വയനാട് തുരങ്കപാത യാഥാര്‍ഥ്യത്തിലേക്ക്. ഓരോ 300 മീറ്ററിലും ക്രോസ് പാസേജുകള്‍, 8.11 കിലോമീറ്റര്‍ ദൈര്‍ഘ്യം. 60 മാസത്തിനകം പൂര്‍ത്തിയാകുന്ന പദ്ധതിയുടെ ചിലവ് 2,134 കോടി രൂപ. നിര്‍മ്മാണോദ്ഘാടനം നിര്‍വഹിച്ച് മുഖ്യമന്ത്രി

New Update
pinarayi thurangam

കോഴിക്കോട്: സംസ്ഥാനത്തിന്റെ വലിയ സ്വപ്ന പദ്ധതിയായ വയനാട് തുരങ്കപാത യാഥാര്‍ഥ്യത്തിലേക്ക്. ആനക്കാംപൊയില്‍–കള്ളാടി–മേപ്പാടി ഇരട്ട തുരങ്കപാതയുടെ നിര്‍മ്മാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. 

Advertisment

ആനക്കാംപൊയില്‍ സെന്റ് മേരീസ് യു.പി. സ്‌കൂള്‍ മൈതാനത്ത് നടന്ന കല്ലിടല്‍ ചടങ്ങില്‍ മന്ത്രി പി.എ. മുഹമ്മദ് റിയാസ് അധ്യക്ഷനായിരുന്നു. മന്ത്രിമാരായ കെ.എന്‍ ബാലഗോപാല്‍, ഒ.ആര്‍ കേളു, എ.കെ. ശശീന്ദ്രന്‍ തുടങ്ങിയവരും പങ്കെടുത്തു.


വയനാട്–കോഴിക്കോട് മലയോര മേഖലയുടെ സമഗ്ര വികസനത്തിന് വഴിയൊരുക്കുന്ന പദ്ധതി 60 മാസത്തിനകം പൂര്‍ത്തിയാക്കുക എന്നതാണ് ലക്ഷ്യം. ടൂറിസം, കാര്‍ഷികം, വ്യാപാരം എന്നീ മേഖലകളുടെ വളര്‍ച്ചയ്ക്കും പദ്ധതി കാരണമാകുമെന്നാണ് വിലയിരുത്തൽ. 


താമരശേരി ചുരത്തിലെ ഹെയര്‍പിന്‍ വളവുകള്‍ ഒഴിവാക്കി വയനാട്ടിലേക്കുള്ള ഏറ്റവും വേഗതയേറിയ പാതയാകും പദ്ധതി. കിഫ്ബി വഴിയുള്ള 2,134 കോടി രൂപയുടെ ചെലവിലാണ് നിര്‍മാണം. കൊങ്കണ്‍ റെയില്‍വേ കോര്‍പ്പറേഷന്‍ ലിമിറ്റഡ് (KRCL) ആണ് നിര്‍വഹണ ഏജന്‍സി.

8.11 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഇരട്ട തുരങ്കങ്ങളാണ് പദ്ധതിയുടെ പ്രധാന ഘടകം. നാല് വരി ഗതാഗതത്തിനായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന തുരങ്കങ്ങളില്‍ ആധുനിക സുരക്ഷാ സംവിധാനങ്ങള്‍ ഉള്‍പ്പെടുത്തും. 


ടണല്‍ വെന്റിലേഷന്‍, അഗ്‌നിശമന സംവിധാനം, ടണല്‍ റേഡിയോ സിസ്റ്റം, ടെലിഫോണ്‍ സിസ്റ്റം, ശബ്ദ സംവിധാനം, എസ്‌കേപ്പ് റൂട്ട് ലൈറ്റിങ്, ട്രാഫിക് ലൈറ്റ്, സിസിടിവി, എമര്‍ജന്‍സി കോള്‍ സിസ്റ്റം എന്നിവ സ്ഥാപിക്കും. 


അമിത ഉയരമുള്ള വാഹനങ്ങള്‍ കണ്ടെത്തി മുന്നറിയിപ്പ് നല്‍കുന്ന സംവിധാനവും ഉണ്ടായിരിക്കും. ഓരോ 300 മീറ്ററിലും ക്രോസ് പാസേജുകള്‍ ഒരുക്കും.

ഇരുവഴിഞ്ഞിപ്പുഴയില്‍ പാലങ്ങള്‍, കലുങ്കുകള്‍, അടിപ്പാത, സര്‍വീസ് റോഡ് എന്നിവയും പദ്ധതിയുടെ ഭാഗമായുണ്ടാകും. പാരിസ്ഥിതിക അനുമതികള്‍ ഉള്‍പ്പെടെ പൂര്‍ത്തിയാക്കിയ ശേഷമാണ് ടെന്‍ഡറിലേക്ക് കടന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.

Advertisment