/sathyam/media/media_files/2026/01/19/vd-satheesan-press-meet-6-2026-01-19-20-11-59.jpg)
കൊച്ചി: വര്‍ഗീയതയ്ക്ക് എതിരായ നിലപാട് എടുത്തതിന്റെ പേരില്‍ ഏത് ആക്രമണങ്ങളെയും ഏത് കുന്തമുനകളെയും നേരിടാന്‍ ഞാന്‍ തയാറാണ്. വര്‍ഗീയതയുമായി ഏറ്റുമുട്ടി തോറ്റ് നിലത്ത് വീണാലും അത് വീരോചിതമായ ചരമമായിരിക്കും. ഒരു ഭയവുമില്ല.
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും നിലപാടാണ് ഞാന്‍ പറഞ്ഞത്. ഞാന്‍ ഒരു കോണ്‍ഗ്രസുകാരന്‍ ആയതുകൊണ്ടാണ് എനിക്ക് അങ്ങനെ പറയാന്‍ സാധിച്ചത്.
കോണ്‍ഗ്രസുകാരനായ ഞാന്‍ കോണ്‍ഗ്രസിന്റെ ആശയമാണ് പങ്കുവയ്ക്കുന്നത് എന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. കേരളത്തിന് വേണ്ടിയാണ് ഞാന്‍ സംസാരിക്കുന്നത്. കേരളത്തെ തകര്‍ക്കാനും ഭിന്നിപ്പിക്കാനും ആര് വന്നാലും ചെറുത്ത് തോല്‍പ്പിക്കുക തന്നെ ചെയ്യും.
ഒന്നിലധികം തവണ പെരുന്നയിലും വെള്ളാപ്പള്ളി നടേശന്റെ കണിച്ചുകുളങ്ങരയിലെ വസതിയിലും പോയിട്ടുണ്ട്. മുഴുവന്‍ സമുദായ നേതാക്കളെയും ഇപ്പോഴും നേരത്തെയും കാണാന്‍ പോകാറുണ്ട് എന്ന് വിഡി സതീശൻ വ്യക്തമാക്കി.
രാഷ്ട്രീയ നേതാക്കള്‍ സമുദായ നേതാക്കളെ കാണുകയും സംസാരിക്കുകയും ചെയ്യണ്ടേ ? കഴിഞ്ഞ തിരഞ്ഞെടുപ്പിന് മുന്‍പ് ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും അഭ്യര്‍ത്ഥിച്ചത് അനുസരിച്ചാണ് പെരുന്നയില്‍ പോയി സുകുമാരന്‍ നായരെ കണ്ടത്. അതില്‍ എന്താണ് കുഴപ്പം ?
പ്രതിപക്ഷനേതാവയതിനു ശേഷം കെസി വേണുഗോപാലിനൊപ്പവും അദ്ദേഹത്തെ സന്ദര്‍ശിച്ചിട്ടുണ്ട്. അദ്ദേഹം സുഖമില്ലാതെ കിടന്നപ്പോള്‍ ആശുപത്രിയിലും കാണാന്‍ പോയിട്ടുണ്ട്. വെള്ളാപ്പള്ളി നടേശനുമായി തിരുവനന്തപുരത്ത് ഒരു കല്യാണത്തിനിടെ ദീര്‍ഘനേരം സംസാരിച്ചിട്ടുമുണ്ട്. വോട്ട് ആരുടെയെങ്കിലും കയ്യില്‍ ഇരിക്കുന്നതാണോ ?
വോട്ട് ജനങ്ങള്‍ നല്‍കുന്നതാണ്. രാഷ്ട്രീയ നേതാക്കളും സ്ഥാനാര്‍ത്ഥികളും എല്ലാ വിഭാഗം ആളുകളോടും വോട്ട് അഭ്യര്‍ത്ഥിക്കും. പഞ്ചായത്തംഗമായും എംഎല്‍എ ആയും എംപിയായും മത്സരിക്കുന്ന സമയത്ത് എല്ലാ വിഭാഗം ആളുകളെയും കാണും. എല്ലാ മതസ്ഥരെയും കാണുകയും സംസാരിക്കുകയും ചെയ്യും.
