/sathyam/media/media_files/2026/03/06/accident-2026-03-06-16-58-08.jpg)
കോട്ടയം: സംസ്ഥാനത്ത് വര്‍ഷവും നടക്കുന്ന വാഹനാപകടങ്ങളുടെ എണ്ണം ഞെട്ടിക്കന്നുതാണ്. കഴിഞ്ഞ വര്‍ഷം 49889 വാഹനാപകടങ്ങളിലായി 3733 പേര്‍ മരിക്കുകയും 56922 പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു. ഈ വര്‍ഷവും അപകടങ്ങള്‍ക്കു കുറവില്ല. എന്നാല്‍, അപകടങ്ങളില്‍ ശിക്ഷ ലഭിക്കുന്നതും നഷ്ടപരിഹാരം നല്‍കുന്നും അനന്തമായി നീണ്ടുപോവുകയും ചെയ്യുന്നു.
രാജ്യത്തെ വാഹനാപകട കേസുകളുടെ അതിവേഗ പരിഹാരം നല്‍കണമെന്നാണ് 2022ലെ സുപ്രീം കോടതി ഉത്തരവ്. വാഹനാപകടങ്ങളില്‍ എഫ്.ഐ.ആര്‍ ഉടന്‍ രജിസ്റ്റര്‍ ചെയ്ത് പ്രഥമ അപകട റിപ്പോര്‍ട്ട് 48 മണിക്കൂറിനകം നഷ്ടപരിഹാര ട്രിബ്യൂണലിന് കൈമാറണം. വാഹനാപകടക്കേസുകള്‍ കൈകാര്യം ചെയ്യാന്‍ എല്ലാ പോലീസ് സ്റ്റേഷനുകളിലും പ്രത്യേക യൂണിറ്റ് രൂപീകരിക്കണമെന്നും സുപ്രീംകോടതി സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചിരുന്നു. വാഹനാപകടക്കേസുകള്‍ കൈകാര്യം ചെയ്യുന്നതില്‍ പ്രത്യേക പരിശീലനം ലഭിച്ച ഉദ്യോഗസ്ഥര്‍ ഇവിടെ വേണമെന്നും ഉത്തരവുണ്ട്.
അപകടത്തെക്കുറിച്ചുള്ള പ്രാഥമിക റിപ്പോര്‍ട്ട് കിട്ടിയാല്‍ ഉടന്‍ നഷ്ടപരിഹാര ട്രിബ്യൂണല്‍ കേസ് രജിസ്റ്റര്‍ ചെയ്യണം. തുടര്‍ന്ന് ഇടക്കാല റിപ്പോര്‍ട്ട്, വിശദമായ റിപ്പോര്‍ട്ട് എന്നിവയും ഇതോടൊപ്പം ചേര്‍ക്കണം. അന്വേഷണ ഉദ്യോഗസ്ഥന്‍ സ്വീകരിച്ച നടപടികള്‍, അപകടത്തിന്റെ ഇരകള്‍, അവരുടെ നിയമപരമായ പ്രതിനിധികള്‍, ഡ്രൈവര്‍, ഉടമ, ഇന്‍ഷുറന്‍സ് കമ്പനി, ബന്ധപ്പെട്ട മറ്റുള്ളവര്‍ എന്നിവരെ അറിയിക്കണം.
വാഹനാപകടക്കേസുകളില്‍ നഷ്ടപരിഹാരം ലഭിക്കാന്‍ പോലീസ് സ്റ്റേഷനും ട്രൈബ്യൂണലും കോടതിയും കയറിയിറങ്ങുന്നവര്‍ക്ക് ആശ്വാസമായ ഉത്തരവ് ഇന്നും ഫലപ്രദമായി നടപ്പാക്കിയിട്ടില്ല. ക്ലെയിമുകള്‍ നിശ്ചിതസമയത്തിനകം തീര്‍പ്പാക്കാന്‍ സാധിക്കുന്നില്ല. അപകടമുണ്ടായാല്‍ പോലീസും ഇന്‍ഷുറന്‍സ് കമ്പനികളും നഷ്ടപരിഹാര ട്രൈബ്യൂണലുകളും ചെയ്യേണ്ട കാര്യങ്ങളാണ് മാര്‍ഗരേഖയിലുള്ളത്. എന്നാല്‍, ഇന്നും നഷ്ടപരിഹാരം കിട്ടാന്‍ അഞ്ചും പത്തും വര്‍ഷം കഴിയണം.
വാഹനങ്ങളുടെ അമിതവേഗതയാണ് അപകടങ്ങളുടെ മുഖ്യകാരണം അതുകൊണ്ടുതന്നെ ഡ്രൈവര്‍മാരുടെ പിഴവാണ് അപകടങ്ങളുടെ വര്‍ദ്ധനയ്ക്ക് കാരണമെന്നാണു വിലയിരുത്തപ്പെടുന്നത്. അപകടങ്ങളില്‍ പരുക്കേല്‍ക്കുകയും മരണമടയുകയും ചെയ്യുന്നവരിലധികവും ഇരുചക്രവാഹനയാത്രക്കാരും കാല്‍നടയാത്രക്കാരുമാണ്.
മോട്ടോര്‍ വാഹനനിയമ ലംഘനങ്ങള്‍ കര്‍ശനമാക്കിയും സുരക്ഷാസംവിധാനങ്ങളും ബോധവത്കരണവും ഊര്‍ജിതമാക്കിയും അപകടങ്ങള്‍ കുറയ്ക്കാനുള്ള ശ്രമമാണു കേരളപോലീസ് നടത്തുന്നതെന്നു പറയുമ്പോഴും അപകടങ്ങള്‍ കുറയ്ക്കാന്‍ സാധിക്കുന്നില്ല. വാഹനമോടിക്കുന്നവരും കാല്‍നടയാത്രക്കാരും പിഴവുകള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നിദാന്തജാഗ്രത പാലിച്ചാല്‍ മാത്രമേ നമ്മുടെ നിരത്തുകള്‍ വീണ്ടും ചോരക്കളങ്ങള്‍ ആകാതിരിക്കൂ.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us