/sathyam/media/media_files/z5WocYCD6IlnoIrYd82q.jpg)
വയനാട് : വന്യജീവി സംഘർഷത്തിൽ നിരന്തരം ജീവഹാനി സംഭവിക്കുന്നതിനെ തുടർന്ന് ഭയാശങ്കകൾ കൊണ്ട് നീറിപ്പുകയുന്ന ജില്ല സന്ദർശിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ വരുമോ? രാഹുൽ ഗാന്ധിക്കും പ്രതിപക്ഷ നേതാക്കൾക്കും പിന്നാലെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കൂടി ജില്ലയിലേക്ക് വരുമ്പോൾ ജനങ്ങളിൽ നിന്ന് ഉയരുന്ന ചോദ്യമാണിത്. കാട്ടാനയുടെ ആക്രമണത്തിൽ ഒരു മാസത്തിനിടെ രണ്ട് പേർ മരിച്ചതിനെ തുടർന്ന് ഭയാശങ്കകളോടെയാണ് ജനങ്ങൾ ജീവിക്കുന്നത്. രണ്ട് മരണത്തിലും സർക്കാർ വീഴ്ച വ്യക്തമാണ്.
പ്രതിഷേധം കനത്തതോടെ ജില്ലയുടെ ചുമതല ഉണ്ടായിട്ട് പോലും വനംമന്ത്രി എ.കെ. ശശീന്ദ്രൻ പ്രദേശത്തേക്ക് തിരിഞ്ഞുനോക്കിയിട്ടില്ല. ഈ സാഹചര്യത്തിൽ ആശങ്കയകറ്റി ജനങ്ങൾക്ക് ആശ്വാസം പകരാൻ മുഖ്യമന്ത്രി വരുമോ എന്നാണ് ഉയരുന്ന ചോദ്യം.
നവകേരള മുഖാമുഖം പരിപാടിയ്ക്കായി തൊട്ടടുത്ത ജില്ലയായ കോഴിക്കോട്ട് എത്തിയിട്ടും മുഖ്യമന്ത്രി വയനാട്ടിലേക്ക് പോയില്ല. കോടികൾ ചെലവിട്ട് വാടകയ്ക്ക് എടുത്ത് വെറുതെ ഇട്ടിരിക്കുന്ന ഹെലികോപ്റ്ററിൽ കയറിയെങ്കിലും മുഖ്യമന്ത്രിക്ക് ജില്ലയിൽ എത്താമായിരുന്നു.
കോഴിക്കോട് നിന്ന് മടങ്ങിയ മുഖ്യമന്ത്രി തിങ്കളാഴ്ച മാർത്തോമാ സഭാധ്യക്ഷൻെറ എഴുപത്തിയഞ്ചാം പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കാൻ തിരുവല്ലയിൽ എത്തുന്നുണ്ട്. എന്നിട്ടും രണ്ട് പേരുടെ ജീവഹാനി സംഭവിച്ച വയനാട്ടിലേക്ക് തിരിഞ്ഞു നോക്കാൻ മുഖ്യമന്ത്രി കൂട്ടാക്കിയിട്ടില്ല.
ദുരന്തമുഖങ്ങളിൽ ആശ്വാസം പകരാൻ എത്തുന്നില്ല എന്നത് മുഖ്യമന്ത്രിക്ക് എതിരെ നേരത്തെയുളള വിമർശനമാണ്. ഓഖി ചുഴലിക്കാറ്റിനെ തുടർന്ന് തലസ്ഥാന നഗരത്തിലെ വിഴിഞ്ഞം തീരത്ത് മത്സ്യ തൊഴിലാളികൾ മരിച്ചിട്ടും അവിടേക്ക് പോകാൻ മുഖ്യമന്ത്രി തയാറായില്ല. കേന്ദ്രമന്ത്രി നിർമല സീതാരാമൻെറ സന്ദർശന പരിപാടി അറിഞ്ഞതിന് പിന്നാലെ വിഴിഞ്ഞത്തേക്ക് പോയ മുഖ്യമന്ത്രിക്ക് എതിരെ വൻ പ്രതിഷേധം ഉയർന്നിരുന്നു.
പ്രതിഷേധം കനത്തതോടെ സ്വന്തം കാറിൽ കയറാൻ കഴിയാതിരുന്ന മുഖ്യമന്ത്രിയെ മറ്റൊരു വാഹനത്തിലാണ് പൊലിസ് പുറത്തെത്തിച്ചത്. കാട്ടാനയുടെ ആക്രമണത്തിൽ ജീവഹാനി സംഭവിച്ചതിന് പിന്നാലെ വയനാട്ടിലും കനത്ത പ്രതിഷേധമാണ് ഉയരുന്നത്.വനംമന്ത്രിയെ പോലെ മുഖ്യമന്ത്രിയും പ്രതിഷേധം ഭയന്നാണ് ജില്ലയിലേക്ക് വരാത്തതെന്നാണ് സൂചന.
കാട്ടാനയുടെ ആക്രമണത്തിൽ രണ്ടാമത്തെ മരണവാർത്ത അറിഞ്ഞപ്പോൾ തന്നെ ഗവർണർ വയനാട്ടിലേക്ക് പോകാൻ തയാറായതായിരുന്നു.എന്നാൽ സുരക്ഷ ഒരുക്കുന്നതിനുളള അസൗകര്യങ്ങൾ ചൂണ്ടിക്കാട്ടി പൊലീസ് അനുവദിച്ചില്ല. പ്രദേശത്തെ നിരോധനാജ്ഞ പിൻവലിച്ചതിന് പിന്നാലെയാണ് ഇന്ന് സന്ധ്യയോടെ കണ്ണൂർ വിമാനത്താവളം വഴി വയനാട്ടിലേക്ക് പോയത്.