ക്കുകയും ചെയ്ത മൂന്നര വയസുകാരി നൈസമോളെ (റുബിയ)മലയാളികള്‍ മറന്നിട്ടില്ല.

ഇന്നു മേപ്പാടിയിലെ അലിഫ് പബ്ലിക് സ്‌കൂളിലെ എല്‍.കെ.ജി വിദ്യാര്‍ഥിനിയാണു നൈസമോള്‍.

 സഹപാഠികള്‍ക്കൊപ്പം കളിചിരികളുമായി നൈസമോളും ആഘോഷത്തിലാണ്.

സെപ്റ്റംബര്‍ 28ന് നൈസയ്ക്ക് നാലു വയസാകും. സ്‌കൂള്‍ തുറക്കുകയാണെന്ന് അറിഞ്ഞപ്പോള്‍ മുതല്‍ ആവേശത്തിലായിരുന്നു കുഞ്ഞു നൈസ.

 അവളുടെ സന്തോഷം കണ്ടാണ് ഉമ്മ അവളെ സ്‌കൂളിലാക്കിയത്.

വയനാട് ഉരുള്‍ ദുരന്തത്തില്‍ ഉപ്പ ഷാജഹാന്‍, കൂടപ്പിറപ്പുകളായ ഹീന(16 ),ഫൈസ (12) എന്നിവരെ നൈസമോള്‍ക്ക് നഷ്ടമായിയിരുന്നു.

ഒപ്പം നാലു ബന്ധുക്കളെയും. ഉമ്മ ജസീലക്കൊപ്പം അത്ഭുതകരമായാണു നൈസ അന്ന് രക്ഷപ്പെട്ടത്.

മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളജിലെത്തിയ പ്രധാന മന്ത്രി നരേന്ദ്ര മോഡിയെ നൈസ ഉമ്മവച്ചതും, മോഡി നൈസമോളെ ലാളിച്ചതുമെല്ലാം ദേശീയ മാധ്യമങ്ങളില്‍ പോലും വൈറലായിരുന്നു.

ആശുപത്രിയിലെത്തിയ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനുമെല്ലാം നൈസയെ പ്രത്യേകം കണ്ടിരുന്നു. നൈസമോളുടെ വിദ്യാഭ്യാസച്ചെലവു വഹിക്കുമെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ കുടുംബത്തിനു വാക്കു നല്‍കിയിരുന്നു.

കുട്ടിയുടെ കാര്യം നോക്കാന്‍ പി.എ. അജ്മലിനു നിര്‍ദേശവും നല്‍കി. കഴിഞ്ഞ ദിവസം അഡ്മിഷന്‍ ഫീസും വണ്ടിക്കൂലിയുമടക്കമുള്ള തുക വി.ഡി സതീശന്‍ വീട്ടിലെത്തിച്ചു നല്‍കിയിരുന്നു. ഇനിയുള്ള എല്ലാ ചെലവുകളും താന്‍ വഹിക്കുമെന്നും അദ്ദേഹം കുടുംബത്തെ അറിയിച്ചു.

പെരുന്നാളിനും പ്രതിപക്ഷനേതാവ് സഹായമെത്തിച്ചിരുന്നു. ഈ സ്‌നേഹം തങ്ങളുടെ കണ്ണ് നിറച്ചെന്നു നൈസയുടെ ഉമ്മൂമ്മ ജമീല പറഞ്ഞു.

സര്‍ക്കാരുള്‍പ്പെടെ എല്ലാവരും ചേര്‍ത്തു പിടിക്കുന്നുണ്ട്. ദുരിതബാധി തര്‍ക്കായുള്ള വീട് നിര്‍മാണം എല്‍സ്റ്റണ്‍ എ സ്‌റ്റേറ്റില്‍ പുരോഗമിക്കുന്നുണ്ട്.

പൂര്‍ത്തിയായാല്‍ അവിടേക്കു മാറണം. പന്നീട് കല്‍പ്പറ്റയില്‍ എവിടെയെങ്കിലും നൈസമോളെ ചേര്‍ക്കണമെന്നും ഉമ്മ ജസീല പറഞ്ഞു.