/sathyam/media/media_files/2025/03/09/K3irTxDESuUZbtjMCSmh.jpg)
കോട്ടയം: ഗവര്‍ണറുടെ അധികാരവും കടമയും എന്തൊക്കെയെന്നു പത്താം ക്ലാസ് സാമൂഹ്യശാസ്ത്രം പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞതോടെ ജനാധിപത്യത്തില്‍ ഗവര്‍ണര്‍മാര്‍ക്ക് എന്തു പ്രസക്തി എന്ന ചോദ്യമാണ് ഉയരുന്നത്..
ജനപ്രതിനിധികളുടെ ഭരണനിര്‍വഹണമാണ് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ സൗന്ദര്യം. ജനങ്ങള്‍ തങ്ങള്‍ക്കുവേണ്ടി തെരഞ്ഞെടുത്തവരാല്‍ ഭരിക്കപ്പെടുന്നു എന്നതാണതിനര്‍ഥം. അവിടെ ഗവര്‍ണര്‍മാരുടെ റോളെന്താണ് എന്ന ചോദ്യം കാലങ്ങളായി ഉയര്‍ന്നു കേള്‍ക്കുന്നതാണ്.
സംസ്ഥാനത്തിന്റെ ഭരണഘടനാ തലവനാണു ഗവര്‍ണര്‍. സംസ്ഥാനത്തെ ജനങ്ങളുടെ ഇച്ഛക്കും ക്ഷേമത്തിനും പ്രാധാന്യം നല്‍കുകയും ഭരണസംവിധാനത്തോട് ചേര്‍ന്നു പ്രവര്‍ത്തിക്കേണ്ടയാള്‍. ഭരണഘടനയിലെ 'സഹായവും ഉപദേശവും' എന്ന വ്യവസ്ഥയാല്‍ ഗവര്‍ണര്‍മാരുടെ പ്രവര്‍ത്തനങ്ങള്‍ വ്യക്തമായി പരിമിതപ്പെടുത്തിയിരിക്കുന്നു.
സംസ്ഥാനത്തിന്റെ എക്‌സിക്യൂട്ടീവ് അധികാരം ഗവര്‍ണറില്‍ നിക്ഷിപ്തമായിരിക്കും, അദ്ദേഹം നേരിട്ടോ അല്ലെങ്കില്‍ ഈ ഭരണഘടന അനുസരിച്ച് അദ്ദേഹത്തിനു കീഴിലുള്ള ഉദ്യോഗസ്ഥര്‍ വഴിയോ അതു പ്രയോഗിക്കേണ്ടതാണ്. ഇന്ത്യന്‍ പൗരനും മുപ്പത്തിയഞ്ച് വയസ് പൂര്‍ത്തിയായ ആരെയും ഗവര്‍ണറായും നിയമിക്കാം.
ആര്‍ട്ടിക്കിള്‍ നൂറ്റി അമ്പത്തി മൂന്നു മുതല്‍ നൂറ്റി അറുപത്തി അഞ്ചു വരെ ആരാണ് ഗവര്‍ണര്‍? എന്താണ് ഗവര്‍ണറുടെ അധികാരം? പദവി? എന്നതിനെക്കുറിച്ചെല്ലാം വിശദമായി പറഞ്ഞിട്ടുണ്ട്. എന്നാല്‍, തങ്ങള്‍ക്കു ലഭ്യമായ വിവേചനാധികാരം ദുരുപയോഗം ചെയ്യരുത് എന്നതാണു മറക്കാന്‍ പാടില്ലാത്ത സുപ്രധാന വിഷയം.
ഭരണഘടനയുടെ 200ാം അനുച്ഛേദ പ്രകാരമാണു ഗവര്‍ണര്‍മാര്‍ തീരുമാനമെടുക്കേണ്ടത്. ഭരണഘടന പോക്കറ്റ് വീറ്റോ അധികാരമോ, സമ്പൂര്‍ണ വീറ്റോ അധികാരമോ ഗവര്‍ണര്‍ക്കു നല്‍കുന്നില്ല. ബില്ലുകള്‍ക്ക് അനുമതി നല്‍കുക, നിഷേധിക്കുക അല്ലെങ്കില്‍ രാഷ്ട്രപതിക്ക് വിടുക എന്നീ നടപടികളാണു ഗവര്‍ണര്‍മാര്‍ക്ക് സ്വീകരിക്കാനാവുക. ഇതില്‍ ആദ്യഘട്ടത്തില്‍ മാത്രമേ ബില്‍ രാഷ്ട്രപതിക്ക് അയക്കാനാവൂ.
