/sathyam/media/media_files/2025/02/04/aLydkVRDUwo6h7XFPSy8.jpg)
കോഴിക്കോട്: മാലിന്യമുക്തം നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി ജില്ലയില്‍ എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി. ഇതിന്റെ ഭാഗമായി മാര്‍ച്ച് മൂന്നിന് ജില്ലയിലെ 78 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും പരിധിയില്‍ ഒരേ സമയം നടത്തിയ മിന്നല്‍ പരിശോധനയില്‍ 180 നിയമ ലംഘനങ്ങള്‍ കണ്ടെത്തി.
155 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കുകയും 4.013 ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തു. സ്‌കൂളുകള്‍, വ്യാപാര സ്ഥാപനങ്ങള്‍, കൂടുതലായി മാലിന്യം ഉല്‍പ്പാദിപ്പിക്കുന്ന സ്ഥാപനങ്ങള്‍, മാളുകള്‍ തുടങ്ങി 1124 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്.
ജില്ലയില്‍ രൂപീകരിച്ച രണ്ട് ജില്ലാതല എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡുകള്‍, ഇന്റേണല്‍ വിജിലന്‍സ് ഓഫീസര്‍മാര്‍ നയിക്കുന്ന അഞ്ച് സ്‌ക്വാഡുകള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിലുള്ള 111 സ്‌ക്വാഡുകള്‍ എന്നിവയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. പരിശോധന തുടര്‍ദിവസങ്ങളിലും ഉണ്ടാകുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളുടെ വിപണനം, മാലിന്യ സംസ്‌കരണ ഉപാധികളുടെ പ്രവര്‍ത്തനം, മാലിന്യം വലിച്ചെറിയല്‍, കത്തിക്കല്‍ തുടങ്ങിയ കാര്യങ്ങളാണ് പ്രധാനമായും പരിശോധിക്കുന്നത്.
നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളുടെ വിപണനം, മാലിന്യം വലിച്ചെറിയല്‍, മാലിന്യം ഒഴുക്കിവിടല്‍, യഥാവിധി മാലിന്യം നീക്കം ചെയ്യാതിരിക്കല്‍, ഉറവിട മാലിന്യ സംസ്‌കരണത്തിന് സംവിധാനം ഏര്‍പ്പെടുത്താതിരിക്കല്‍ തുടങ്ങിയ നിയമലംഘനങ്ങള്‍ കണ്ടെത്തിയാല്‍ പിഴ ചുമത്തുകയും തുടര്‍ന്ന് പ്രോസിക്യൂഷന്‍ നടപടികളിലേക്ക് കടക്കുകകയും ലൈസന്‍സ് റദ്ദ് ചെയ്യുന്നതുള്‍പ്പെടെയുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കുകയും ചെയ്യും.