/sathyam/media/media_files/APIQU1PJOm7cQtqSz88I.jpg)
തിരുവനന്തപുരം: വയനാട്ടിലെ ദുരന്തത്തിന്റെ വ്യാപ്തി തിരിച്ചറിഞ്ഞ് അതിവേഗ നടപടികളുമായി മുന്നോട്ടുപോവുകയാണ് സർക്കാർ. മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ടാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. പോലീസിന്റെയോ ഫയർഫോഴ്സിന്റെയോ രക്ഷാദൗത്യം മതിയാവില്ലെന്ന് നേരത്തേ തിരിച്ചറിഞ്ഞ സർക്കാർ സൈന്യത്തിന്റെ സഹായം തേടി. ചീഫ്സെക്രട്ടറിയെയും ഉന്നത ഉദ്യോഗസ്ഥരെയും രക്ഷാദൗത്യം ഏകോപിപ്പിക്കാൻ നിയോഗിച്ചു.
അഞ്ച് മന്ത്രിമാരെ വയനാട്ടിലേക്ക് അയച്ച് എന്ത് അടിയന്തര തീരുമാനവും കൈക്കൊള്ളാനുള്ള നിർദേശം നൽകി. കേരളം കണ്ട ഏറ്റവും തീവ്രമായ ദുരന്തത്തിൽ സർക്കാരിന്റെ ഏറ്റവും മികച്ചതും കാര്യക്ഷമവുമായ രക്ഷാപ്രവർത്തനത്തിനാണ് കേരളം സാക്ഷിയാവുന്നത്.
ദുരന്ത വ്യാപ്തി വ്യക്തമായ ഉടൻ മുഖ്യമന്ത്രി നേരിട്ട് ദുരന്തനിവാരണ അതോറിട്ടിയുടെ ആസ്ഥാനത്തെത്തി വിവരങ്ങൾ വിലയിരുത്തി. വയനാട്ടിൽ ഉണ്ടായ ഉരുൾപൊട്ടലിൽ സാധ്യമായ എല്ലാ രക്ഷാ പ്രവർത്തനവും ഏകോപിപ്പിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സംഭവം അറിഞ്ഞതു മുതൽ സർക്കാർ സംവിധാനങ്ങൾ യോജിച്ച് രക്ഷാപ്രവർത്തനത്തിനിറങ്ങിയിട്ടുണ്ട്. മന്ത്രിമാർ ഉൾപ്പെടെ വയനാട്ടിലെത്തി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. രാവിലെ എട്ടരയോടെ അഞ്ച് മന്ത്രിമാരെ വയനാട്ടിലേക്ക് അയച്ചു. വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ സംഭവസ്ഥലത്ത് ആദ്യം എത്തി. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പിന്നാലെയെത്തി. കെ രാജൻ, പി.എ മുഹമ്മദ് റിയാസ്, ഒ.ആർ കേളു എന്നിവരെ വിമാനമാർഗ്ഗം അയച്ചു.
രക്ഷാ പ്രവർത്തനം ഏകോപിപ്പിക്കാൻ മുഖ്യമന്ത്രിയുടെ ഒഎസ് ഡി ഡോ. എസ് കാർത്തികേയൻ ഐ എ എസിനെ ചുമതലപ്പെടുത്തി.മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചാണ് അദ്ദേഹം പ്രവർത്തിക്കുക. സ്പെഷ്യൽ ഓഫീസറായി തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ വി.സാംബശിവ റാവുവിനെ നിയോഗിച്ചു. അദ്ദേഹം വയനാട്ടിൽ ക്യാമ്പ് ചെയ്ത് രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നു.
സർക്കാരിന്റെ ആവശ്യപ്രകാരം വ്യോമസേനയുടെ രണ്ട് ഹെലികോപ്ടർ സുളുറിൽ നിന്നും ഏഴരയോടെ പറന്നെത്തി. ഒരു MI 17, ഒരു ALH കോപ്ടറുകളാണ് എത്തിയത്. പക്ഷേ പ്രതികൂല കാലാവസ്ഥ കാരണം ഹെലികോപ്ടറിന് പറക്കാനായില്ല.
ഇതോടെ ഡ്രോണുകൾ ഉപയോഗിച്ചുള്ള നിരീക്ഷണത്തിന് സർക്കാർ തീരുമാനിച്ചു. വയനാട് ഉണ്ടായ പ്രകൃതിദുരന്തത്തിന്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്ത് പ്രത്യേക കൺട്രോൾ റൂം പ്രവർത്തനമാരംഭിച്ചു. 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമിലേയ്ക്ക് പൊതുജനങ്ങൾക്ക് വിവരങ്ങൾ നൽകാം. സംസ്ഥാന പോലീസ് മേധാവിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് കൺട്രോൾ റൂം പ്രവർത്തിക്കുന്നത്. ഫോൺ : 9497900402, 0471 2721566. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിന് ഉത്തരമേഖല ഐജി, കണ്ണൂർ ഡിഐജി എന്നിവരെ വയനാട്ടിലേക്ക് അയച്ചു. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ക്രമസമാധാനവിഭാഗം എഡിജിപിക്ക് സംസ്ഥാന പോലീസ് മേധാവി നിർദ്ദേശം നൽകി.
