വയനാട് ടൗണ്‍ഷിപ്പ്: ആദ്യഘട്ടം വീടുകളുടെ താക്കോല്‍ദാനം 25ന്, 178 കുടുംബങ്ങളെ നറുക്കെടുപ്പിലൂടെ തീരുമാനിക്കും

New Update
PINARAYI TOWNSHIP

തിരുവനന്തുപുരം: മുണ്ടക്കൈ - ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി കൽപ്പറ്റയിലെ എൽസ്റ്റൺ എസ്റ്റേറ്റിൽ ഒരുക്കിയ പുനരധിവാസ ടൗൺഷിപ്പിന്റെ ഒന്നാംഘട്ടം പൂർത്തിയായി. 

Advertisment

ടൗൺഷിപ്പിന്റെ ഉദ്ഘാടനവും ഗുണഭോക്താക്കൾക്കുള്ള പട്ടയ വിതരണവും ഫെബ്രുവരി 25-ന് വൈകുന്നേരം 4 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഇത് വെറുമൊരു ഉദ്ഘാടനമല്ല, നാടിന്റെ അതിജീവനത്തിന്റെ പ്രഖ്യാപനമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ആകെ 410 വീടുകൾ വിഭാവനം ചെയ്ത പദ്ധതിയുടെ ആദ്യഘട്ടത്തിൽ 178 വീടുകളാണ് പൂർത്തിയായത്. ദുരന്തത്തിൽ വീട് പൂർണ്ണമായും നഷ്ടപ്പെട്ട കുടുംബങ്ങൾക്കാണ് ആദ്യഘട്ടത്തിൽ മുൻഗണന നൽകുന്നത്. 

1000 ചതുരശ്രയടിയിൽ, ഭാവിയിൽ രണ്ടാം നില പണിയാൻ സാധിക്കുന്ന വിധത്തിലുള്ള ശക്തമായ അടിത്തറയോടെയാണ് വീടുകൾ നിർമ്മിച്ചിരിക്കുന്നത്. രണ്ട് കിടപ്പുമുറികൾ, ഹാൾ, അടുക്കള എന്നിവയ്ക്ക് പുറമെ സ്റ്റഡി റൂം, സ്റ്റോർ ഏരിയ തുടങ്ങിയ സൗകര്യങ്ങളും ഓരോ വീടിനുമുണ്ട്.

വീടുകൾക്ക് പുറമെ ആരോഗ്യ കേന്ദ്രം, അങ്കണവാടി, പൊതുമാർക്കറ്റ്, കമ്മ്യൂണിറ്റി സെന്റർ, ലൈബ്രറി, പാർക്കിംഗ് സൗകര്യം തുടങ്ങി ഒരു നഗരത്തിനു വേണ്ട എല്ലാ സംവിധാനങ്ങളും ടൗൺഷിപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 

2025 മാർച്ച് 27-ന് തറക്കല്ലിട്ട പദ്ധതിയുടെ പ്രധാന ഭാഗം ചുരുങ്ങിയ കാലയളവിനുള്ളിൽ പൂർത്തിയാക്കാൻ സാധിച്ചു എന്നത് സർക്കാരിന്റെ വലിയ നേട്ടമായി വിലയിരുത്തപ്പെടുന്നു.

ഫെബ്രുവരി 25-ന് നടക്കുന്ന ചടങ്ങിൽ റവന്യൂ മന്ത്രി കെ. രാജൻ അധ്യക്ഷത വഹിക്കും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, വയനാട് എം.പി. പ്രിയങ്ക ഗാന്ധി, മറ്റ് മന്ത്രിമാർ, ജനപ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിക്കും.

Advertisment