/sathyam/media/media_files/W7KP77cOI4rXHrWfrrea.jpg)
തിരുവനന്തപുരം: സർക്കാരുമായി നിരന്തരം ഏറ്റുമുട്ടുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ കാലാവധി തീരാൻ ഒരുമാസം കൂടി മാത്രം. ആരിഫിന് കാലാവധി നീട്ടുമോ അതോ പുതിയ ഗവർണറെ നിയോഗിക്കുമോ എന്നാണ് സർക്കാർ ഉറ്റുനോക്കുന്നത്.
കേന്ദ്രസർക്കാരിന്റെ ശുപാർശ പ്രകാരം രാഷ്ട്രപതിയാണ് നിയമനം നടത്തേണ്ടത്. മോദി സർക്കാർ ഗവർണർമാർക്ക് അതത് സംസ്ഥാനങ്ങളിൽ രണ്ടാം ടേം നൽകിയിട്ടില്ല. ഈ നയം ആരിഫ് ഖാന്റെ കാര്യത്തിൽ നടപ്പാക്കുമോ എന്നാണ് ഇനി അറിയേണ്ടത്.
ഗവർണർ ആരിഫ് മുഹമ്മദ്ഖാന്റെ കാലാവധി സെപ്തംബർ ആറിനാണ് കഴിയുന്നത്. കാലാവധി തീർന്നാലും ഗവർണർക്ക് പദവി ഒഴിയേണ്ട കാര്യമില്ല. ഭരണഘടനാ പ്രകാരം അഞ്ചുവർഷ കാലയളവിലേക്കോ അല്ലെങ്കിൽ രാഷ്ട്രപതിയുടെ പ്രീതിയുള്ളടത്തോളമോ ആണ് ഗവർണർക്ക് തുടരാനാവുക.
അതിനാലാണ് കുഴപ്പക്കാരായ ഗവർണർമാരെ അഞ്ചുവർഷ കാലാവധി പൂർത്തിയാക്കും മുൻപുതന്നെ മാറ്റാൻ കേന്ദ്രത്തിന് കഴിയുന്നത്. അതിനാൽ കാലാവധി കഴിഞ്ഞാലും പുതിയ ഗവർണറെ നിയമിക്കും വരെ ആരിഫ് മുഹമ്മദ് ഖാന് തൽസ്ഥാനത്ത് തുടരാനാവും.
യൂണിവേഴ്സിറ്റികളിലെ വൈസ് ചാൻസലർ നിയമനം അടക്കം ആരിഫ് ഖാൻ തുടക്കമിട്ട നിയമപോരാട്ടങ്ങളും നടപടികളും പാതിവഴിയിലാണ്.
ഗവർണർ വി.സി നിയമനത്തിന് ഇറക്കിയ സെർച്ച് കമ്മിറ്റി വിജ്ഞാപനങ്ങൾ ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്. വി.സി നിയമനത്തിന്റെ പേരിൽ സർക്കാരുമായി പോരിലാണ് ഗവർണർ. ഈ സാഹചര്യത്തിൽ അദ്ദേഹത്തെ ഉടൻ പദവിയിൽ നിന്ന് മാറ്റുമോയെന്ന് വ്യക്തമല്ല.
വിവിധ വിഷയങ്ങളിൽ പിണറായി സർക്കാരുമായി ഏറ്റുമുട്ടിയ ഗവർണറുടെ നീക്കങ്ങൾ ദേശീയ ശ്രദ്ധ നേടിയിരുന്നു. നിയമസഭ പാസാക്കിയ ബില്ലുകൾ ഒപ്പിടുന്നില്ലെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന സർക്കാർ ഗവർണർക്കെതിരേ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഇതിനു പിന്നാലെ ബില്ലുകൾ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് ഗവർണർ അയച്ചതും കേരളം സുപ്രീംകോടതിയിൽ ചോദ്യംചെയ്തിട്ടുണ്ട്.
73കാരനായ ആരിഫ് ഖാൻ നേരത്തേ ഉപരാഷ്ട്രപതി സ്ഥാനത്തിനായി ശ്രമിച്ചിരുന്നെങ്കിലും ബംഗാൾ ഗവർണറായിരുന്ന ജഗ്ദീപ് ധൻകറിനാണ് നറുക്ക് വീണത്. 2004ൽ ബി.ജെ.പിയിൽ ചേർന്ന ഖാൻ, പ്രധാനമന്ത്രി നരേന്ദ്ര മോദി യുമായും ഉന്നത ബി.ജെ.പി നേതാക്കളുമായും ഉറ്റബന്ധമുള്ളയാളാണ്.
താൻ പതിറ്റാണ്ടുകളായി ആർ.എസ്.എസാണെന്ന് അദ്ദേഹം തുറന്നുപറഞ്ഞിട്ടുണ്ട്. കേരളത്തിന്റെ 22-ാം ഗവർണറായി 2019 സെപ്തംബർ ആറിനാണ് ഖാൻ ചുമതലയേറ്റത്. ഉത്തർപ്രദേശിലെ ബുലന്ദ്ശഹറാണ് സ്വദേശം. 26-ാംവയസിൽ യുപി നിയമസഭയിലെത്തിയ ഖാൻ ഉത്തർപ്രദേശിലെ പ്രായം കുറഞ്ഞ മന്ത്രിയാണ്.
ഖാന് പകരം കേരളത്തിലേക്ക് ഗവർണറായി ആരെത്തും എന്നതിലും സർക്കാരിന് കടുത്ത ആശങ്കയുണ്ട്. ഉത്തരേന്ത്യയിലെ കടുത്ത സംഘരാഷ്ട്രീയക്കാരെ ആരെയെങ്കിലും കേരളത്തിലേക്ക് നിയോഗിക്കാൻ ഇടയുണ്ടെന്ന് സർക്കാർ വിലയിരുത്തുന്നു.
കേരള സർവകലാശാലയിൽ ബിജെപിയുടെ രണ്ട് സിൻഡിക്കേറ്റംഗങ്ങൾ ജയിക്കാനിടയാക്കിയത് ചാൻസലറായ ഗവർണറുടെ നോമിനേഷൻ കാരണമായിരുന്നു. ജന്മഭൂമി പത്രത്തിന്റെ ലേഖകനെയടക്കം ഗവർണർ സെനറ്റിലേക്ക് നാമനിർദ്ദേശം ചെയ്തിരുന്നു.
സമാനമായി സംസ്ഥാനത്താകെ ബി.ജെ.പിക്ക് അനുകൂല നടപടികളെടുക്കാൻ ഗവർണർക്ക് കഴിയും. അതിനാൽ ആരിഫ് ഖാന് പകരമെത്തുന്നത് ആരാണെന്ന് ആശങ്കയോടെയും ആകാംക്ഷയോടെയും വീക്ഷിക്കുകയാണ് സർക്കാർ.