/sathyam/media/media_files/2025/12/24/pinarayi-2025-12-24-18-52-25.png)
തിരുവനന്തപുരം: വയനാട് മുണ്ടക്കൈ- ചൂരല്‍മല ദുരന്തബാധിതരുടെ പുനരധിവാസത്തിനായി ഒരുക്കുന്ന വീടുകളുടെ നിര്‍മാണം ദ്രുതഗതിയില്‍ പൂര്‍ത്തിയാകുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍.
ആദ്യഘട്ടമെന്ന നിലയില്‍ വീടുകള്‍ ഫെബ്രുവരിയില്‍ കൈമാറുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിന് കല്‍പ്പറ്റ ബൈപ്പാസിന് സമീപം ഏറ്റെടുത്ത എല്‍സ്റ്റണ്‍ എസ്റ്റേറ്റ് ഭൂമിയിലാണ് ടൗണ്‍ഷിപ്പ് നിര്‍മ്മാണം ദ്രുതഗതിയില്‍ പുരോഗമിക്കുന്നത്.
മുണ്ടക്കൈ ചൂരല്‍മല ദുരന്തത്തിന്റെ നടുക്കത്തിലാണ് 2025ലേക്ക് കേരളം കടന്നത്. ലോകമെമ്പാടുമുള്ള മലയാളികള്‍ ഒറ്റ മനസ്സോടെയാണ് ദുരന്തബാധിതരോട് ചേര്‍ന്നു നിന്നത്.
2026ലേക്ക് കടക്കുമ്പോള്‍ ആ ജനതയെ ചേര്‍ത്തുപിടിച്ച് അവര്‍ക്ക് ഏറ്റവും നല്ലനിലയില്‍ വാസസ്ഥലങ്ങള്‍ ഒരുക്കാന്‍ കഴിയുന്നതിന്റെ ചാരിതാര്‍ഥ്യമുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
410 വീടുകളും അനുബന്ധ സൗകര്യങ്ങളും ഉള്‍ക്കൊള്ളുന്നതാണ് ടൗണ്‍ഷിപ്പ്. പ്രകൃതി ദുരന്തങ്ങളെ പ്രതിരോധിക്കുന്ന തരത്തില്‍ അത്യാധുനിക സൗകര്യങ്ങളോടെ പ്രകൃതിയോട് ഇണങ്ങുന്ന രീതിയില്‍ 35 ക്ലസ്റ്ററുകളിലായാണ് ടൗണ്‍ഷിപ്പ് വിഭാവനം ചെയ്തിരിക്കുന്നത്.
ഓരോ ക്ലസ്റ്ററിലും കുട്ടികള്‍ക്ക് കളിക്കുന്നതിനും മുതിര്‍ന്നവര്‍ക്ക് ഒത്തുകൂടുന്നതിനും ആവശ്യമായ പൊതു ഇടങ്ങളുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us