കേരള ആംഡ് പോലീസ് നാല്, അഞ്ച് ബറ്റാലിയനുകൾ, മലബാർ സ്പെഷ്യൽ പോലീസ് എന്നിവിടങ്ങളിൽ നിന്ന് പോലീസ് ഉദ്യോഗസ്ഥർ വയനാട്ടേയ്ക്ക് പോയി. ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ പ്രത്യേക പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരും ഇക്കൂട്ടത്തിലുണ്ട്.
മലപ്പുറം ജില്ലയിലെ രക്ഷാപ്രവർത്തനങ്ങൾക്കായും പ്രത്യേക പോലീസ് സംഘത്തെ നിയോഗിച്ചിട്ടുണ്ട്. പോലീസ് ആസ്ഥാനത്തെ കൺട്രോൾ റൂമിൽ ലഭിക്കുന്ന വിവരങ്ങൾ അപ്പപ്പോൾ ദുരിതബാധിത പ്രദേശത്തെ തിരച്ചിൽ സംഘങ്ങൾക്ക് കൈമാറുന്നു. ഇതിനായി കൺട്രോൾ റൂമിൽ ആവശ്യത്തിന് പോലീസുകാരെയും വിന്യസിച്ചു. കോഴിക്കോട് നിന്ന് ടെറിട്ടോറിയൽ ആർമി ബറ്റാലിയനും അവരുടെ മെഡിക്കൽ സംഘവും വയനാട്ടിലേക്കെത്തി.
ഉരുൾപൊട്ടൽ ഉണ്ടായ പ്രദേശത്ത് രക്ഷാപ്രവർത്തനത്തിനും അനുബന്ധ പ്രവർത്തനങ്ങൾക്കുമായി സൈന്യത്തിന്റെ എഞ്ചിനീയറിംഗ് ഗ്രൂപ്പും അടിയന്തരമായി വയനാട്ടിലെത്തി. സൈന്യത്തിൻ്റെ മദ്രാസ് എഞ്ചിനിയറിംഗ് ഗ്രൂപ്പ് (MEG) ബാഗ്ലൂരിൽ നിന്നാണെത്തിയത്. ഉരുൾപൊട്ടലിൽ പാലം തകർന്ന സാഹചര്യത്തിൽ ബദൽ സംവിധാനം അടക്കമുള്ള കാര്യങ്ങൾ സൈന്യത്തിന്റെ എഞ്ചിനീയറിംഗ് വിഭാഗം നടപ്പാക്കും.
മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം റവന്യു സെക്രട്ടറി സൈന്യത്തിൻ്റെ കേരള - കർണാടക ചുമതലയുള്ള മേജർ ജനറൽ വി.ടി. മാത്യൂസുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. രക്ഷാപ്രവർത്തനത്തിന് ഡ്രോണുകളും പോലീസ് നായകളെയും ഉപയോഗിക്കാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചു. പോലീസിൻ്റെ ഡ്രോണുകൾ വിന്യസിച്ച് തിരിച്ചിൽ നടത്താനും നിർദേശിച്ചു. രക്ഷാപ്രവർത്തനത്തിന് ഡോഗ് സ്ക്വാഡും രംഗത്തിറങ്ങും.
രക്ഷാപ്രവർത്തനത്തിനായി ഏഴിമലയിൽ നിന്ന് നാവിക സേനാ സംഘവുമെത്തും. മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരമാണ് നേവിയുടെ സഹായം അഭ്യർത്ഥിച്ചത്. നേവിയുടെ റിവർ ക്രോസിംഗ് ടീമിൻ്റെ സഹായം ആണ് അഭ്യർത്ഥിച്ചത്. ഉരുൾപൊട്ടലുണ്ടായ വയനാട് ചൂരൽമലയിൽ രക്ഷാപ്രവർത്തങ്ങൾക്ക് വനം വകുപ്പിന്റെ അടിയന്തര ഓപ്പറേഷൻ സെന്ററുകൾ പ്രവർത്തന സജ്ജമായിട്ടുണ്ടെന്ന് വനം-വന്യജീവി വകുപ്പുമന്ത്രി എ.കെ.ശശീന്ദ്രൻ അറിയിച്ചു.
വയനാട്ടിൽ രക്ഷാപ്രവർത്തനത്തിനായി നേവിയുടെ 50 അംഗ സംഘം 2 മണിക്ക് വയനാട്ടിൽ എത്തും. ഇന്ത്യൻ നേവിയുടെ റിവർ ക്രോസിംഗ് ടീമാണ് വയനാട്ടിൽ എത്തുന്നത്. വയനാട്ടിലെ രക്ഷാപ്രവർത്തനത്തിന് സൈന്യത്തിൻ്റെ ഡോഗ് സ്ക്വാഡിനെ കൂടി ലഭ്യമാക്കണമെന്ന് സർക്കാർ സൈന്യത്തോട് അഭ്യർത്ഥിച്ചു. സർക്കാരിൻ്റെ അഭ്യർത്ഥന പ്രകാരം മീററ്റ് ആർ. വി.സി യിൽ നിന്ന് സൈന്യത്തിൻ്റെ ഡോഗ് സ്ക്വാഡ് എത്തും. തിരച്ചിലിന് ഫോറസ്റ്റിൻ്റെ ഡ്രോൺ കൂടി ഉപയോഗിക്കും.