/sathyam/media/media_files/2026/01/13/pinarai-vijayan-isha-potty-kn-balagopal-2026-01-13-15-21-47.jpg)
തിരുവനന്തപുരം: കൊട്ടാരക്കരയിൽ കരുത്തനായ ആർ.ബാലകൃഷ്ണപിള്ളയെ അട്ടിമറിച്ചടക്കം മൂന്നുവട്ടം എം.എൽ.എയായ പി.ഐഷാ പോറ്റി കോൺഗ്രസിലെത്തിയത് നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് സിപിഎമ്മിനുള്ള ആദ്യ ഷോക്ക് ട്രീറ്റ്മെന്റായി.
ഇനിയും നിരവധി സിപിഎം നേതാക്കൾ കോൺഗ്രസിലേക്കും യുഡിഎഫിലേക്കും എത്തുമെന്നാണ് വിലയിരുത്തൽ. തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പൂർണമായി പുറത്തുവന്നശേഷം നടന്ന വിഴിഞ്ഞത്തെ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് സിറ്റിംഗ് സീറ്റ് നഷ്ടമായതും ഇതോട് ചേർത്തുവായിക്കണം.
ലോക്ഭവന് മുന്നിലെ സമര വേദിയിൽ പ്രതിപക്ഷ നേതാവ് വിഡി സതീശനാണ് ഐഷാ പോറ്റിക്ക് കോൺഗ്രസ് അംഗത്വം നൽകി അവരെ പാർട്ടിയിലേക്ക് സ്വീകരിച്ചത്.
/filters:format(webp)/sathyam/media/media_files/2026/01/13/isha-potty-joined-in-congress-2-2026-01-13-15-08-03.jpg)
സിപിഎം നേതൃത്വവുമായി ഏറെക്കാലമായി ഇടഞ്ഞു നിൽക്കുന്ന ഐഷാ പോറ്റി, നേരത്തെയും കോൺഗ്രസ് പരിപാടികളുമായി സഹകരിച്ചിരുന്നു. കൊട്ടാരക്കരയിൽ ഉമ്മൻചാണ്ടി അനുസ്മരണ സമ്മേളനത്തിൽ മുഖ്യ പ്രഭാഷകയായി പങ്കെടുത്തു.
ഇതേച്ചൊല്ലി രാഷ്ട്രീയ അഭ്യൂഹങ്ങൾ പ്രചരിച്ചപ്പോൾ സിപിഎമ്മിൽ ഇപ്പോൾ പ്രവർത്തിക്കുന്നില്ലെന്നും പൊതുപ്രവർത്തനം അവസാനിപ്പിക്കുന്നുമില്ലെന്നുമായിരുന്നു പ്രതികരണം.
കൊല്ലത്ത് നടന്ന സിപിഎം സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായുള്ള കീഴ്ഘടക സമ്മേളനങ്ങളിലൊന്നും ജില്ലാ കമ്മിറ്റി അംഗമായിരുന്ന ഐഷാ പോറ്റി പങ്കെടുത്തിരുന്നില്ല.
ആദ്യം ഏരിയ കമ്മിറ്റിയിൽ നിന്നും തുടർന്ന് ജില്ലാ കമ്മിറ്റിയിൽ നിന്നും ഒഴിവാക്കിയെങ്കിലും സംസ്ഥാന സമ്മേളന ശേഷം കൊട്ടാരക്കര ഏരിയ കമ്മിറ്റിയിൽ ഉൾപ്പെടുത്തി.
/filters:format(webp)/sathyam/media/media_files/2026/01/13/isha-potty-joined-in-congress-2026-01-13-15-08-26.jpg)
1991ൽ ആണ് പി.ഐഷാപോറ്റി സിപിഎമ്മിൽ ചേർന്നത്. 2000ൽ കൊല്ലം ജില്ലാ പഞ്ചായത്തംഗമായി, പ്രസിഡന്റായി. 2005ൽ വീണ്ടും ജില്ലാ പഞ്ചായത്തംഗമായി, 2006ൽ മുൻ മന്ത്രിയും കേരളരാഷ്ട്രീയത്തിലെ അതികായനുമായിരുന്ന ആർ ബാലകൃഷ്ണപിള്ളയെ തോൽപ്പിച്ച് നിയമസഭാംഗമായി.
