കൽപറ്റ: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായവർക്കായുള്ള തിരച്ചിൽ പത്താം ദിനമായ ഇന്നും തുടരും. സൺറൈസ് വാലി കേന്ദ്രീകരിച്ച് ഇന്ന് കൂടുതൽ പരിശോധന നടത്താനാണ് തീരുമാനം.
ഇന്നലെ ഇവിടെ നിന്നും ഒരു മൃതദേഹം ലഭിച്ചിരുന്നു. ഇതിനുപുറമേ, ചൂരൽമല, മുണ്ടക്കൈ, പുഞ്ചിരിമട്ടം പ്രദേശങ്ങളിലും ചാലിയാർ പുഴയിലും തിരച്ചിൽ നടത്തും.
പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച വയനാട് സന്ദർശനത്തിനായ് എത്തുന്നുണ്ട്. ഡൽഹിയിൽനിന്നും പ്രത്യേക വിമാനത്തിൽ കണ്ണൂർ വിമാനത്താവളത്തിലാണ് പ്രധാനമന്ത്രി എത്തുക. അവിടെ നിന്നും ഹെലികോപ്റ്ററിൽ വയനാട്ടിലേക്ക് പോകും.
ദുരന്തബാധിത പ്രദേശങ്ങളിൽ പ്രധാനമന്ത്രി സന്ദർശനം നടത്തും. ദുരിതാശ്വാസ ക്യാമ്പുകളിലും സന്ദർശനം നടത്തിയേക്കും. പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് മുന്നോടിയായി വയനാട്ടിൽ ഇന്ന് സുരക്ഷാ പരിശോധനകൾ നടക്കും.
വയനാട് ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 400 കടന്നിട്ടുണ്ട്. 16 ക്യാംപുകളിലായി 1968 പേരാണ് കഴിയുന്നത്.
ഇവരുടെ പുനരധിവാസത്തിനായി വാടക വീടുകൾ കണ്ടെത്താനുള്ള നടപടികൾ തുടരുന്നുണ്ട്. പുനരധിവാസം കൃത്യമാകുന്നതുവരെ വീട്ടുവാടക സർക്കാർ നൽകുമെന്ന് മന്ത്രി കെ.രാജൻ പറഞ്ഞിട്ടുണ്ട്.