/sathyam/media/media_files/2024/12/23/bM6h8FFLafgsBw32jJX9.jpeg)
വൈത്തിരി: ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതരായ മനുഷ്യര്‍ക്ക് പുറമെ കന്നുകാലി, വളര്‍ത്തുമൃഗങ്ങള്‍ എന്നിവയെ പുനരധിവസിപ്പിക്കുന്ന തരത്തില്‍ സമാനതകളില്ലാത്ത ദൗത്യമാണ് സര്‍ക്കാര്‍ ജില്ലയില്‍ നടപ്പിലാക്കുന്നതെന്ന് ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു.
പൂക്കോട് വെറ്ററിനറി കോളേജില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര ലൈവ്‌സ്റ്റോക്ക് കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
'മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളിലുണ്ടായ ദുരന്തം ക്ഷീര കാര്‍ഷിക മേഖലയ്ക്കും കനത്ത നഷ്ടമാണ് ഉണ്ടാക്കിയത്.
നിസഹായരായ മനുഷ്യരും നിരവധി വളര്‍ത്തുമൃഗങ്ങളും ഉള്‍പ്പെടുന്ന ജൈവവൈവിധ്യമാണ് നമുക്ക് നഷ്ടമായത്. ഈ പ്രദേശങ്ങളുടെ പുനരധിവാസമാണ് സര്‍ക്കാരിന്റെ പ്രഥമ ലക്ഷ്യം.
ക്ഷീര കാര്‍ഷിക മേഖലയ്ക്ക് നഷ്ടം
വയനാടിന് പ്രത്യേക പരിഗണ നല്‍കിയുള്ള പ്രവര്‍ത്തനങ്ങള്‍ ധ്രുതഗതിയില്‍ നടന്നുവരുന്നു.
ഇതിന്റെയെല്ലാം പശ്ചാത്തലത്തില്‍, പൂക്കോട് വെറ്ററിനറി കോളേജില്‍ നടക്കുന്ന അന്താരാഷ്ട്ര ലൈവ്‌സ്റ്റോക്ക് കോണ്‍ക്ലേവിന് അതീവ പ്രാധാന്യമുണ്ട്.
പത്ത് ദിവസങ്ങളിലായി നടക്കുന്ന കോണ്‍ക്ലേവില്‍ ക്ഷീര കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട നിരവധി പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യുകയും സാധ്യമായ പ്രതിവിധികള്‍ നടപ്പിലാക്കുകയും ചെയ്യും.
ക്ഷീര കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട സംരംഭകത്വ വികസന പരിപാടികളും കോണ്‍ക്ലേവിന്റെ ഭാഗമായി നടക്കും.'- മന്ത്രി പറഞ്ഞു.
ദുരന്ത മേഖലയുടെ പുനരധിവാസവുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച സമഗ്ര പാക്കേജിന് കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്നും അനുഭാവ പൂര്‍ണമായ സമീപനമാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കേരള വെറ്ററിനറി ആന്റ് അനിമല്‍ സയന്‍സ് യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ പ്രൊഫ. ഡോ. അനില്‍ കെ എസ് അധ്യക്ഷത വഹിച്ചു.
സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെ അക്കാദമിക മികവിന്റെ അടിസ്ഥാനത്തില്‍ നിര്‍ണയിക്കുന്ന കേരള ഇന്‍സ്റ്റിറ്റിയുഷണല്‍ റാങ്കിംഗ് ഫ്രെയിംവര്‍ക്കില്‍ വെറ്ററിനറി സര്‍വകലാശാലയ്ക്ക് നാലാം സ്ഥാനം കരസ്ഥമാക്കാന്‍ സാധിച്ചതായി പ്രൊഫ. ഡോ. അനില്‍ കെ എസ് പറഞ്ഞു.
അഗ്രികള്‍ച്ചറല്‍ ആന്റ് അലൈഡ് കോളേജ് വിഭാഗത്തില്‍ ആദ്യ രണ്ടു സ്ഥാനങ്ങളും പൂക്കോടിലെയും തൃശൂര്‍ മണ്ണുത്തിയിലെയും വെറ്ററിനറി കോളജുകള്‍ക്കാണ് ലഭിച്ചിട്ടുള്ളത്.
പൂക്കോട് വെറ്ററിനറി കോളേജ് സംരംഭക വിഭാഗം ഡയറക്ടര്‍ പ്രൊഫ. ഡോ. ടി എസ് രാജീവ് കോണ്‍ക്ലേവിന്റെ പദ്ധതി വിശദീകരണം നടത്തി.
കോളേജ് രജിസ്ട്രാര്‍ പ്രൊഫ. പി സുധീര്‍ ബാബു, ഡീന്‍ ഡോ. മായ എസ്, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. രാജേഷ്, വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജേഷ് എം വി, വെറ്ററിനറി സര്‍വകലാശാല ഫിനാന്‍സ് ഓഫീസര്‍ ദിനേശന്‍ എ കെ, സര്‍വകലാശാല മാനേജ്മന്റ് കൗണ്‍സില്‍ അംഗങ്ങളായ ഡോ. ബിബിന്‍ കെ സി, ഡോ. ദിനേശ് പി ടി, സന്തോഷ് സി ആര്‍, അഭിരാം പി തുടങ്ങിയവര്‍ പങ്കെടുത്തു.