രണ്ട് ടേം എംഎൽഎ ആയശേഷം മൂന്നാമത്തെ ടേം മത്സരിപ്പിക്കേണ്ടെന്ന് പാർട്ടി നേതൃത്വം ആലോചിച്ചതുമുതൽ സ്വരച്ചേർച്ചക്കുറവ് പ്രകടമായിത്തുടങ്ങി. ഒടുവിൽ വിജയ സാദ്ധ്യത കണക്കിലെടുത്ത് 2016ൽ വീണ്ടും സീറ്റ് നൽകി, വിജയിച്ചു. സ്പീക്കർ സ്ഥാനത്തേക്ക് പരിഗണിക്കുമെന്ന് ശ്രുതി പടർന്നുവെങ്കിലും പരിഗണിക്കപ്പെട്ടില്ല.
അടുത്ത തിരഞ്ഞെടുപ്പ് എത്തിയപ്പോൾ സംസ്ഥാന സെക്രട്ടറിയേറ്റംഗമായ കെഎൻ ബാലഗോപാൽ കൊട്ടാരക്കരയിൽ മത്സരിക്കാനെത്തി. നിയമസഭാ സീറ്റ് നഷ്ടപ്പെട്ടുവെങ്കിലും വനിതാ കമ്മീഷനടക്കമുള്ള മറ്റ് ഔദ്യോഗിക സ്ഥാനങ്ങളിലേക്ക് പരിഗണിക്കപ്പെടുമെന്ന് കരുതിയെങ്കിലും ഒന്നുമുണ്ടായില്ല. ആരോഗ്യ പ്രശ്നങ്ങളും അഭിഭാഷക വൃത്തിയിൽ കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കാനുമായി.
/filters:format(webp)/sathyam/media/media_files/2025/04/01/gq8FGfK9tY9DSkHoIzHx.jpg)
പാർട്ടി ചുമതലകളിൽ നിന്നും ഒഴിവാക്കണമെന്ന് നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. ലെവി നൽകിയാണ് എല്ലാ വർഷവും മെമ്പർഷിപ് പുതുക്കേണ്ടത്. പാർട്ടി ലെവി നൽകിയതുമില്ല, മെമ്പർഷിപ് പുതുക്കിയതുമില്ല.
അതോടെ കോൺഗ്രസ് ഐഷാ പോറ്റിയെ സ്വാഗതം ചെയ്തു. ഐഷാപോറ്റിക്ക് മുന്നിൽ കോൺഗ്രസ് വാതിൽ കൊട്ടിയടക്കില്ലെന്ന് കൊടിക്കുന്നിൽ സുരേഷ് എംപിയാണ് ആദ്യം ഓഫർ വച്ചത്. കോൺഗ്രസിലേക്ക് അവർ വരാൻ തീരുമാനിച്ചാൽ, ആഗ്രഹം പ്രകടിപ്പിച്ചാൽ സ്വാഗതം ചെയ്യും.
ഈ വിഷയം നേരത്തേതന്നെ കോൺഗ്രസിന്റെ മണ്ഡലം ക്യാമ്പിൽ ചർച്ച ചെയ്തിട്ടുള്ള വിഷയമാണ്. രാഷ്ട്രീയ പ്രമേയം അവതരിപ്പിച്ച് ചർച്ച ചെയ്തപ്പോൾ ഐഷാപോറ്റി കോൺഗ്രസിലേക്ക് വന്നാൽ സ്വാഗതം ചെയ്യുമെന്ന് തീരുമാനിച്ചതുമാണെന്നും കൊടിക്കുന്നിൽ വ്യക്തമാക്കിയിരുന്നു.
സിപിഎമ്മുമായി ഭിന്നതയുള്ള അയിഷ പോറ്റി പാർട്ടി കമ്മിറ്റികളിൽ പങ്കെടുത്തിരുന്നില്ല. ആരോഗ്യപരമായ കാരണങ്ങളെന്നായിരുന്നു വിശദീകരണം. എന്നാൽ, എംഎൽഎ ആയിരിക്കെ മുൻകൈ എടുത്ത് നടപ്പിലാക്കിയ പദ്ധതികളുടെ ഉദ്‌ഘാടന ചടങ്ങുകളിൽ തന്റെ പേര് പരാമർശിക്കാത്തതാണ് ഭിന്നതയ്‌ക്ക് കാരണമായത്. ഇതോടെയാണ് അയിഷ പോറ്റിയെ സിപിഎം ഏരിയ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കിയത്.