ആര്‍ട്ടിക്കിള്‍ 200 പ്രകാരമുള്ള അധികാരങ്ങള്‍ വിനിയോഗിക്കുമ്പോള്‍ ഗവര്‍ണര്‍ മന്ത്രിസഭയുടെ സഹായവും ഉപദേശവും അനുസരിച്ച് പ്രവര്‍ത്തിക്കണം. ബില്ലുകള്‍ വീണ്ടും നിയമസഭ പാസാക്കി അയച്ചാല്‍ ഗവര്‍ണര്‍ക്കു വിവേചനാധികാരവുമുണ്ടാവില്ല. ഗവര്‍ണര്‍ തങ്ങളുടെ അധികാരം ഉപയോഗിച്ചു തെരഞ്ഞെടുക്കപ്പെട്ട ഭരണകൂടങ്ങളുടെ തീരുമാനങ്ങള്‍ നടപ്പാക്കുന്നതില്‍ കാലതാമസം വരുത്തുകയോ, അല്ലെങ്കില്‍ അട്ടിമറിക്കുകയോ ചെയ്യുന്നുവെന്ന് ആരോപണം കേന്ദ്രം ഭരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ എതിര്‍ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഉയര്‍ന്നു കേള്‍ക്കുന്നത് പതിവാണ്.
പലപ്പോഴും തര്‍ക്കങ്ങള്‍ സുപ്രീം കോടതി വരെ ചെന്നെത്തും. കേരള ഗവര്‍ണറായിരുന്ന ആരിഫ് മുഹമ്മദ് ഖാന്‍ സംസ്ഥാന സര്‍ക്കാരുമായി കൊമ്പു കോര്‍ക്കുകയും തുടര്‍ന്ന് പല നാടകീയ സംഭവങ്ങളും മലയാളി കണ്ടിരുന്നു. ഇപ്പോഴിതാ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ ആലേക്കറുമായി സര്‍ക്കാര്‍ മറ്റൊരു പോരാട്ടത്തിനു തുടക്കം കുറിച്ചിരുക്കയാണ്.
കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രത്തെ ചൊല്ലിയാണ് ഇരു വിഭാഗങ്ങളും തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ഇതിനിടെയാണു ഗവര്‍ണര്‍മാരുടെ ഭരണഘടനാ അധികാരങ്ങളെ കുറിച്ച് വിദ്യാര്‍ഥികളെ പഠിപ്പിക്കുന്നതിനായി പരിഷ്‌കരിക്കുന്ന പാഠപുസ്തകങ്ങളില്‍ ഈ കാര്യം പ്രത്യേകം ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
ഈ വര്‍ഷം സാമൂഹ്യശാസ്ത്രം രണ്ടാം വാല്യത്തിലും ഹയര്‍ സെക്കന്‍ഡറി പാഠപുസ്തകങ്ങള്‍ പരിഷ്‌കരിക്കുന്ന വേളയിലും വിഷയം ഉള്‍പ്പെടുത്തുക. എന്നാല്‍, പത്താം ക്ലാസില്‍ പഠിക്കുന്ന കുട്ടികള്‍ ഗവര്‍ണറെ കുറിച്ചു പഠിച്ചിട്ട് എന്തു നേട്ടം ഉണ്ടാകാനാണ് എന്ന ചോദ്യം ഉയരുന്നുണ്ട്. പൗരന്റെ അവകാശം, അഭിപ്രായസ്വാതന്ത്ര്യം തുടങ്ങിയ വിഷയങ്ങള്‍ കുട്ടികള്‍ക്കു പഠിക്കാന്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കില്‍ അവര്‍ക്കു നാളെ നല്ലൊരു പൗരനായി മാറാന്‍ ഉപകരിക്കുമെന്നും ഒരു വിഭാഗം ജനം പറയുന്നു.