Advertisment

വയനാട്ടില്‍ ഉരുള്‍ പൊട്ടല്‍. സഹായങ്ങള്‍ വാഗ്ദാനം ചെയ്തവര്‍ക്ക് പറച്ചില്‍ മാത്രം പോരാ. സര്‍ക്കാരുമായി കരാര്‍ ഒപ്പിടേണ്ടി വരും. കരുതലോടെ നീങ്ങാന്‍ സര്‍ക്കാര്‍ തീരുമാനം

സഹായ വാഗ്ദാനത്തില്‍ ഉറച്ച് നില്‍ക്കുന്നുണ്ടെങ്കില്‍ സര്‍ക്കാരുമായി കരാര്‍ ഒപ്പിടേണ്ടി വരും.

New Update
2018 പ്രളയ പുനരധിവാസ പദ്ധതി സമാപന പ്രഖ്യാപനവും, പനമരം പീപ്പിൾസ് വില്ലേജ് ഉദ്ഘാടനവും

തിരുവനന്തപുരം :വയനാട്ടില്‍ ഉരുള്‍ പൊട്ടല്‍ ദുരന്തത്തിന് ഇരയായവര്‍ക്ക് വീടുവെച്ച് നല്‍കാമെന്നത് അടക്കമുളള സഹായങ്ങള്‍ വാഗ്ദാനം ചെയ്തവര്‍ക്ക് വെറുതെ അങ്ങ് പോകാനാവില്ല. സഹായ വാഗ്ദാനത്തില്‍ ഉറച്ച് നില്‍ക്കുന്നുണ്ടെങ്കില്‍ സര്‍ക്കാരുമായി കരാര്‍ ഒപ്പിടേണ്ടി വരും.

Advertisment

വാഗ്ദാനം നിറവേറ്റുമെന്ന് ഉറപ്പാക്കുന്നതിന് വേണ്ടിയാണ് സര്‍ക്കാര്‍ കരാറില്‍ ഏര്‍പ്പെടണമെന്ന വ്യവസ്ഥ വെയ്ക്കുന്നത്. 100ല്‍ താഴെ വീടുകള്‍ സ്‌പോണ്‍സര്‍ ചെയ്തവരുമായി നടത്തിയ ചര്‍ച്ചയില്‍ മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയുമാണ് ഇക്കാര്യം അറിയിച്ചത്. 



വീടുകള്‍ നിര്‍മ്മിച്ച് നല്‍കുമെന്ന് വാഗ്ദാനം ചെയ്തവര്‍ സര്‍ക്കാരുമായി ത്രികക്ഷി കരാറിലാണ് ഏര്‍പ്പെടേണ്ടി വരിക. സര്‍ക്കാരിന് വേണ്ടി ദുരന്ത നിവാരണ അതോറിറ്റിയാണ് കരാറില്‍ ഒപ്പിടുന്നത്. 


ദുരന്തനിവാരണ അതോറിറ്റിയും സ്‌പോണ്‍സറും സര്‍ക്കാര്‍ നിര്‍മ്മാണത്തിന് വേണ്ടിനിയോഗിച്ചിട്ടുളള കോണ്‍ട്രാക്ടര്‍മാരും കരാറിന്റെ ഭാഗം ആയിരിക്കും. ത്രികക്ഷി കരാറില്‍ പറയുന്ന തുകയായിരിക്കും സ്‌പോണ്‍സര്‍ ചെയ്ത വ്യക്തിയോ സ്ഥാപനങ്ങളാേ സംഘടനകളോ നല്‍കേണ്ടത്.

ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി

കല്‍പ്പറ്റയിലെ എല്‍സ്റ്റണ്‍ എസ്റ്റേറ്റിലും മേപ്പാടിയിലെ നെടുമ്പാല എസ്റ്റേറ്റിലുമാണ് ദുരന്തബാധിതര്‍ക്കായി സര്‍ക്കാര്‍ ടൌണ്‍ഷിപ്പ് നിര്‍മ്മിക്കുന്നത്. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിക്കാണ് നിര്‍മ്മാണ കരാര്‍.


സ്‌പോണ്‍സര്‍മാരും സര്‍ക്കാരുമായി ഒപ്പുവെയ്ക്കുന്ന ത്രികക്ഷി കരാറില്‍ കരാറുകാരനായി ഊരളുങ്കല്‍ സൊസൈറ്റിയായിരിക്കും ഒപ്പുവെക്കുക. കരാര്‍ ലംഘനം ഉണ്ടായാല്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ എന്തൊക്കെയാണെന്നും കരാറില്‍ വ്യക്തമാക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.