ഇതേത്തുടർന്നാണ് ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് സജീവ രാഷ്ട്രീയം ഉപേക്ഷിക്കുന്നെന്ന് അവർ പ്രഖ്യാപിച്ചത്. ഒന്നും ചെയ്യാനാകാതെ പാർട്ടിയിൽ നിൽക്കാനാവില്ല. ഓടി നടന്ന് ചെയ്യാൻ കഴിയുന്നവർ തുടരട്ടെയെന്നും അയിഷ പോറ്റി പറഞ്ഞിരുന്നു.
/filters:format(webp)/sathyam/media/media_files/2026/01/13/isha-potty-2026-01-13-15-20-26.jpg)
ഉമ്മൻചാണ്ടിയോട് മാപ്പു പറഞ്ഞാണ് ഐഷാ പോറ്റി കോൺഗ്രസിലെത്തിയത്. രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമായി ഉമ്മൻചാണ്ടി സാറിനെ വിമർശിച്ചിട്ടുണ്ടാകാം, അതിനെല്ലാം തുറന്ന മനസോടെ മാപ്പ് ചോദിക്കുന്നുവെന്ന് ഐഷാ പോറ്റി നേരത്തേ ഉമ്മൻചാണ്ടി അനുസ്മരണ സമ്മേളനത്തിൽ പറഞ്ഞിരുന്നു.
ഉമ്മൻചാണ്ടിക്കൊപ്പം മൂന്ന് തവണ എംഎൽഎ ആയി പ്രവർത്തിച്ചയാളാണ് താനും. ജനപ്രതിനിധി എങ്ങിനെ ആയിരിക്കണം എന്ന് കാണിച്ചുതന്നയാളാണ് ഉമ്മൻ ചാണ്ടി. ജന സമ്പർക്ക പരിപാടിയിൽ അദ്ദേഹത്തിന്റെ ഇടപെടീലുകൾ വിസ്മയിപ്പിച്ചിരുന്നു.
എങ്ങിനെ സാധിക്കുന്നുവെന്ന് ചിന്തിച്ചിട്ടുമുണ്ട്. ഏത് ജനപ്രതിനിധിയായാലും മനുഷ്യരോട് സ്നേഹം കാട്ടണമെന്നും പോറ്റി വ്യക്തമാക്കിയിരുന്നു.
2016ൽ നിയമസഭാ തിരഞ്ഞെടുപ്പിൽ കൊല്ലം ജില്ലയിൽ ഏറ്റവും കൂടുതൽ ഭൂരിപക്ഷം നേടി വിജയിച്ചത് കൊട്ടാരക്കരയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി പി. ഐഷാപോറ്റിയായിരുന്നു. തൊട്ടുമുൻപത്തെ തന്റെ തന്നെ ഭൂരിപക്ഷമാണ് ഇരട്ടിയാക്കി 42,632ൽ എത്തിച്ചത്.
2011ൽ 20,592 ആയിരുന്നു ഭൂരിപക്ഷം. ആയിരം കോടി രൂപയുടെ വികസനം കൊട്ടാരക്കരയിൽ നടപ്പാക്കിയതും ഐഷാ പോറ്റിക്ക് തുണയാണ്.
/filters:format(webp)/sathyam/media/media_files/2026/01/13/r-balakrishnapilla-2026-01-13-15-13-29.jpg)
അതികായനായിരുന്ന ആർ ബാലകൃഷ്ണപിള്ളയെ മുട്ടുകുത്തിച്ച് കൊട്ടാരക്കരയിൽ നിന്നും 2006ൽ ഐഷാപോറ്റി നിയമസഭയുടെ പടികയറിയപ്പോൾ ബ്രാഹ്മണ വിഭാഗത്തിൽ നിന്നും ആദ്യമായി നിയമസഭയിലെത്തുന്ന വനിതയെന്ന സവിശേഷതയുമുണ്ടായിരുന്നു.
മതേതരത്വത്തിന്റെ മഹനീയ മാതൃക സൃഷ്ടിച്ച് എപ്പോഴും ചിരിച്ച മുഖവുമായി ഓടിനടന്ന ഐഷാപോറ്റിയെ വികസന നായികയെന്നതിനേക്കാൾ കുടുംബത്തിലൊരാൾ എന്ന് പറയാനാണ് എല്ലാവരും ആഗ്രഹിച്ചത്. ഒന്നര പതിറ്റാണ്ടുകാലം കൊട്ടാരക്കരയുടെ എം.എൽ.എയായിരുന്നു ഐഷാപോറ്റി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us