കാണാന്‍ ചെല്ലുന്നതിനെ തിണ്ണ നിരങ്ങലായാണ് കരുതുന്നതെങ്കില്‍ പോകാതിരിക്കാം. അല്ലാതെ എന്താണ് ചെയ്യാന്‍ പറ്റുന്നത്. ഞാന്‍ ഒരു സംഘടനയെയും തള്ളിപ്പറഞ്ഞിട്ടില്ല. ഒരു സമുദായത്തെയും തള്ളിപ്പറഞ്ഞിട്ടില്ല.
നിലമ്പൂര്‍ തിരഞ്ഞെടുപ്പിലും ഇതേ വിഷയമാണ് ആളിക്കത്തിക്കാന്‍ ശ്രമിച്ചത്. അതിനെ ഞങ്ങള്‍ നേരിട്ടു. സിപിഎം ജയിച്ച സീറ്റ് പതിനോരായിരത്തില്‍ അധികം വോട്ടിനാണ് ഞങ്ങള്‍ വിജയിച്ചത്.
/filters:format(webp)/sathyam/media/media_files/2026/01/19/vd-satheesan-press-meet-7-2026-01-19-20-12-10.jpg)
മുഖ്യമന്ത്രി ജമാഅത്ത് ഇസ്ലാമി എന്നും പറഞ്ഞ് വീണ്ടും ഇറങ്ങിയല്ലോ. ജമാഅത്ത് ഇസ്ലാമിയെ അദ്ദേഹം കണ്ടിട്ടില്ല, അങ്ങനെ ഒരു സംഭവം ഉള്ളത് കേട്ടിട്ടില്ലെന്നും പറഞ്ഞു. അവരുടെ ആസ്ഥാനമായ ഹിറാ സെന്ററില്‍ അമീറുമായി പിണറായി സംസാരിക്കുന്ന ഫോട്ടോ മലപ്പുറത്തെ വാര്‍ത്താസമ്മേളനത്തില്‍ ഞാന്‍ കാണിച്ചല്ലോ.
അദ്ദേഹം ജമാഅത്ത് ഇസ്ലാമിക്ക് അനുകൂലമായി സംസാരിക്കുന്നതിന്റെ വീഡിയോയും കാണിച്ചു. പിറ്റേ ദിവസം ജമാഅത്ത് ഇസ്ലാമിയുമായി ബന്ധമുണ്ടായിരുന്നെന്ന് മുഖ്യമന്ത്രിക്ക് കോട്ടയത്ത് സറണ്ടര്‍ ചെയ്യേണ്ടി വന്നു.
യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ജമാഅത്ത് ഇസ്ലാമി ആഭ്യന്തരം ഭരിക്കുമെന്നാണ് ഇപ്പോള്‍ പറയുന്നത്. എന്താണ് അതിന്റെ അര്‍ത്ഥം ? സാമാന്യബുദ്ധിയുള്ളവര്‍ക്ക് അത് മനസിലാകും.
42 വര്‍ഷം സിപിഎമ്മിനൊപ്പം ജമാഅത്ത് ഇസ്ലാമി ഉണ്ടായിരുന്നപ്പോള്‍ അധികാരം കിട്ടിയ കാലത്തൊക്കെ ആഭ്യന്തര ഭരിച്ചിരുന്നത് ജമാഅത്ത് ഇസ്ലാമിയാണോ എന്നതാണ് എന്റെ മറുചോദ്യം. അങ്ങനെ ആണെങ്കില്‍ ഞങ്ങളും അധികാരത്തില്‍ എത്തുമ്പോള്‍ സൂക്ഷിച്ചോളാം.
ഒരു സമുദായ നേതാക്കളെ കുറിച്ചും മോശമായ ഒരു വാക്കും പറഞ്ഞിട്ടില്ല. പണ്ടും പറഞ്ഞിട്ടില്ല. എന്നെ കുറിച്ച് എന്തെല്ലാം മോശമായ വാക്കുകളാണ് പറഞ്ഞത്. ഞാന്‍ അവരുടെ പ്രായത്തെയും അവര്‍ ഇരിക്കുന്ന സ്ഥാനത്തെയും മാനിച്ചു കൊണ്ട് ഒരു മോശം വാക്കും പറഞ്ഞിട്ടില്ല.
