New Update
/sathyam/media/media_files/XahRxeGyRZtqcFKeO8xO.jpg)
വയനാട്ടിൽ ഉരുൾപൊട്ടൽ നാശം വിതച്ച പ്രദേശങ്ങളിൽ തെരച്ചിലിനായി പൊലീസ് ഡോഗ് സ്‌ക്വാഡ് അംഗങ്ങളായ മായയും മർഫിയുമെത്തി. ചൊവ്വാഴ്ച രാവിലെ മുതൽ ഡോഗ് സ്‌ക്വാഡിൽ നിന്നുള്ള മാഗി എന്ന നായ തെരച്ചിൽ നടത്തുന്നുണ്ടായിരുന്നു. രാത്രിയോടെയാണ് മായയും മർഫിയും ദൗത്യത്തിനൊപ്പം ചേർന്നത്.
ലാബ്രഡോർ ഇനത്തിൽപ്പെട്ട മാഗിക്ക് ജീവനുള്ളവരെ തിരയാനും കണ്ടെത്താനുമുള്ള പരിശീലനമാണ് ലഭിച്ചിട്ടുള്ളത്. മൃതദേഹങ്ങൾ കണ്ടെത്തുന്നതിൽ വിദഗ്ധപരിശീലനം ലഭിച്ചവരാണ് കൊച്ചിയിൽനിന്നെത്തിയ മായയും മർഫിയും. കൊച്ചി സിറ്റി പൊലീസിന്റെ കീഴിലുള്ള ഇരുവരും ബെൽജിയം മെലനോയിസ് ഇനത്തിൽപ്പെട്ടവയാണ്. 'കെടാവർ ഡോഗ്‌സ്' എന്ന ഗണത്തിൽ കേരളത്തിലുള്ള മൂന്ന് നായകളിൽ രണ്ടുപേരാണ് മായയും മർഫിയും. മാഗി ഇടുക്കി പൊലീസിന്റെ സ്‌ക്വാഡിലാണുള്ളത്.
വയനാട്ടിലെ ദുരന്തവിവരമറിഞ്ഞ് രാവിലെത്തന്നെ ഹാൻഡ്ലർമാരായ പ്രഭാത്, മനേഷ്, ജോർജ് മാനുവൽ എന്നിവരോടൊപ്പം ജീപ്പിൽ പുറപ്പെട്ടെങ്കിലും ഗതാഗതക്കുരുക്കുമൂലം രാത്രിയായി വയനാട്ടിലെത്താൻ. പഞ്ചാബ് ഹോംഗാർഡിൽനിന്ന് കേരള പൊലീസ് വാങ്ങിയതാണ് ഇവരെ. കൽപറ്റ സായുധസേനാ ക്യാമ്പിൽനിന്ന് രാവിലെത്തന്നെ മാഗി ചൂരൽമല വെള്ളാർമല സ്‌കൂൾപരിസരത്ത് തെരച്ചിലിന് എത്തിയിരുന്നു. എന്നാൽ തെരച്ചിൽ പ്രയാസകരമായിരുന്നു.
വെള്ളക്കെട്ടും ചെളിയും മാഗിയുടെ ശ്രമത്തെ പ്രതികൂലമായി ബാധിച്ചു. ഡോഗ് സ്‌ക്വാഡ് ഇൻ ചാർജ് കെ. സുധീഷിന്റെ നേതൃത്വത്തിൽ ഡോഗ് ഹാൻഡ്ലർമാരായ എൻ.കെ. വിനീഷും പി. അനൂപുമാണ് മാഗിയുടെ ചുമതലക്കാർ.പത്തടിയിൽ താഴെയുള്ളതുവരെ മാഗി മണത്തറിഞ്ഞു. ഓഗസ്റ്റ് ആറിന് പെട്ടിമുടി ദുരന്തമുണ്ടായപ്പോൾ മണ്ണിനടിയിൽനിന്ന് പത്തടി താഴ്ചയിലുള്ള മൃതദേഹംവരെ കണ്ടെത്താൻ സഹായിച്ചത് 'കെടാവർ' മായയായിരുന്നു. മണ്ണിനടിയിൽ മൂന്നുസ്ഥലത്തുനിന്നാണ് അന്ന് മൃതദേഹങ്ങൾ കണ്ടെത്തിയത്.