വയനാട് ദുരന്തം:നടപടിക്രമങ്ങള്‍ വേഗത്തിലാക്കാന്‍ പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കി ധനമന്ത്രാലയം

New Update
wayanad urul six

വയനാട് ഉരുള്‍ പൊട്ടലിലെ ദുരിത ബാധിതര്‍ക്ക് ഇന്‍ഷുറന്‍സ് തുക എത്രയും പെട്ടെന്ന് വിതരണം ചെയ്യണമെന്ന് പൊതുമേഖലാ ഇന്‍ഷുറന്‍സ് കന്പനികളോട് ആവശ്യപ്പെട്ട് ധനമന്ത്രാലയം. എല്‍ഐസി, നാഷണല്‍ ഇന്‍ഷുറന്‍സ്, ന്യൂ ഇന്ത്യാ അഷ്വറന്‍സ്, ഓറിയന്റല്‍ ഇന്‍ഷുറന്‍സ്, യുണൈറ്റഡ് ഇന്ത്യാ ഇന്‍ഷുറന്‍സ് എന്നീ കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കി. വിശദാംശങ്ങള്‍ ധനമന്ത്രാലയത്തിന്റെ എക്‌സ് പോസ്റ്റ് വ്യക്തമാക്കുന്നു. ഏറെ ക്ലെയിമുകളും വയനാട്, പാലക്കാട്, കോഴിക്കോട്, മലപ്പുറം, തൃശൂര്‍ ജില്ലകള്‍ കേന്ദ്രീകരിച്ചാണ്. 

Advertisment

പ്രധാനമന്ത്രി ജീവന്‍ ജ്യോതി ബീമാ യോജനയുടെ ഭാഗമായുള്ളവര്‍ക്കാണ് തുക വിതരണം വേഗത്തിലാക്കുന്നത്. 350ലേറെ മനുഷ്യ ജീവനുകളും കോടിക്കണക്കിന് രൂപയുടെ ആസ്തികളും നഷ്ടമായ ദുരന്തത്തില്‍ ശേഷിച്ചിരിക്കുന്നവര്‍ക്ക് നൂലാമാലകളില്ലാതെ ഇന്‍ഷുറന്‍സ് തുക ലഭ്യമാക്കുകയാണ് ലക്ഷ്യം. ദുരിത ബാധിത ജില്ലകളിലെ എല്ലാ പോളിസി ഉടമകളെയും കണ്ടെത്തുകയെന്ന ദുഷ്‌കര ദൗത്യം കന്പനികള്‍ ആരംഭിച്ചുകഴിഞ്ഞു. പ്രാദേശിക പത്രങ്ങള്‍. സമൂഹ മാധ്യമങ്ങള്‍. കമ്പനി വെബ്‌സൈറ്റ്, എസ് എം എസ് എന്നീ മാധ്യമങ്ങളിലൂടെ ഉപയോക്താക്കളിലേക്കെത്തുകയാണ് ലക്ഷ്യം.

ക്ലെയിം സെറ്റില്‍മെന്റിനുള്ള നടപടിക്രമങ്ങള്‍ ലളിതമാക്കും. ഉരള്‍പൊട്ടലില്‍ പലര്‍ക്കും രേഖകളുള്‍പ്പെടെ നഷ്ടപ്പെട്ടതിനാല്‍ അക്കാര്യത്തിലും ഇളവുകള്‍ നല്‍കും. ജനറല്‍ ഇന്‍ഷുറന്‍സ് കൗണ്‍സിലാണ് ഇന്‍ഷുറന്‍സ് കന്പനികളുമായി ചേര്‍ന്ന് അതിവേഗ പോളിസി വിതരണത്തിനുള്ള നടപടികള്‍ ഏകോപിപ്പിക്കുന്നത്. പോളിസി ഉടമകള്‍ക്കായി പ്രത്യേക പോര്‍ട്ടല്‍ ആരംഭിക്കും. ഇതില്‍ പ്രതിദിന ക്ലെയിം സ്റ്റാറ്റസ് അറിയാനാകും.

Advertisment