പക്ഷെ ആര് വര്‍ഗീയത പറഞ്ഞാലും അതിനെതിരെ പറയും. എനിക്ക് എന്ത് സംഭവിച്ചാലും പറയും. വ്യക്തിപരമായി നഷ്ടം വന്നാലും ഈ നിലപാടില്‍, ഈ സ്ഥാനത്ത് ഇരിക്കുന്നിടത്തോളം വെള്ളം ചേര്‍ക്കില്ല. ഈ വൃത്തികേട് കണ്ടില്ല, കേട്ടില്ല എന്ന് നടിക്കണോ ?
ജയിച്ചു വന്നവരുടെ മതവും ജാതിയും നോക്കണമെന്നാണ് ഭരണഘടന തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തില്‍ എത്തിയ മന്ത്രി പറഞ്ഞിരിക്കുന്നത്. അതുകേട്ട് മിണ്ടാതിരിക്കുന്നതിലും നല്ലത് വേറെ എന്തെങ്കിലും പണിക്ക് പോകുന്നതാണ്. അതിന് ഞാന്‍ ഇല്ല. എതിര്‍ക്കുക തന്നെ ചെയ്യും.
എന്നേക്കാള്‍ മികച്ച എത്രയോ നേതാക്കള്‍ കോണ്‍ഗ്രസിലുണ്ട്. എന്നെ താരതമ്യം ചെയ്ത് ഏതെങ്കിലും കോണ്‍ഗ്രസ് നേതാക്കളെ പുകഴ്ത്തിയാല്‍ എനിക്ക് സന്തോഷമെയുള്ളൂ. അവരെല്ലാം എന്റെ നേതാക്കളല്ലേ. രമേശ് ചെന്നിത്തലയും എന്റെ നേതാവാണ്. ഞാന്‍ ഒരു കാലത്തും വര്‍ഗീയ നിലപാട് എടുത്തിട്ടില്ല.
എല്ലാ സമുദായ നേതാക്കളെയും കാണാന്‍ പോകാറുണ്ട്. പണ്ട് പറഞ്ഞത് സമുദായ നേതാക്കളോടല്ല, രാഷ്ട്രീയ നേതാക്കളോടാണ് പറഞ്ഞത്. രാഷ്ട്രീയ നേതാക്കള്‍ പരിധി വിട്ട് സമുദായ നേതാക്കളെ ആശ്രയിച്ച കാലത്താണ് അത് പറഞ്ഞത്.
സമുദായ നേതാക്കളെല്ലാം നല്ല ആളുകളാണെന്നും അവര്‍ ഇരിക്കാന്‍ പറയുമ്പോള്‍ ഇരിക്കുകയെ ചെയ്യാവൂ അല്ലാതെ കിടക്കരുതെന്നാണ് പറഞ്ഞത്. ഞാന്‍ ആരുടെ മുന്നിലും കിടക്കില്ല, ഇരിക്കുകയെയുള്ളൂ.
കോണ്‍ഗ്രസിന്റെ നിലപാട് വര്‍ഗീയതയ്ക്ക് എതിരാണ്. രാഹുല്‍ ഗാന്ധി ചെയ്തു കൊണ്ടിരിക്കുന്നതും വര്‍ഗീയതയ്‌ക്കെതിരായ പോരാട്ടമാണ്. അദ്ദേഹം വര്‍ഗീയതയ്‌ക്കെതിരെ പോരാടുമ്പോള്‍ ഞങ്ങള്‍ ഇവിടെ വര്‍ഗീയതയുമായി ഞങ്ങള്‍ സന്ധി ചെയ്താലാണ് കോണ്‍ഗ്രസിന് ദോഷം വരുന്നത്.
ഒരു സാമുദായിക നേതാക്കളുമായും വഴക്കിന് പോകേണ്ടെന്നതാണ് കോണ്‍ഗ്രസ് നിലപാട്. പക്ഷെ ആര് വര്‍ഗീയത പറഞ്ഞ് ഭിന്നിപ്പിക്കാന്‍ ശ്രമിച്ചാലും അത് അനുവദിക്കില്ല എന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us