/sathyam/media/media_files/2025/02/04/ZEIMStsKVlUZ0nriDibs.jpg)
മാനന്തവാടി: ദിവസങ്ങളുടെ മാത്രം ഇടവേളയില്‍ വയനാട്ടില്‍ വീണ്ടും കടുവ സാന്നിധ്യം. പേര്യക്കടുത്ത വരയാല്‍ ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലെ കണ്ണോത്ത്മല, 44-ാം മൈല്‍, കമ്പിപ്പാലം, തലപ്പുഴ എന്നിവിടങ്ങളിലെ ജനവാസ പ്രദേശങ്ങളിലാണ് കടുവയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തിയിരിക്കുന്നത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് വനംവകുപ്പ് പ്രദേശത്ത് പരിശോധന നടത്തി.
കണ്ണോത്ത് മല, കമ്പിപ്പാലം തുടങ്ങിയ പ്രദേശങ്ങള്‍ വനത്താല്‍ ചുറ്റപ്പെട്ടു കിടക്കുകയാണ്. വനത്തിന് സമീപത്തെ ജനവാസ പ്രദേശങ്ങളിലാണ് കടുവയുടേത് എന്ന് കരുതുന്ന കാല്‍പ്പാടുകള്‍ കണ്ടെത്തിയിരിക്കുന്നത്.
രാവിലെ പത്ത് മണിക്ക് കമ്പിപ്പാലം ഭാഗത്ത് പുല്ല് വെട്ടാന്‍ പോയവര്‍ പുഴയുടെ സമീപം കടുവയെ കണ്ടുവെന്നെ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സ്ഥലത്ത് മാനന്തവാടി ആര്‍ ആര്‍ ടി , പേര്യ, ബെഗൂര്‍ റേഞ്ചുകളിലെ മുപ്പതോളം വനപാലകര്‍ എന്നിവര്‍ ചേര്‍ന്ന് പരിശോധന നടത്തി.
ഉദ്യോഗസ്ഥര്‍ കാല്‍പ്പാടുകള്‍ കണ്ടെത്തിയ പ്രദേശങ്ങളില്‍ ക്യാമ്പ് ചെയ്ത് പരിശോധന തുടരുകയാണ്. പ്രദേശത്ത് 14 ക്യാമറ ട്രാപ്പുകളും രണ്ട് ലൈവ് ക്യാമറകളും സ്ഥാപിച്ചു. ഡ്രോണ്‍ ഉപയോഗിച്ച് വനഭാഗങ്ങളില്‍ നിരീക്ഷണം നടത്തുന്നുമുണ്ട്.
ഇതിനുപുറമെ വനം വകുപ്പിന്റെ വാഹനങ്ങളില്‍ രാത്രി പട്രോളിങ്ങും നടത്തും. ജനങ്ങള്‍ പരിഭ്രാന്തരാകാതെ സഹകരിക്കണമെന്നും രാത്രി ഒറ്റയ്ക്കുള്ള യാത്രകള്‍ കഴിവതും ഒഴിവാക്കണമെന്നും വനംവകുപ്പ് അറിയിച്ചു. പുല്‍പ്പള്ളിയിലടക്കം ചിലയുടെ വിവിധ ഭാഗങ്ങളില്‍ ഇതിനകം തന്നെ കടുവാ സാന്നിധ്യം ഉണ്ടായതായി വനം വകുപ്പ് സ്ഥിരീകരിച്ചിരുന്നു.