പുനരധിവാസ പദ്ധതി ഒരുവര്‍ഷം കൊണ്ട് പൂര്‍ത്തീകരിക്കണമെന്ന ലക്ഷ്യത്തിലാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്.

ഒരുവര്‍ഷം കഴിഞ്ഞാല്‍ നിയമസഭാ തിരഞ്ഞെടുപ്പ് വരുന്നതിനാല്‍ അതിന് മുന്‍പ് വീട് നിര്‍മ്മാണം പൂര്‍ത്തിയാക്കി ദുരന്തബാധിതരെ ടൌണ്‍ഷിപ്പുകളിലേക്ക് മാറ്റണമെന്നാണ് സര്‍ക്കാരിന്റെ താല്‍പര്യം.

 ഇതില്‍ വീഴ്ച വന്നാല്‍ വലിയ ആക്ഷേപങ്ങള്‍ക്ക് ഇടനല്‍കുമെന്ന് മനസിലാക്കിയാണ് കരുതലോടെ നീങ്ങാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

സുതാര്യത ഉറപ്പാക്കും


പുനരധിവാസത്തിന് സഹായം വാഗ്ദാനം ചെയ്തവരുമായി മുഖ്യമന്ത്രി നടത്തിയ ചര്‍ച്ചയില്‍  മറ്റ് ചില തീരുമാനങ്ങള്‍ കൂടി ഉണ്ട്. വാഗ്ദാനം സ്വീകരിച്ച് നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ സുതാര്യത ഉറപ്പാക്കുന്നതിന് വേണ്ടിയുളള തീരുമാനങ്ങളാണ് കൈക്കൊണ്ടിരിക്കുന്നത്.


സ്‌പോണ്‍സര്‍ഷിപ്പുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ച് വെബ്‌പോര്‍ട്ടല്‍ തയ്യാറാക്കും. നിലവിലുള്ള സ്‌പോണ്‍സര്‍മാരുടെ വിവരങ്ങളും ഭാവി സ്‌പോണ്‍സര്‍മാര്‍ക്കുള്ള ഓപ്ഷനുകളും അതില്‍ ലഭ്യമാക്കും. 


ഓരോ സ്‌പോണ്‍സര്‍ക്കും സവിശേഷമായ സ്‌പോണ്‍സര്‍ ഐഡി നല്‍കും. ഓണ്‍ലൈന്‍ പെയ്‌മെന്റ് ഓപ്ഷനും ഉണ്ടാകും.

സ്‌പോണ്‍സര്‍മാര്‍ക്ക് സര്‍ട്ടിഫിക്കറ്റും മറ്റ് അംഗീകാരങ്ങളും നല്‍കും. സ്‌പോണ്‍സര്‍ഷിപ്പ് മാനേജ്‌മെന്റിനായി പ്രത്യേക യൂണിറ്റ് ഉണ്ടാകും.


 ഇതിനുവേണ്ടി ഒരു സ്‌പെഷ്യല്‍ ഓഫീസറെ നിയമിക്കുമെന്നും മുഖ്യമന്ത്രി യോഗത്തെ അറിയിച്ചു. ജില്ലാ ദുരന്തനിവാരണ അതോറിറ്റി പ്രോജക്ട് ഇംപ്‌ളിമെന്റിങ്ങ് യൂണിറ്റിന്റെ പ്രവര്‍ത്തനം അവലോകനം ചെയ്യും.



 മുഖ്യമന്ത്രിതലത്തിലും സെക്രട്ടറിതലത്തിലും ഉള്ള അവലോകനവും ഉറപ്പാക്കും. നിര്‍മ്മാണ പ്രക്രിയകളുടെ ഉപാധികളും നിബന്ധനകളും സമയക്രമങ്ങളും പാലിക്കുന്നു എന്ന് ഉറപ്പാക്കാനും തീരുമാനമുണ്ട്.


വീട് നിര്‍മാണവുമായി ബന്ധപ്പെട്ട ചെലവുകള്‍ വിലയിരുത്തി  പരമാവധി സഹായം നല്‍കുമെന്ന് സ്‌പോണ്‍സര്‍മാര്‍ അറിയിച്ചു.


 

Advertisment