ഗോത്ര ജീവിതവും സംസ്കാരവും പ്രതിഫലിപ്പിച്ച് 'വയനാട് വൈബ്സ്'; മെഗാ സംഗീത-സാംസ്കാരിക പരിപാടി മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു

New Update
Wayanad Vibes
കോഴിക്കോട്: വയനാടിന്‍റെ പെരുമയും തനിമയും ലോകത്തോട് വിളംബരം ചെയ്യുന്ന സംഗീതവിരുന്നൊരുക്കി ടൂറിസം വകുപ്പ്. മാനന്തവാടി വള്ളിയൂര്‍കാവ് ഗ്രൗണ്ടില്‍ സംഘടിപ്പിച്ച 'വയനാട് വൈബ്സ്' എന്ന സംഗീത പരിപാടിയാണ് വയനാടിന്‍റെ തനത് കലയും താളവും പ്രമുഖ കലാകാരന്‍മാരുടെ സംഗീതപ്രകടനവും കൊണ്ട് ആസ്വാദകര്‍ക്ക് നവ്യനുഭവമായി മാറിയത്.

ടൂറിസം പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് പരിപാടി ഉദ്ഘാടനം ചെയ്തു. പട്ടികജാതി പട്ടികവര്‍ഗ മന്ത്രി ഒ.ആര്‍ കേളു അധ്യക്ഷത വഹിച്ചു.


വയനാടിന്‍റെ ടൂറിസം മികവ് ലോകത്തിന് മുന്നില്‍ പ്രദര്‍ശിപ്പിക്കുന്നതിനായി സര്‍ക്കാര്‍ പ്രത്യേക മാര്‍ക്കറ്റിംഗ് കാമ്പയിനുകളും പദ്ധതികളും ആവിഷ്കരിച്ചിട്ടുണ്ടെന്ന് മന്ത്രി റിയാസ് പറഞ്ഞു. വിനോദസഞ്ചാരികളുടെ വരവില്‍ എക്കാലത്തെയും മികച്ച റെക്കോര്‍ഡ് സൃഷ്ടിക്കാന്‍ കഴിഞ്ഞ വര്‍ഷം വയനാടിനായി.
ഹോസ്പിറ്റാലിറ്റി മേഖല മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായി സംസ്ഥാനത്തുടനീളമുള്ള സര്‍ക്കാര്‍ അതിഥി മന്ദിരങ്ങള്‍ നവീകരിച്ചിട്ടുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. പിഡബ്ല്യുഡി റസ്റ്റ് ഹൗസുകളില്‍ നിന്നുള്ള ഓണ്‍ലൈന്‍ ബുക്കിംഗിലൂടെ 25 കോടി രൂപയുടെ അധിക വരുമാനം നേടാനായി. 'വയനാട് വൈബ്സ്' ജില്ലയുടെ തനത് സംസ്കാരവും കലാ, സംഗീത പാരമ്പരവും ലോകത്തിന് മുന്നില്‍ എത്തിക്കും. വയനാട്ടിലെ ടൂറിസം പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായി വര്‍ഷം തോറും 'വയനാട് വൈബ്സ്' മാതൃകയിലുള്ള പരിപാടി നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


സംഗീത പരിപാടിക്ക് മുമ്പ് ഡ്രമ്മര്‍ ശിവമണി, കീബോര്‍ഡിസ്റ്റ് സ്റ്റീഫന്‍ ദേവസ്സി, പിന്നണി ഗായകരായ ഹരിചരണ്‍, ശിഖ പ്രഭാകരന്‍ എന്നിവരെ മന്ത്രി ആദരിച്ചു.


വയനാടിനായി സര്‍ക്കാര്‍ വിഭാവനം ചെയ്ത ടൂറിസം സംരംഭങ്ങളെ പുനരുജ്ജീവിപ്പിക്കാനും പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിടുന്നുവെന്ന് മന്ത്രി ഒ.ആര്‍ കേളു പറഞ്ഞു. വയനാടിന്‍റെ ടൂറിസം പ്രവര്‍ത്തനങ്ങളെക്കുറിച്ച് വലിയൊരു സന്ദേശം നല്‍കുന്നതാണ് ഈ പരിപാടിയെന്നും  അദ്ദേഹം ചൂണ്ടിക്കാട്ടി.

മാനന്തവാടി നഗരസഭ അധ്യക്ഷ സി.കെ രത്നവല്ലി, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ജസ്റ്റിന്‍ ബേബി, കൗണ്‍സിലര്‍ കെ.സി സുനില്‍കുമാര്‍, ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ, ടൂറിസം വകുപ്പ് ജോയിന്‍റ് ഡയറക്ടര്‍ ഡി. ഗിരീഷ് കുമാര്‍ എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.


പ്രശസ്ത ഡ്രമ്മര്‍ ശിവമണിയും കീബോര്‍ഡിസ്റ്റ് സ്റ്റീഫന്‍ ദേവസിയും ഒരുക്കുന്ന താളവാദ്യ പ്രകടനമായിരുന്നു 'വയനാട് വൈബ്സി'ലെ മുഖ്യ ആകര്‍ഷണം. പതിഞ്ഞ താളത്തില്‍ തുടങ്ങി കൊട്ടിക്കയറിയ വാദ്യസംഗീതത്തിന്‍റെ മേളക്കൊഴുപ്പിനാണ് ശിവമണിയുടെയും സ്റ്റീഫന്‍ ദേവസിയുടെയും പ്രകടനത്തിലൂടെ സാക്ഷ്യം വഹിച്ചത്. ഈ അവതരണത്തില്‍ ആട്ടം കലാവേദിയുടെ 25 ശിങ്കാരിമേളക്കാരും പങ്കെടുത്തു. കാണികളെ കൂടി പങ്കാളികളാക്കി കൊണ്ടുള്ളതായിരുന്നു ഈ തത്സമയ താളവാദ്യ പ്രകടനം.


വയനാടിന്‍റെ തനത് താളവും ലയവും ഗോത്രസംസ്കൃതിയും സംഗമിക്കുന്ന 'തുടിത്താളം' കലാസംഘം അവതരിപ്പിച്ച പരിപാടിയോടെയാണ് വയനാട് വൈബ്സിന് തുടക്കമായത്. ഇരുപതോളം കലാകാരന്‍മാര്‍ പങ്കെടുത്ത ഈ പരിപാടിയില്‍ വയനാടിന്‍റെ തനത് സംസ്കൃതിയെ പാട്ടുകളായും ചുവടുകളായും അവതരിപ്പിച്ചു.

തുടര്‍ന്ന് കാണികളെ മേളപ്പെരുക്കത്തിന്‍റെ ആവേശത്തിലാറാടിച്ച് ചെണ്ടമേളം പെയ്തിറങ്ങി. പ്രശസ്ത പിന്നണി ഗായകന്‍ ഹരിചരണിന്‍റ നേതൃത്വത്തില്‍ ലൈവ് കണ്‍സേര്‍ട്ട് തുടര്‍ന്ന് അരങ്ങേറി. സ്റ്റാര്‍ സിങ്ങര്‍ ഫെയിം  ശിഖ പ്രഭാകരനും ഒത്തുചേര്‍ന്ന ഈ പരിപാടി സംഗീത പ്രേമികള്‍ക്ക് പുത്തന്‍ അനുഭവം പകരുന്നതായിരുന്നു.
Advertisment