തിരുവനന്തപുരം : വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി രണ്ട് ടൗൺഷിപ്പുകൾ നിർമ്മിക്കും.
ഡിസാസ്റ്റർ മാനേജ്മെന്റ് ആക്ട് പ്രകാരം സർക്കാർ ഏറ്റെടുക്കുന്ന രണ്ട് എസ്റ്റേറ്റ് ഭൂമികളിലായിരിക്കും ദുരന്ത ബാധിതരുടെ പുനരധിവാസം.
കൽപ്പറ്റ പട്ടണത്തിലെ എൽസ്റ്റൺ എസ്റ്റേറ്റിലും മേപ്പാടിയിലെ നെടുമ്പാല എസ്റ്റേറ്റിലുമാണ് ടൗൺഷിപ്പുകൾ നിർമ്മിക്കുക. ഇന്ന് ചേർന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിൽ അവതരിപ്പിച്ച
പുനരധിവാസ പദ്ധതിയുടെ കരടിലാണ് ഈ വിശദാംശങ്ങൾ ഉളളത്. മന്ത്രിമാരുടെ അറിവിലേക്കായാണ് ഇന്ന് മന്ത്രിസഭാ യോഗം ചേർന്ന് പുനരധിവാസ പദ്ധതിയുടെ കരട് അവതരിപ്പിച്ചത്.
ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ കരട് പദ്ധതി യോഗത്തിൽ അവതരിപ്പിച്ചു. ഈ മാസം 26ന് ചേരുന്ന അടുത്ത മന്ത്രിസഭായോഗം ചർച്ച ചെയ്ത് പുനരധിവാസ പദ്ധതിക്ക് അന്തിമ അംഗീകാരം നൽകും.
ഉരുൾപൊട്ടൽ ദുരന്തം ഉണ്ടായി അഞ്ച് മാസമാകുമ്പോഴാണ് ദുരന്തബാധിതർക്കായി പുനരധിവാസ പദ്ധതി തയാറാകുന്നത്. പുനരധിവാസം വൈകുന്നതിനെ കുറിച്ച് പലകോണുകളിൽ നിന്നും വിമർശനങ്ങൾ ഉയർന്നിരുന്നു.
കേന്ദ്രസർക്കാരിനെ കുറ്റപ്പെടുത്തിക്കൊണ്ട് ഇരുന്ന് പുനരധിവാസം വൈകിക്കുന്നത് രാഷ്ട്രീയമായി തിരിച്ചടിക്കുമെന്ന് മനസിലാക്കി ആണ് ഇപ്പോൾ തിടുക്കപ്പെട്ട് പദ്ധതി തയാറാക്കിയത്.
കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഗുണഭോക്തൃ പട്ടികയെക്കുറിച്ച് വ്യാപക പരാതിയാണ് ഉയർന്നത്.
എണ്ണത്തിൽ ഇരട്ടിപ്പും അർഹരായ ആളുകൾ ഒഴിവാക്കപ്പെട്ടതും അടക്കമുളള പിഴവുകളാണ് പട്ടികയെ വിവാദത്തിലാക്കിയത്.
ഇതെല്ലാം സാങ്കേതിക പിഴവുകൾ മാത്രമാണെന്നാണ് സർക്കാരിൻെറ വിശദീകരണം. പട്ടികയിലെ പിഴവുകൾ തിരുത്താൻ റവന്യുവകുപ്പ് നിർദ്ദേശം നൽകി പട്ടിക സംബന്ധിച്ച പരാതികൾ സമർപ്പിക്കാൻ 15 ദിവസത്തെ സമയവും അനുവദിച്ചിട്ടുണ്ട്.
വയനാട് പുനരധിവാസ പദ്ധതിയുടെ അവതരണത്തിന് വേണ്ടി ചേർന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിൽ വീടുകളുടെ ഡിസൈൻ അടക്കമുളള കാര്യങ്ങളാണ് ചീഫ് സെക്രട്ടറി അവതരിപ്പിച്ചത്.
കിഫ്ബി തയാറാക്കിയ ഡിസൈനാണ് അവതരിപ്പിചത്. ദുരന്ത ബാധിതരെ പുനരധിവസിപ്പിക്കാൻ നിർമ്മിക്കുന്ന രണ്ട് ടൌൺഷിപ്പുകളുടെയും നിർമ്മാണം ഒറ്റഘട്ടമായി പൂർത്തിയാക്കും.
1000 സ്ക്വയർ ഫീറ്റ് വിസ്തീർണമുളള ഒരുനില വീടുകളാണ് നിർമ്മിച്ച് നൽകുക. ഭാവിയിൽ മുകളിലത്തെ നില നിർമ്മിക്കാൻ കഴിയുന്നതരത്തിൽ ആയിരിക്കും വീടിൻെറ അടിത്തറ നിർമ്മിക്കുക.
ടൗൺഷിപ്പിൽ വീടുകൾ കൂടാതെ ആശുപത്രി അംഗൻവാടി,പൊതു ഇടം അടക്കമുളള എല്ലാ സൗകര്യങ്ങളും ഉണ്ടാകും. രണ്ട് ടൗൺഷിപ്പുകളുടെയും നിർമ്മാണം പൂർത്തീകരിക്കാൻ 750 കോടി രൂപയാണ് വകയിരുത്തിയരിക്കുന്നത്.
ദുരന്ത ബാധിതരെ സഹായിക്കാൻ വാഗ്ദാനം നൽകിയവരുമായി പദ്ധതിയെപ്പറ്റിചർച്ച നടത്തും. വീടുകൾ വാഗ്ദാനം ചെയ്ത 38 സംഘടനകളുമായി മുഖ്യമന്ത്രി നേരിട്ടാണ് ചർച്ച നടത്തുക.
50 വീടുകൾ മുതൽ വാഗ്ദാനം ചെയ്തവരെ പ്രധാന സ്പോൺസർമാരായി കണക്കാക്കും. കർണാടക സർക്കാർ, മുസ്ളിം ലീഗ് പാർട്ടി, പ്രവാസി വ്യവസായികൾ എന്നിവർ ഈ വിഭാത്തിൽ വരും.
കരട് പദ്ധതി തയാറായെങ്കിലും ടൗൺഷിപ്പ് നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന ഭൂമി ഇപ്പോഴും നിയമക്കുരുക്കിലാണ്. ഭൂമി ഏറ്റെടുക്കുന്നതിന് എതിരെ എസ്റ്റേറ്റ് ഉടമകൾ നൽകിയ ഹർജി കോടതിയുടെ പരിഗണനയിലാണ്.
വിധി പറയാൻ മാറ്റിവെച്ചിരിക്കുന്ന കളിൽ അനുകൂല വിധി ഉണ്ടായില്ലെങ്കിൽ സർക്കാർ വീണ്ടും കുഴയും.